ചന്ദ്രനിൽ ഹോട്ടൽ വരുന്നു, ബുക്കിങ് തുടങ്ങി; ആദ്യം നൽകേണ്ടത് 2.2 കോടി രൂപ !

ചന്ദ്രനിൽ ഹോട്ടൽ താമസം ഒരുക്കാൻ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് ഒരു അമേരിക്കൻ സ്റ്റാർട്ടപ്പ്. ഒരാൾക്ക് 2.2 കോടി രൂപ (250,000ഡോളർ) മുതൽ ഒമ്പതു കോടി രൂപ (10 ലക്ഷം ഡോളർ) വരെയാണ് ബുക്കിങ് തുക. ചന്ദ്രനിൽ മനുഷ്യവാസമൊരുക്കുക എന്നത് നാസയുൾപ്പെടെ വിവിധ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമാണ്. 2032-ഓടു കൂടി ചന്ദ്രനിൽ മനുഷ്യരുടെ താമസം ഉറപ്പാക്കാനാണ് ഗാലക്ടിക് റിസോഴ്സ് യൂട്ടിലൈസേഷൻ സ്പേസ് എന്ന സ്റ്റാർട്ടപ്പും (ജി.ആർ.യു. സ്പേസ്) ലക്ഷ്യമിടുന്നത്.

“നമ്മൾ ഇതുവരെ കണ്ടിട്ടുള്ള ബഹിരാകാശ വിനോദസഞ്ചാരമല്ല ഇത്. വെറും പന്ത്രണ്ടുപേർ മാത്രമാണ് ഇതുവരെ ചന്ദ്രനിൽ നടന്നിട്ടുള്ളത്. ഈ ദൗത്യത്തിന്റെ ആദ്യഘട്ടത്തിൽ പങ്കാളികളാകുന്നതിലൂടെ ഭൂമിക്കു പുറത്തുള്ള മനുഷ്യജീവിതത്തിന്റെ അടിത്തറ പാകുന്നതിൽ നിങ്ങളും ഞങ്ങളോടൊപ്പം ചേരുകയാണ്,” കമ്പനി  വ്യക്തമാക്കി.

22 വയസ്സുള്ള സ്കൈലർ ചാൻ കഴിഞ്ഞ വർഷമാണ് സിലിക്കൺ വാലിയിൽ ജി.ആർ.യു. സ്പേസിന് തുടക്കമിട്ടത്. ഭൂമിക്കപ്പുറത്തേക്ക് മനുഷ്യരാശിയുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ചുവടുവെപ്പായാണ് സ്റ്റാർട്ടപ്പ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. ബഹിരാകാശത്ത് മനുഷ്യവാസം ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന ടെക് കോടീശ്വരന്മാരുടെ താത്പര്യങ്ങൾ തന്നെയാണ് ഈ ദൗത്യത്തിന് പിന്നിലും.

യാത്രയുടെ അന്തിമ തുക എത്രയാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് 90 കോടി രൂപയിൽ ( ഒരു കോടി ഡോളർ) അധികമാകാനാണ് സാധ്യതയെന്ന് കമ്പനി സൂചിപ്പിക്കുന്നു. വലിയ ബുക്കിങ് തുകയ്ക്ക് പുറമെ, അപേക്ഷിക്കാൻ 1,000 ഡോളർ തിരിച്ചുലഭിക്കാത്ത ഫീസായി നൽകണം. കൂടാതെ കർശനമായ പശ്ചാത്തല പരിശോധനയ്ക്കും അപേക്ഷകർ വിധേയരാകണം.

“യാത്രയ്ക്കുള്ള നിങ്ങളുടെ ശാരീരികവും സാമ്പത്തികവുമായ ശേഷി പരിശോധിക്കുന്നതിന് വ്യക്തിപരവും വൈദ്യശാസ്ത്രപരവുമായ കൂടുതൽ വിവരങ്ങളും രേഖകളും ആവശ്യമായി വന്നേക്കാം. ഇതിനുള്ള അപേക്ഷാ ഫീസ് 1,000 ഡോളറാണ്,” ജി.ആർ.യു. സ്പേസ് അറിയിച്ചു.

പദ്ധതിയുടെ സമയക്രമം അനുസരിച്ച്, നിർമാണത്തിനാവശ്യമായ ആദ്യ പേലോഡ് 2029-ൽ ചന്ദ്രനിലിറങ്ങും. ചന്ദ്രനിലെ പൊടി ഉപയോഗിച്ച് ഇഷ്ടികകൾ നിർമിക്കാനുള്ള വിദ്യയും കമ്പനി പരീക്ഷിക്കുന്നുണ്ട്. ഹോട്ടൽ നിർമിക്കാനാണ് ഇത് ഉപയോഗിക്കുക; റേഡിയേഷനിൽ നിന്നും കഠിനമായ താപനിലയിൽ നിന്നും ഈ ഇഷ്ടികകൾ ഹോട്ടലിനെ സംരക്ഷിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.