വിനോദിനിക്ക് കൈവച്ച് നല്‍കും; ഒന്‍പത് വയസുകാരിക്ക് കൈത്താങ്ങായി വി.ഡി. സതീശന്‍

പാലക്കാട്∙ ചികിത്സപ്പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടി വന്ന ഒന്‍പത് വയസുകാരിക്ക് വി.ഡി.സതീശന്‍റെ കൈത്താങ്ങ്. വിനോദിനിക്ക് കൃത്രിമക്കൈ വച്ച് നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ചെലവ് മുഴുവന്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞതായി കുട്ടിയുടെ അച്ഛന്‍ അറിയിച്ചു. വി.ഡി.സതീശന്‍ നേരിട്ട് വിളിച്ചുവെന്നും മകള്‍ക്കു സന്തോഷമായെന്നും വിനോദിനിയുടെ അമ്മയും പറഞ്ഞു. 

കഴിഞ്ഞ സെപ്തംബര്‍ 24 നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് വിനോദിനിയുടെ കൈയ്ക്ക് പരുക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൈയില്‍ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്. ഗുരുതര അനാസ്ഥയില്‍ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതിനപ്പുറം പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല.