ഒരുദിവസം ചക്രവര്‍ത്തി രാജഗുരുവിനോട് ചോദിച്ചു: ഒരു മഹാനായ ഭരണാധികാരിക്ക് മരണശേഷം എന്താണ് സംഭവിക്കുക?
രാജഗുരു പറഞ്ഞു: എനിക്കറിയില്ല. പുച്ഛത്തോടെ രാജാവ് ചോദിച്ചു: ഇതൊന്നും അറിയാതെ താങ്കളെങ്ങിനെ ഗുരുവായി?
അപ്പോള്‍ രാജഗുരു പറഞ്ഞു: ഞാന്‍ മരിച്ച ഗുരുവല്ല.. ജീവിച്ചിരിക്കുന്ന ഗുരുവാണ്.. അധികാരം ആസ്വദിച്ചുതുടങ്ങിയാല്‍ പിന്നെ പദവികള്‍ നല്കുന്ന സവിശേഷാനുകൂല്യങ്ങളിലൂടെ മാത്രമായിരിക്കും യാത്ര. ലഭിച്ച പദവിയിലൂടെ താന്‍ വ്യത്യസ്തനായെന്ന് വരുത്തിതീര്‍ക്കാനുള്ള തീവ്രശ്രമമാണ് പിന്നെ.
അടിസ്ഥാനവശ്യങ്ങളും കര്‍മ്മങ്ങളും എല്ലാവര്ക്കും ഒരു പോലെയാണെന്ന് തിരിച്ചറിവില്ലാത്ത ഭരണാധികാരികള്‍ പ്രജകളുടെ അവകാശങ്ങള്‍ക്ക് മുകളില്‍ തങ്ങളുടെ അതിമോഹങ്ങളുടെ കൊടിനാട്ടും.
സഞ്ചരിക്കുന്ന വാഹനത്തിന്റെ പദവിസൂചക ബോര്‍ഡുകള്‍ സ്ഥാപിച്ചതുകൊണ്ട് വാഹനത്തിന്റെ പ്രവര്‍ത്തന മികവ് കൂടില്ല. തലവന്‍ വരുന്നു എന്നതിന്റെ പേരില്‍ മഴ പെയ്യാതിരിക്കുകയോ വെയില് തെളിയുകയോ ഇല്ല.
സ്വന്തം ജീവിതാവസ്ഥയെ ഏറ്റവും വിനയാന്വിതമായി അഭിമുഖീകരിക്കന്നവരാണ് സിംഹാസനങ്ങള്‍ അലങ്കരിക്കേണ്ടത്. ഒരാള്‍ക്ക് മരണശേഷം എന്ത് സംഭവിക്കുന്നു എന്നത് അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ എന്ത് ചെയ്തു എന്നതിനെ ആശ്രയിച്ചാണ്.
അതിനാൽ ഓരോ നിമിഷത്തിലും നമുക്ക് അതിന് പ്രകാരം ജീവിക്കാന്‍ സാധിക്കട്ടെ.
– ശുഭദിനം.



