മരുന്നിന്റെ കുറുപ്പടിയിൽ ബൂസ്റ്റോ?
ജനകീയ നേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ കുറിപ്പോടെ കൊടുത്തു വിട്ട പ്രിസ്ക്രിപ്ഷനിൽ അങ്ങനെ ഒരു സാധനം കയറിപ്പറ്റി. മരുന്ന് വാങ്ങാൻ പണമല്ല. പിന്നെ ആശ്രയം കുഞ്ഞൂഞ്ഞിൽ മാത്രം.
പുതുപ്പള്ളിയിലെ അദ്ദേഹത്തിൻ്റെ വസതി ഞായറാഴ്ചകളിൽ വളരെ സജീവമാണ്.ചെറുതും വലുതുമായ സഹായങ്ങൾ വാങ്ങാൻ എത്തിയവരെക്കൊണ്ട് മുറ്റം നിറഞ്ഞിരിക്കും.

ഇങ്ങനെ സഹായം തേടി വരുന്നവരുടെ കൂട്ടത്തിൽ മരുന്നു വാങ്ങാൻ സഹായം ചോദിച്ച് എത്തുന്നവരും ഉണ്ട്. മിക്കവരും നിവൃത്തിയില്ലാത്ത വരാണ്. മരുന്നിന് കുറുപ്പടിയും ശുപാർശക്കത്തും കൊടുത്തുവിടുന്നത് മണർകാട് മെഡിക്കൽ ഷോപ്പിലേക്കാണ്. അവിടെനിന്നും മരുന്നു വാങ്ങി പോകാം. ഇതിൻെറ പൈസ ഉമ്മൻചാണ്ടിയാണ് നേരിട്ട് മെഡിക്കൽ ഷോപ്പിൽ നൽകിയിരുന്നത്.

ഒരിക്കൽ ഒരു വിരുതൻ വന്ന് ഉമ്മൻ ചാണ്ടിയെ കണ്ട് സങ്കടം അറിയിച്ചു. ഉടനെ തന്നെ കുറുപ്പടി കൊടുത്തു. രണ്ടു കൗണ്ടറുകൾ ഉള്ള പ്രസ്തുത മെഡിക്കൽ സ്റ്റോറിൽ എത്തിയ ഇയാൾ പിന്നിലെ കൗണ്ടറിൽ മരുന്നിന്റെ കുറിപ്പടി കൊടുത്തിട്ട് ആ ചീട്ടി നടിയിലോട്ട് ‘ ഒരു ബൂസ്റ്റും ‘ എന്നുകൂടി എഴുതാൻ ആവശ്യപ്പെട്ടു.അല്പം ഒന്ന് ശങ്കിച്ച ഫാർമസിസ്റ്റ് കുറുപ്പടിയിൽ ‘ഒരുബൂസ്റ്റ് ‘ എന്ന് കൂടി എഴുതിക്കൊടുത്തു.
പിന്നെയാണ് കഥയുടെ ക്ലൈമാക്സ്. പിന്നിലെ കൗണ്ടറിൽ നിന്നും ബൂസ്റ്റ് എന്ന് എഴുതിച്ചേർത്ത കുറിപ്പുമായി മുന്നിലെ ഒന്നാം നമ്പർ കൗണ്ടറിൽ വന്ന് അയാൾ അവിടെ നൽകി.കഷ്ടകാലം എന്നല്ലാതെ എന്തു പറയാൻ. ആ ചീട്ടിൽ ബുസ്റ്റ് എന്നെഴുതിയ ആൾ തന്നെയായിരുന്നു അപ്പോൾ മുന്നിലെ കൗണ്ടിൽ നിന്നും കുറിപ്പടി വാങ്ങിയത്.

ഉമ്മൻചാണ്ടി കൊടുത്ത് വിടുന്ന ചീട്ടിൽ ഒന്നും നോക്കാതെ എല്ലാ മരുന്നുകളും കൊടുത്തു വിടുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ഒരു വഞ്ചന കാട്ടിയപ്പോൾ കടക്കാർക്ക് വിഷമമായി. ഈ വിവരം അവർ കുഞ്ഞൂഞ്ഞിനെ വിളിച്ച് പറഞ്ഞു. എന്നാൽ കടക്കാൻ പ്രതീക്ഷിച്ചതിന് വിപരീതമായിരുന്നു കുഞ്ഞൂഞ്ഞിൻ്റെ മറുപടി. ‘ സാരമില്ല.അത് അവർക്ക് വാങ്ങാൻ പൈസ ഇല്ലാഞ്ഞിട്ടല്ലേ കൊച്ചു മോനെ. (കടയുടമ )കൊടുത്തുവിട്ടോളൂ”. എന്നാണ് നിറച്ചിരിയുമായി കുഞ്ഞൂഞ്ഞ് എന്ന ഓമന പ്പേരിലറിയപ്പെടുന്ന ഉമ്മൻ ചാണ്ടി പറഞ്ഞത്.
മനുഷ്യന്റെ മനസ്സ് തൊട്ടറിഞ്ഞ നേതാവായിരുന്നു ഉമ്മൻചാണ്ടി എന്നത് തർക്കമറ്റ വിഷയമാണ്.നിരവധി മറ്റ് കഥകളുമുണ്ട് ഇത്തരത്തിൽ. അതിലൊന്നു മാത്രമാണ് ഉമ്മൻചാണ്ടിയുടെ കുറിപ്പടിയിലെ ബൂസ്റ്റിൻ്റെ കഥ.




