ദേശീയഗാനത്തിന് തുല്യമായി ‘വന്ദേമാതര’ത്തിനും പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നത് കേന്ദ്രത്തിന്‍റെ പരിഗണനയില്‍

ന്യൂഡല്‍ഹി: ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് നല്‍കുന്ന അതേ ആദരവും പ്രോട്ടോക്കോളും അതേ രീതിയില്‍ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിനും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ചര്‍ച്ചയിലുണ്ടെന്നാണ് സൂചന.

കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയാല്‍ ജനഗണമന’ കേള്‍ക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന അതേ ആദരവ് ഇനി ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിനും നല്‍കേണ്ടി വരും. വന്ദേമാതരത്തിന്റെ രചനയുടെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഈ കാര്യം ഗൗരവമായി ചിന്തിക്കുന്നത്. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കണമോ എന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലവില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

2026-ലെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയം തന്നെ ‘വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍’ എന്നതാണ്. ഈ പശ്ചാത്തലത്തിലാണ് വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ പദവി നല്‍കാനുള്ള നീക്കങ്ങള്‍ സജീവമായത്. നിലവില്‍ വന്ദേമാതരം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിയമപരമായ നിബന്ധനകളില്ല.

‘അമ്മേ, ഞാന്‍ നിന്നെ നമിക്കുന്നു’ എന്നര്‍ത്ഥമുള്ള സംസ്‌കൃത വാക്യമായ ‘വന്ദേമാതരം’ എന്നു തുടങ്ങുന്ന ഗാനത്തില്‍ ദേശീയത, ദേശസ്‌നേഹം, ആത്മീയത, സ്വത്വം എന്നിവ ഉയര്‍ത്തിക്കാട്ടുന്നു. 1950 ല്‍ ഇത് ഒരു ദേശീയ ഗാനമായി സ്വീകരിച്ചു.

1971-ലെ ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയല്‍ നിയമം’ അനുസരിച്ച്‌ ദേശീയ ഗാനത്തെ (ജനഗണമന) അപമാനിക്കുന്നത് കുറ്റകരമാണ്. ഇതിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. എന്നാല്‍ ഈ നിയമം വന്ദേമാതരത്തിന് ബാധകമല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 (എ) അനുസരിച്ച്‌ ദേശീയ ഗാനത്തെ ബഹുമാനിക്കണം എന്നുണ്ടെങ്കിലും ദേശീയ ഗീതത്തെക്കുറിച്ച്‌ വ്യക്തമായ പരാമര്‍ശമില്ല. ആളുകള്‍ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാനും ആവശ്യപ്പെടുന്നില്ല.

ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ‘ആനന്ദ് മഠം’ എന്ന നോവലിലെ ഭാഗമായ വന്ദേമാതരം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ വലിയ ആവേശമാണ് പകര്‍ന്നിരുന്നത്. 1950-ലാണ് ഇതിനെ ദേശീയ ഗീതമായി അംഗീകരിച്ചത്.

യഥാര്‍ത്ഥ വന്ദേമാതരത്തിന് ആറ് ഖണ്ഡങ്ങളുണ്ട്. എന്നാല്‍ നിലവില്‍ ആദ്യത്തെ രണ്ട് ഖണ്ഡങ്ങള്‍ മാത്രമാണ് ദേശീയ ഗീതമായി ആലപിക്കുന്നത്. അതേസമയം, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബംഗാളി സാഹിത്യകാരന്റെ കൃതിക്ക് ഇപ്പോള്‍ ഇത്രയധികം പ്രാധാന്യം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ദേശീയഗാനത്തിന്റെ നിയമങ്ങള്‍ വന്ദേമാതരത്തിനും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും ഹര്‍ജികളും ഫയല്‍ ചെയ്തിട്ടുണ്ട്. വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ പദവി നല്‍കണമെന്നത് ബിജെപിയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങാനും സാധ്യതയുണ്ട്.