മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന് സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി (53) വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
സെയ്ഫ് ഗദ്ദാഫിയുടെ അഭിഭാഷകനും രാഷ്ട്രീയ ഉപദേശകനും മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് 136 കിലോമീറ്റര്‍ (85 മൈല്‍) തെക്ക് പടിഞ്ഞാറായി സിന്റാനിലുള്ള വസതിയിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുധധാരികള്‍ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. മുഖം മറച്ച നാല് ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. വീട്ടിലെ സുരക്ഷാ ക്യാമറകള്‍ അക്രമികള്‍ തകര്‍ത്തതായും ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.
സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫിയുടെ കൊലപാതകത്തില്‍ അടിയന്തരവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ട്രിപ്പോളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൈ സ്റ്റേറ്റ് കൗണ്‍സിലിന്റെ മുന്‍ മേധാവി ഖാലിദ് അല്‍-മിഷ്രി ആവശ്യപ്പെട്ടു.
ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും പിതാവിന്റെ വലംകൈയ്യായിട്ടായിരുന്നു ലിബിയയില്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി അറിയപ്പെട്ടിരുന്നത്. ഗദ്ദാഫിയുടെ പതനത്തോടെ, ലിബിയയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സെയ്ഫ് അല്‍ ഇസ്ലാം സിന്താനില് വെച്ച് പിടിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തിരുന്നു. പൊതുമാപ്പിന്റെ ഭാഗമായി 2017-ല്‍ അദ്ദേഹം മോചിപ്പിക്കപ്പെട്ടു, അന്നുമുതല്‍ സിന്താനിലായിരുന്നു താമസം.
1972 ല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ രണ്ടാമത്തെ മകനായിട്ടാണ് സെയ്ഫ് അല്‍ ഇസ്ലാമിന്റെ ജനനം.



