കണ്ണൂർ ∙ ഒന്നര വയസ്സുകാരൻ വിയാനെ കടലിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചാൽ തുക ഭർത്താവിന് നൽകണമെന്നും കോടതി വിധിച്ചു. ഒരമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണുണ്ടായതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. ഒന്നുമറിയാത്ത കുട്ടിയാണ് കൊല്ലപ്പെട്ടത്. വിധി സമൂഹത്തിന് പാഠമാകണമെന്നും കോടതി പറഞ്ഞു. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ശരണ്യയ്ക്ക് വധശിക്ഷ നൽകണമെന്ന് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിയുടെ പ്രായവും മുൻപ് കേസുകളിൽ പ്രതിയല്ലെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റാരോപണങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി.
2020 ഫെബ്രുവരി 17നാണ് ശരണ്യ, മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ ശരണ്യയുടെ വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
സംഭവത്തിൽ കുട്ടിയുടെ അച്ഛൻ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസിൽ പരാതി നൽകി. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പറഞ്ഞത്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ ഉപയോഗിച്ചാണ് കേസ് തെളിയിച്ചത്. എന്നാൽ രണ്ടാം പ്രതി നിധിനെതിരെ തെളിവുകൾ ശേഖരിക്കാൻ പൊലീസിനായില്ലെന്ന് കോടതി വിലയിരുത്തി. സദാചാരഗുണ്ടകളെ പോലെയാണു പൊലീസ് പെരുമാറിയത്. ശരണ്യയും നിധിനും തമ്മിൽ സംസാരിക്കുന്നതിന്റെയും ഫോൺകോളുകളുടെയും തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതു കുട്ടിയെ കൊല്ലാനുള്ള ഗൂഢാലോചനയ്ക്കുള്ള തെളിവാകണമെന്നില്ല. അവർ തമ്മിൽ ബന്ധമുണ്ടായിരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. നിധിന്റെ വിവിധ രേഖകൾ ശരണ്യയുടെ കയ്യിലുണ്ടായിരുന്നു. ഇതു തിരിച്ചുവാങ്ങാൻ ഇയാൾ ശരണ്യയുടെ വീട്ടിൽ പോയെങ്കിലും സാധിച്ചില്ല. അതാണ് അടുത്ത ദിവസം തിരിച്ചുനൽകിയത്. ഇതു നൽകുമ്പോൾ ഒന്നര മണിക്കൂറോളം ഇവർ സംസാരിച്ചു നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഈസമയം ധരിച്ച വസ്ത്രവും പൊലീസ് കോടതിയിൽ ഹാജരാക്കുകയും ബന്ധുക്കൾ ഉൾപ്പെടെ ഇത് തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഗൂഢാലോചനയ്ക്കുള്ള തെളിവല്ലെന്നും കോടതി പറഞ്ഞു.
രാജീവ് ഗാന്ധി വധവും ടിപി കേസും ഉൾപ്പെടെയുള്ള ഒട്ടേറെ കേസുകളും സാഹചര്യത്തെളിവുകൾ ഉപയോഗിച്ചാണു തെളിയിച്ചതെന്നും കോടതി ചൂണ്ടികാട്ടി. ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്നു ശരണ്യയോടു കോടതി ചോദിച്ചപ്പോൾ 27 വയസ്സു മാത്രമേയുള്ളൂവെന്നും സഹായിക്കാൻ ആരുമില്ലെന്നും മാനസിക പിരുമുറുക്കം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടെന്നും കോടതി ദയ കാണിക്കണമെന്നും പറഞ്ഞു.



