ഓരോ ചുവടും ജീവിതലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്നവരാണ് തങ്ങളാഗ്രഹിക്കുന്ന തീരങ്ങളില്‍ എത്തുക

രാജാവിന്റെ പിറന്നാളിനോടനുബന്ധിച്ച് വളരെ വിചിത്രമായൊരു വിളംബരം അദ്ദേഹം നടത്തി. പിറന്നാള്‍ ദിനത്തില്‍ കൊട്ടാരവാതില്‍ പ്രജകള്‍ക്കായി തുറന്നിടും. 

ആര് ഏത് വസ്തുവില്‍ തൊട്ടാലും അത് അവരുടേതാകും!  പിറന്നാള്‍ ദിവസം ഒരു ജനക്കൂട്ടം തന്നെ കൊട്ടാരവാതില്‍ക്കല്‍ എത്തിയിരുന്നു.  വാതില്‍ തുറന്നതും ആളുകള്‍ ഏറ്റവും വിലകൂടിയ സാധനങ്ങള്‍ തേടിയോടി. 

പക്ഷേ, ഒരാള്‍ മാത്രം രാജാവിന്റെ അടുത്തേക്ക് വന്ന് രാജാവിനെ തൊട്ടു. അപ്പോള്‍ മുതല്‍ ആ രാജാവും രാജ്യവും അയാളുടേതായി!

തിരഞ്ഞെടുപ്പുകളാണ് തങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്.  സ്വന്തം തിരഞ്ഞെടുപ്പുകളുടെ മേന്മക്കപ്പുറം ഒരാളും വളരുന്നില്ല എന്നതാണ് സത്യം. 

പക്ഷേ, സ്വന്തമായി തീരുമാനങ്ങളില്ലാത്തവരുണ്ട്.  മറ്റാരുടേയൊക്കെയോ നിയന്ത്രണത്തിലാകും അവര്‍ തന്റെ ജീവിതം ജീവിച്ചുതീര്‍ക്കുന്നത്.  അവര്‍ക്ക് സ്വന്തമായ അഭിരുചികളോ മുന്‍ഗണനകളോ ഉണ്ടാകില്ല.  അവരുടെ ഓരോ ചുവടുവെപ്പിന്റെയും കടിഞ്ഞാണ്‍ മറ്റൊരുടേയോ കയ്യിലായിരിക്കും.

പക്ഷേ, തനിക്കിഷ്ടമുള്ളതു തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യമില്ലാത്ത ഒരാളും താനായി തീരില്ല.  നമ്മിലേക്ക് ഒന്നും ആകസ്മികമായി വന്നുചേരുന്നതല്ല.  അറിഞ്ഞോ അറിയാതെയോ നമുക്കിഷ്ടമുളളതിനെ തേടി നാം അലയുന്നുണ്ട്. നിലവാരമുളളവ തേടുന്നവര്‍ക്ക് അത് ലഭിക്കും..

നേരംപോക്കിന് വേണ്ടി അലയുന്നവര്‍ക്ക് സമയം നഷ്ടപ്പെടുകയേ ഉള്ളൂ..  ഓരോ ചുവടും നമ്മുടെ ജീവിതലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്നവര്‍ക്കാണ് തങ്ങളാഗ്രഹിക്കുന്ന തീരങ്ങളില്‍ എത്താന്‍ സാധിക്കുക.. തീരുമാനം നമ്മുടേതാണ്

– ശുഭദിനം