ചരിത്രത്തെ രണ്ടായി വിഭജിച്ചത് ക്രിസ്തുവാണ്. എ.ഡി എന്നും ബിസി എന്നും. ഇത് കെട്ടുകഥയല്ലെന്നും യാഥാർത്ഥ്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവരൊക്കെ പരാജയത്തിൻ്റെ രുചി അറിഞ്ഞിട്ടുണ്ടെന്നും ഡോ. ബാബു തോമസ് പ്രസ്താവിച്ചു.

പാലക്കാട് – വാൽക്കുളമ്പ് ശാരോൻ ചർച്ച് നടത്തിയ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ന്യൂയോർക്ക് ഐ.പി.സി ഹെബ്രോൻ സഭാ ശുശ്രൂഷകനായ അദ്ദേഹം.
ക്രിസ്തുവിൻ്റെ അതുല്യത അവകാശപ്പെടാൻ ആർക്കുമാവില്ല. വിശ്വാസയോഗ്യവും അനുകരിക്കാൻ കൊള്ളാവുന്നതുമായ ചരിത്ര സംഭവമാണ് ക്രിസ്തുവിൻ്റെ മരണവും പുനരുദ്ധാനവും മടങ്ങിവരവും. അത് ചരിത്ര സത്യങ്ങളാണ്. ക്രിസ്തുവിൻ്റെ ജനനത്തിന് നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭക്തന്മാർ അവൻ്റെ ജനനത്തെ കുറിച്ച് പ്രവചിച്ചു.

യേശുവിൻ്റെ ജനനവും ജീവിതവും പരിപാവനമാണ്. ഒരു ഊനവും ഇല്ലാതെ ജനിച്ച ക്രിസ്തുവിൻ്റെ ജീവിത ചരിത്രം മനുഷ്യ നന്മക്ക് വേണ്ടി മാത്രമുള്ളതാണ്. അന്നത്തെ മതമേധാവിത്വം ക്രിസ്തുവിൻ്റെ മേൽ കുറ്റം ചുമത്താൻ ശ്രമിച്ചു. ഒന്നും കണ്ടെത്താനായില്ല. അവൻ്റെ ശുശ്രുഷകൾ ഭൂമിയിൽ പൂർത്തീകരിക്കുക തന്നെ ചെയ്തു. അവൻ ഇന്നും അതുല്യനാണ്. മാത്രമല്ല മരണത്തെ ജയിച്ച അവൻ തൻ്റെ ജനത്തെ ചേർക്കാൻ വീണ്ടും പ്രത്യക്ഷനാകും.

പാസ്റ്റർ പ്രവീൺ എഴുതിയ പാട്ടിൻ്റെ പ്രകാശന കർമ്മവും ഡോ. ബാബു തോമസ് നിർവ്വഹിച്ചു. കൺവൻഷൻ സംഘാടകരിൽ പ്രധാനിയായ വർക്കി കറുപ്പൻ ഫ്ലൂട്ടിൽ ഒരു സംഗീത വായിച്ചു. രാജമ്മ ജോൺ ഹൃദയസ്പൃക്കായ അനുഭസാക്ഷ്യം പങ്കുവച്ചു. ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സൽ ആശംസാപ്രസഗം നടത്തി. റോയി കുറുപ്പൻ നന്ദി പറഞ്ഞു.



