പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്
അരങ്ങു തകർക്കുന്ന പാട്ട് മേളവും അടിപൊളി പ്രസംഗങ്ങളും ഹരമായി മാറിയപ്പോൾ ദൈവഹിതം പുറമ്പോക്കിലായി. ഹരം എന്ന തരംഗം സ്റ്റേജുകൾ കയ്യടക്കിയപ്പോൾ കയ്യടി വർദ്ധിച്ചു, കണ്ണുനീര് കുറഞ്ഞു. കാശ് കുമിഞ്ഞുകൂടി. കണ്ണുകൾ മങ്ങി. പ്രസംഗിയും പാട്ടുകാരും പൂജിതരും, ക്രിസ്തു പൂജ്യവും ആയി മാറി.
എല്ലാം ആകപ്പാടെ ഒരു ഹരമായി മാറിയപ്പോൾ മാനസാന്തരത്തിൻ്റെ ഫലം തഥൈവ . ഇന്നുള്ള ആട്ടവും പാട്ടും നൃത്തവും പലർക്കും പരിവർത്തനമില്ലാത്ത ഹരമായി മാറി. പോപ്പ് ഗായകർക്ക് തതുല്യമായ വർണ്ണ ശമ്പളമായ ഗായകോത്സവം ഹരം ജനിപ്പിക്കും. എന്നാൽ വീണ്ടും ജനനം സംഭവിക്കത്തില്ല. ആലയത്തെ കുറിച്ചുള്ള എരിവു കൊണ്ടല്ല, എല്ലാം ഒരു ഹരമായി മാറിയതുകൊണ്ട് പലരും പലതിനും എടുത്തുചാടുന്നു.
ദൈവഹിതം ഇതിൻ്റെ നടുവിൽ തിരിച്ചറിയുവാൻ കഴിയാതെ നട്ടം തിരിയുന്ന വിശ്വാസലോകം. പേരിനും പ്രശസ്തിക്കും പെന്തക്കോസിൻ്റെ ലേബലിൽ ചെയ്തുകൂട്ടുന്ന പ്രവർത്തികൾ ദൈവത്തിൻ്റെ ഹിതം ആരാഞ്ഞറിഞ്ഞാണോ, അതോ പ്രസ്ഥാനങ്ങൾ നിലനിർത്തുവാനുള്ള വ്യഗ്രതയിലാണോ നാം ചെയ്യുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
സ്വർഗ്ഗത്തിൻ്റെ ഹിതത്തിനായി നാം സമർപ്പിക്കപ്പെടുമ്പോൾ കൈയ്യടിക്കുവാനും കാത്തുനിൽക്കുവാനും നമ്മുക്ക് ആരുമില്ലെങ്കിലും കാരിരുമ്പാണിക്ക് ഏൽപ്പിച്ചു കൊടുത്തവൻ നമ്മുടെ കണ്ണീരൊപ്പും, കാത്തുനിൽക്കും. സ്വർഗ്ഗത്തിൻ്റെ പളുങ്കുപാത്രം, പിതാവിൻ്റെ ഹിതത്തിനായി ഏൽപ്പിച്ചു കൊടുത്തപ്പോൾ ഗദ്സമനയിൽ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി. എന്താണ് പുത്രന് ലഭിച്ചത്? കാരിരുമ്പാണിയും, കനത്ത കന്നത്തടികളും പ്രതിഫലമായി ലഭിച്ചു.
നിൻ്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമേ എന്ന മനോഹരമായ ഈ ഗാനത്തിൻ്റെ വരികൾ പാടുവാൻ പലർക്കും ഹരമാണ്. എന്നാൽ പുത്രൻ്റെ/ ഹിതത്തിന് പാദങ്ങൾ പതിപ്പിക്കുവാൻ ഒരുവനും തയ്യാറല്ല.
ദൈവഹിതം നിറവേറണമെങ്കിൽ സ്വയം എന്ന ഭാവം, ഞാൻ എന്ന നെബുഖദ്തനേസർ ഭാവം പാളയത്തിന് പുറത്തു പോകണം. ഹരം കേവലം നൈമിഷികമാണ്, ഹരം വർദ്ധിക്കുമ്പോൾ കയ്യടിയും, ചാട്ടവും, നൃത്തവും കൂടുമായിരിക്കും എന്നാൽ മാനസാന്തരത്തിൻ്റെ അനുഭവമോ, ഫലമോ പുറത്തു വരില്ല. കൊഴുപ്പുള്ള പാട്ടും, കൊഴുപ്പുള്ള പ്രസംഗങ്ങളും പലർക്കും ഹരമാണ്. എന്നാൽ ഹൃദയങ്ങൾ കീറിമുറിയുന്ന ദൈവശബ്ദം ജീവിതങ്ങളെ നാശത്തിൽ നിന്ന് നിത്യതയിലേക്ക് നടത്തും. ഇന്ന് പലർക്കും അതിനോട് വിരക്തിയാണ്. പാട്ടുമേള ഹരമാണ് എന്നാൽ ചങ്ങലകൾ അഴിയില്ല, വാതിലുകൾ തുറക്കപ്പെടുകയില്ല. അർദ്ധരാത്രിയിൽ കാരാഗ്രഹത്തിൽ പാട്ട് മേളമല്ലായിരുന്നു. പരിശുദ്ധാത്മാവിൻ്റെ ഹിതത്തിന് ദൈവഭ്രത്യന്മാർ ഏൽപ്പിച്ചു കൊടുത്തു. ദൈവ പ്രവർത്തി ആ രാത്രിയിൽ വെളിപ്പെട്ടു. ദൈവഹിതം ചെയ്യുവാൻ കാലുകൾ വയ്ക്കുമ്പോൾ മുള്ളുകൾ തറയ്ക്കപ്പെടും, അടിയും, തുപ്പലും സഹിക്കേണ്ടിവരും.
ശിംശോന് ദലീലയുടെ ചുവടുവെപ്പുകളും, മൊഴികളും ഹരമായി മാറിയപ്പോൾ ദൈവഹിതം ചോർന്നുപോയി. ശേഷം മനുഷ്യരെ പോലെയായി. ശൗലിന് അമാലേക്കിൻ്റെ കൊഴുപ്പ് ഹരമായി മാറിയപ്പോൾ ദൈവഹിതം മറന്നു പോയി, പരിണിതഫലം എന്ത്? രാജ്യത്വവും, തലയും നഷ്ടപ്പെട്ടു. പെന്തക്കോസിൻ്റെ രുചിയും, മണവും നഷ്ടപ്പെടുവാൻ കാരണമെന്ത്? അനുഭവമില്ലാത്ത രക്ഷയും സ്നാനവും പ്രവർത്തിയില്ലാത്ത വിശ്വാസവും കൂട്ടിമുട്ടി കഴിഞ്ഞപ്പോൾ പെന്തക്കോസിൻ്റെ തനിമ നഷ്ടപ്പെട്ടു. രുചി പോയി മറഞ്ഞു.
ദാവീദ് ദൈവത്തിൻ്റെ ഹിതം എല്ലാം ചെയ്തു എന്ന് സ്വർഗ്ഗം അവനെ കുറച്ചു സാക്ഷ്യം പറയുന്നു (പ്രവർത്തി 13: 22). ദൈവസഭ ഇന്ന് നീങ്ങുന്നത് പുത്രൻ്റെ ഹിതമനുസരിച്ചോ? അതോ ലോകത്തിൻ്റെഹരം അനുസരിച്ചോ? ഹിതവും, ഹരവും തമ്മിൽ ബഹുദൂരം അകലം ഉണ്ട്. ഇന്ന് ഉണർവ്വ് എന്ന വ്യാജ പേരിൽ കെട്ടിച്ചമച്ച് പുറത്തുവിടുന്ന പല പദ്ധതികളും മുതല് വർധിപ്പിക്കുവാനുള്ള നൂതന വിദ്യകൾ അത്ര.
ഇത് പുറത്തിറക്കുന്നതും, മുതലക്കണ്ണീരൊഴുക്കുന്നതും പലർക്കും ഒരു ഹരമത്രേ. ഈ പ്രവണത അവസാനിക്കണം. അനുതാപം ഇല്ലാത്ത അരങ്ങും അഭിനയവുമായി പെന്തക്കോസ്തു തലമുറ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഉടമസ്ഥൻ്റെ ഹിതത്തിന് പ്രസാദമായി ജീവിക്കുവാൻ ഏൽപ്പിച്ചു കൊടുക്കുമ്പോൾ ചങ്ങലയും, ചാട്ടവാറും ലഭിച്ചു എന്നു വരാം.
വേദന സഹിക്കേണ്ടിവരും. തുപ്പൽ ഏൽക്കും. പരിഹാസത്തിൻ്റെ വഴിയിൽ കൂടി നടക്കേണ്ടി വരും.
മഹാപുരോഹിതന്മാരുടെ ഹരമായി മാറിയ യൂദാ കൂണ് പോലെ മുളച്ച് പൊങ്ങി, ബലൂണ് പോലെ പൊട്ടി തകർന്നു. രാജവസ്ത്രം ധരിച്ച് സിംഹാസനത്തിൽ ഇരുന്ന ഹേരോദാവ് ജനക്കൂട്ടത്തിൻ്റെ ആരവം ഹരമാക്കിയപ്പോൾ, സ്വർഗ്ഗത്തിൻ്റെ ദൂതൻ കണ്ട് കണ്ണടച്ചില്ല, അടി കൊടുത്തു (പ്രവർത്തി 12 23). ലാബാന് യാക്കോബിനെ ചതിക്കുന്നത് ഒരു ഹരമായിരുന്നു. എന്നാൽ ചതഞ്ഞ ഓട ഒടിക്കാത്തവൻ യാക്കോബിന് തുണയായി നിന്നു. ദൈവഹിതത്തിന് തലകുനിച്ചപ്പോൾ ഇസ്രയേൽ എന്ന മധുര നാമം തമ്പുരാൻ അവനു കൈമാറി.
കൊച്ചു സഹോദരനെ ദയ കൂടാതെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിഞ്ഞപ്പോൾ സഹോദരന്മാർ കൂടി ചിരിച്ചു. അവർക്കതൊരു ഹരമായിരുന്നു. സ്വർഗ്ഗം അത് കണ്ടു, ദൈവത്തിൻ്റെ ഹിതം പൊട്ടക്കിണർ ആയിരുന്നില്ല. സഹോദരന്മാരുടെ നടുവിൽ ഒരു പ്രഭുവാക്കി ദൈവം യോസഫിൻ്റെ തല ഉയർത്തി, എതിരാളികളുടെ തലയെ കുനിയിപ്പിച്ചു. ഫറവോന് ദൈവത്തിൻൻ്റെ സന്തതികളെ പീഡിപ്പി ക്കുന്നത് ഒരു ഹരമായിരുന്നു. സ്വർഗ്ഗം ഫറവോൻ്റെ ഹരം കൂട്ട നിലവിളിയും, മരണവും ആക്കി മാറ്റി. ദൈവഹിതം ചെയ്യുവാൻ കരങ്ങൾ ചലിപ്പിച്ച ദൈവപുരുഷനായ നെഹമ്യവിനെ പരിഹസിക്കുന്നതും, നിന്ദിക്കുന്നതും ഹരമാക്കി മാറ്റിയ സൻബല്ലത്തും, തോബിയാവും ഇപ്പോൾ ലജ്ജ കൊണ്ട് തലതാഴ്ത്തുകയാണ്. ഇവിടെ ഹരം കൂടുമ്പോൾ ലൈക്ക് കിട്ടുമായിരിക്കും. എന്നാൽ അവിടെ അടി കിട്ടുമെന്ന് തിരുവചനം പറയുന്നു.



