ബഹുമാന്യരെ,
ഡിസംബർ 27 ന് കൊല്ലം ജില്ലയിൽ ഇടമുളക്കൽ പഞ്ചായത്ത്, പെരിങ്ങള്ളൂർ ഗിൽഗാൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടന്ന സുവിശേഷയോഗത്തിൽ സത്ഗമയ മിനിസ്ട്രീസ് പ്രവർത്തകൻ സുവിശേഷകൻ ടാർസൻ തോമസ് വടകോട് നടത്തിയ പ്രസംഗ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വിവാദമായിരിക്കുകയാണല്ലോ.
ക്രൈസ്തവ വിശ്വാസത്തിൻ്റെ ആശയ പ്രചാരണത്തിൻ്റെ ഭാഗമായി നടത്തുന്ന സഭാ പ്രബോധനങ്ങൾ മറ്റ് മത വിശ്വാസികളുടെയും സഹോദര സഭകളുടെയും സമുദായങ്ങളുടെയും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതും അവഹേളിക്കുന്നതും ആകരുത് എന്ന നിലപാടാണ് സഭ സ്വീകരിച്ചുവരുന്നത്.
പരിഹാസ ദ്യോതകമായി നടത്തുന്ന പ്രയോഗങ്ങളും അധിക്ഷേപങ്ങളും സഭയുടെ ബോധനശൈലിക്ക് യോജിച്ചതല്ല. “സ്നേഹത്തിൽ സത്യം സംസാരിക്കണം” എന്നും “നിങ്ങളുടെ പ്രത്യാശയെക്കുറിച്ച് ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറയുവാൻ എപ്പോഴും ഒരുങ്ങിയിരിപ്പീൻ” എന്നുമാണ് ബൈബിൾ നിഷ്ക്കർഷിക്കുന്നത്.
ഓൺലൈൻ കാലത്ത് പ്രഭാഷകർ പുലർത്തേണ്ട പദസൂക്ഷ്മത, ഭാഷാപരമായ ജാഗ്രത, അപര സ്നേഹം, താർക്കിക മറുപക്ഷത്തോട് കാണിക്കേണ്ട ബഹുമാനം എല്ലാം ഗൗരവമായി കാണേണ്ടതാണ്.
സമൂഹത്തിൽ വിദ്വേഷവും അനൈക്യവും ഉണ്ടാക്കുന്ന ഇത്തരം പ്രവണതകൾ ആവർത്തിക്കാൻ പാടില്ല. മുഖ്യധാരാ പെന്തകോസ്ത് സഭകൾ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നില്ല.മറ്റ് സഭകളോട് ക്രിസ്തുവിലുള്ള ഐക്യത്തിലും സഹകരണത്തിലും സാഹോദര്യത്തിലും ചേർന്ന് പ്രവർത്തിക്കാനാണ് സഭ ആഗ്രഹിക്കുന്നത്. സുവിശേഷം പങ്കുവയ്ക്കലിൻ്റെയും നിരപ്പിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശമാണ്. അത് വെല്ലുവിളിയുടെയും സംഘർഷത്തിൻ്റെയും വെറുപ്പിൻ്റെയും സന്ദേശമല്ല.
മറ്റ് മതങ്ങളെയും സഭകളെയും പരിഹസിക്കുന്ന പ്രചാരണ ശൈലി പെന്തകോസ്ത് സഭകൾക്കില്ല. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിൽ മുഖ്യധാരാ സഭകൾക്ക് അതിൽ ഉത്തരവാദിത്വം ഇല്ല. അനഭലഷണീയമായ ഇത്തരം പ്രവണതകളെ സഭ തള്ളിക്കളയുന്നു.
പ്രദേശത്തുള്ള നാട്ടുകാരായ സഹോദര സഭാവിശ്വാസികൾക്ക് ഉണ്ടായ വേദനയിലും ബുദ്ധിമുട്ടിലും ഖേദിക്കുന്നു. വേദികളിൽ സുവിശേഷ പ്രഭാഷകർ ആത്മസംയമനം പാലിക്കുകയും ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ ശ്രോതാക്കളോട് പെരുമാറരുതെന്നും പ്രകോപനം ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗിക്കരുതെന്നും സഭാ നേതൃത്വം പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
ക്രൈസ്തവ സഭ ഇന്ത്യയിൽ വലിയ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ കാലത്ത് സഭകൾ തമ്മിലുള്ള സൗഹാർദ്ദവും ഐക്യവും കൂടുതൽ ശക്തിപ്പെടണം എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
31.12.2025
തിരുവല്ല



