കേരളത്തിൽ നിന്നാണ് ആദായനികുതി സംഘം എത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി സ്ഥലത്ത് റെയ്ഡ് നടന്നിരുന്നു. ജീവനക്കാരുടെയും ഐടി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. ഫൊറൻസിക്, ബാലിസ്റ്റിക് ടീമുകൾ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. സിജെ റോയ്‌യെ ഇന്ന് ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നുവെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു സിജെ റോയ് സ്വയം നിറയൊഴിച്ച് മരിച്ചത്. ഓഫീസിനകത്ത് വെച്ച് സ്വന്തം തൊക്ക് ഉപയോഗിച്ച് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഓഫീസിൽ ആണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
ആദായനികുതി വകുപ്പ് നിരന്തരം റോയിയെ സമ്മർദത്തിലാക്കിയെന്നാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആരോപണം. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ലീഗൽ അഡൈ്വസർ ആരോപിച്ചു. സി.ജെ. റോയിയുടെ സഹോദരനും സമാന ആരോപണവുമായി രംഗത്തെത്തി.
കഴിഞ്ഞ മൂന്നുദിവസമായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബെംഗളൂരു ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നുവരികയാണെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. കൊച്ചിയിൽനിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയിരുന്നത്. കഴിഞ്ഞദിവസം ഇവർ ഒരുമുറിയിൽ നിരവധി രേഖകൾ സീൽചെയ്തുവെച്ചു. റെയ്ഡിന്റെ ആദ്യദിവസങ്ങളിൽ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനായ സി.ജെ. റോയ് സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച അദ്ദേഹം സ്ഥലത്തെത്തിയതോടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യംചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിനിടയിലുള്ള ഇടവേളയിൽ സി.ജെ. റോയ് സ്വന്തം മുറിയിലേക്ക് പോയെന്നും പിന്നാലെ അവിടെനിന്ന് വെടിയൊച്ച കേട്ടെന്നുമാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ മൊഴി. പരിശോധനയ്ക്കിടയിൽ യാതൊരുവിധ സമ്മർദവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും, സിജെ റോയ് കുറച്ചുകാലമായി തങ്ങളുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും നിരീക്ഷണത്തിലായിരുന്നുവെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. വൈകീട്ട് ആറുമണിയോടെ രേഖകളുമായാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽനിന്ന് മടങ്ങിയത്.
ശനിയാഴ്ച ബെംഗളൂരുവിലായിരിക്കും സി.ജെ. റോയിയുടെ സംസ്‌കാരം. റോയിയുടെ കുടുംബം നിലവിൽ വിദേശത്താണുള്ളത്. വെള്ളിയാഴ്ച രാത്രിയോടെ ഇവർ ബെംഗളൂരുവിലേക്ക് തിരിക്കും.



