ബെയ്ജിംഗ്: 2025ല്‍ ചൈനയിലെ ജനനനിരക്കില്‍ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തി. ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്കരിക്കുന്നതിനിടെയാണ് ഇടിവുണ്ടായത്.
കഴിഞ്ഞ വർഷം ജനനനിരക്ക് ആയിരത്തിന് 5.6 ആണ്.
മരണനിരക്ക് ആകട്ടെ, 8.04 ആണ്. 1949ല്‍ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞവർഷമുണ്ടായത്. മരണനിരക്കാകട്ടെ, 1968നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലും.
തുടർച്ചയായ നാലാം വർഷമാണ് ചൈനയില്‍ ജനനനിരക്കില്‍ ഇടിവുണ്ടാകുന്നത്. 2025ല്‍ ജനസംഖ്യ 33.9 ലക്ഷം കുറഞ്ഞ് 140 കോടിയിലെത്തി. ജനനനിരക്ക് താഴ്ന്നുതുടങ്ങിയതോടെ 2016ല്‍ ചൈന ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികള്‍ എന്നാക്കിയിരുന്നു. അതിനുശേഷവും ജനനനിരക്ക് ഉയരാത്തതിനെത്തുടർന്ന് ദന്പതിമാർക്ക് മൂന്നു കുട്ടികള്‍ വരെ ആകാമെന്ന് 2021ല്‍സർക്കാർ ഉത്തരവിറക്കി.
ജനസംഖ്യ ഈ നിലയില്‍ താഴ്ന്നാല്‍ 2100 ആകുന്പോഴേക്കും ഇപ്പോഴത്തേതിന്റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ എന്നാണു കണക്കാക്കുന്നത്. മേഖലയിലെ അയല്‍രാജ്യങ്ങളായ സിംഗപ്പൂർ, തായ്വാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്കില്‍ വലിയ ഇടിവാണുള്ളത്.



