ചുറ്റുമുളളവരുടെ ജീവിതത്തില്‍ സുകൃതങ്ങളുടെ വിത്തുകള്‍ മുളക്കാന്‍ നമുക്കും കാരണമാകാം

അപരിചിതമായ ആ നഗരത്തില്‍ അന്ന് പകല്‍ മുഴുവനും ചുറ്റിക്കറങ്ങി ഹോട്ടലില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ പേഴ്‌സ് നഷ്ടമായ വിവരം അയാള്‍ അറിയുന്നത്.

റിസ്പഷനില്‍ അറിയിച്ചു അവിടെ നിന്നും താന്‍ വന്ന ടാക്‌സി ഡ്രൈവറുടെ നമ്പറില്‍ പലതവണ വിളിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തില്ല.

തന്റെ പാസ്‌പോര്‍ട്ടും പണവുമെല്ലാം നഷ്ടപ്പെട്ടുവെന്ന് അയാള്‍ ഉറപ്പിച്ചു. പിറ്റേന്ന് രാവിലെ പോലീസില്‍ പരാതിനല്‍കാന്‍ ഇറങ്ങുമ്പോഴാണ് റിസപ്ഷനില്‍ ടാക്‌സി ഡ്രൈവര്‍ അയാളെ കാത്ത് നില്‍ക്കുന്നത് കണ്ടത്.

ടാക്‌സി ഡ്രൈവര്‍ പറഞ്ഞു: ഇത് താങ്കളുടെ പേഴ്‌സ് അല്ലേ, ഞാനിന്നലെ ഭാര്യയുമായി ആശുപത്രിയില്‍ പോയി വന്നപ്പോള്‍ രാത്രിയായി. ഫോണ്‍ വീട്ടില്‍ വെച്ച് മറക്കുകയും ചെയ്തു.

സന്തോഷത്തോടെ ആ പേഴ്‌സ് തിരിച്ചുവാങ്ങിയ അയാള്‍ നന്ദി സൂചകമായി ആയിരം രൂപ നല്‍കുകയും ചെയ്തു. ആ രൂപ നിരസിച്ച് അയാള്‍പറഞ്ഞു: ഞാന്‍ പേഴ്‌സ് തിരിച്ചുതന്നത് ഈ രൂപ കിട്ടാനല്ല, ഇത് താങ്കളുടെ ആയതുകൊണ്ടാണ്.

എല്ലാമുണ്ടായിട്ടും ഒന്നും നല്‍കാത്തവരുടെ ഇടയില്‍ ഒന്നുമില്ലാതിരുന്നിട്ടും എല്ലാം നല്‍കാന്‍ കഴിയുന്ന ചിലരുണ്ട്. അവരിലാണ് മനുഷ്യരുടെ പ്രതീക്ഷ നിലനില്‍ക്കുന്നത്. ഈ ലോകത്ത് നന്മ ഇനിയും പൂര്‍ണ്ണമായി ഇല്ലാതായിട്ടില്ല എന്നതിന്റെ അടയാളമാണവര്‍.. ആശ്രയിക്കാനും വിശ്വസിക്കാനും പറ്റുന്നവര്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്നതിന്റെ അടയാളം.

ഈ അടയാളങ്ങള്‍ മറ്റുള്ളവരില്‍ വരുത്തുന്ന ചില വ്യതിയാനങ്ങളുണ്ട്. ആരും ശരിയല്ല എന്ന ധാരണ തിരുത്തപ്പെടുക മാത്രമല്ല, തന്നെ സഹായിച്ചതിന്റെ കടപ്പാട്, അയാളുടെ ഹൃദയത്തില്‍ സുകൃതങ്ങളുടെ വിത്തുകള്‍ മുളപ്പിക്കും. നാളെ അവ വളര്‍ന്ന് ആര്‍ക്കെങ്കിലുമൊക്കെ തണലുകള്‍ സമ്മാനിക്കും..

ചുറ്റുമുളളവരുടെ ജീവിതത്തില്‍ സുകൃതങ്ങളുടെ വിത്തുകള്‍ മുളക്കാന്‍ നമുക്കും കാരണമാകാം

– ശുഭദിനം.