മുൻ‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ‌ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്ബ് അദ്ദേഹത്തിന്റെ സ്ഥിതി വഷളാവുകയായിരുന്നു.

നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുള്ള ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗമടക്കമുള്ള പദവികളും വഹിച്ചിരുന്നു.

2001ലും 2006ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയില്‍ നിന്നും നിയമസഭാംഗമായി. 2005-2006, 2011-2016 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭകളില്‍ വ്യവസായ, പൊതുമരാമത്ത് മന്ത്രിയായിരുന്നു.

മൃതദേഹം വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ കളമശേരി ചാക്കോളാസ് കണ്‍വൻഷൻ സെൻ്ററില്‍ പൊതുദർശനത്തിന് വയ്ക്കും. ഖബറടക്കം നാളെ ആലങ്ങാട് ജുമാമസ്ജിദില്‍.

എംഎസ്‌എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവുമായിരുന്നു. ദീർഘകാലം മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു. 2012ല്‍ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി പുരസ്കാരം, 2012ല്‍ കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013- കേളീ കേരള പുരസ്‌കാരം, യുഎസ്‌എ ഇന്റർനാഷണല്‍ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങിയ അംഗീകാരങ്ങള്‍ നേടി.

കൊച്ചിൻ ഇന്റർ നാഷണല്‍ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റ് മെമ്ബർ, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്ബർ, ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ് ചെയർമാൻ, ചീഫ് എക്സിക്യുട്ടീവ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

1952 മെയ് 20ന് എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയില്‍ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി ജനിച്ചു. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂർ എറണാകുളം ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയാണ്. മറ്റു മക്കള്‍: വി.ഇ അബ്ബാസ്, വി.ഇ അനൂപ്.