തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സിഎസ്ഐ സഭ മധ്യകേരള ഇടവക ബിഷപ്പ് സാബു മലയില്‍ കോശി.മതപരിവർത്തനം അല്ല വൈദികർ നടത്തിയത്.
ഭരണഘടന നല്കുന്ന സ്വാതന്ത്ര്യത്തിനെതിരാണ് നാഗ്പൂരില്‍ നടക്കുന്നത്. കഴിഞ്ഞ 12 വർഷമായി നാഗ്പൂരില്‍ ഇവരുടെ പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. കുഗ്രാമങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസം നല്‍കുന്നതാണ് അവർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് വേണ്ടി അവിടെ സ്കൂളുകള്‍ നടത്തുന്നുണ്ട്. ആരോഗ്യപരമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ക്രൈസ്തവ മിഷണറിമാരുടെ പ്രവർത്തനങ്ങളാണ് പല ഗ്രാമങ്ങളുടെയും വളർച്ചയ്ക്ക് സഹായിക്കുന്നത്. അകാരണമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. വൈദികനായ സുധീറിനെ അവിടെ വിളിച്ചുവരുത്തിയതാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട ആരാധനയാണ് അവിടെ നടന്നത്. പൊലീസ് നടപടിയെ സിഎസ്ഐ ബിഷപ്പ് കൗണ്‍സില്‍ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്മാറണം. കഴിഞ്ഞദിവസം ഉപരാഷ്ട്രപതി ലോക്ഭവനില്‍ വിളിച്ച പങ്കെടുത്തിരുന്നു. ഉപരാഷ്ട്രപതിയോട് ക്രൈസ്തവരോടുള്ള ആക്രമണത്തിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു ക്രൈസ്തവ ബിഷപ്പുമാർ ആവശ്യപ്പെട്ടത്. ആ യോഗം നടന്നതിന് തൊട്ടടുത്ത ദിവസമാണ് നാഗ്പൂരില്‍ ഈ സംഭവം. സർക്കാരിന് നേതൃത്വം നല്കുന്ന രാഷ്ട്രീയ പാർട്ടി ഇതിനോട് പ്രതികരിക്കണമെന്നും ബിഷപ്പ് സാബു മലയില്‍ കോശി പറഞ്ഞു.
നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിൻ, എന്നിവരെ കൂടാതെ ഇവരുടെ സഹായിയടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്. നാഗ്പൂരിലെ ഷിംഗോഡിയില്‍ വെച്ചാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തെന്നാണ് എന്ന സി എസ് ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചത്. പുരോഹിതനും ഭാര്യയും കൂടാതെ, അറസ്റ്റിനെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ നാല് പേർക്കെതിരെയും ക്രിസ്മസ് പ്രാർത്ഥനയോഗം നടന്ന വീടിന്റെ ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെയും കേസെടുത്തു. പ്രദേശത്തുള്ള വിശ്വാസികളായ നാല് പേരും പ്രതികളാണ്.



