ലഖ്നൗ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പള്ളിക്ക് മുന്നില്‍ ബജറംഗ്ദള് പ്രതിഷേധം. പിന്നാലെ 60 വയസുള്ള പാസ്റ്ററേയും മകനേയും അറസ്റ്റ് ചെയ്ത് പൊലീസ്.
ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം. പാസ്റ്ററായ ഡേവിഡ് ഗ്ലാഡിയോണ്‍, മകൻ അഭിഷേക് ഗ്ലാഡിയോണ്‍ എന്നിവരെയാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദുവനിതകളെ പണവും ഉപഹാരവും നല്കി മതം മാറ്റാൻ പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് പള്ളിക്കു മുന്നില്‍ ബജറംഗ്ദള് പ്രതിഷേധം നടത്തിയത്.

ഞായറാഴ്ച പ്രാർത്ഥന നടക്കുന്ന പള്ളിക്ക് മുമ്പില്‍ മൂന്നു മണിക്കൂറിലേറെയാണ് ബജറംഗ്ദള് പ്രവർത്തകർ പ്രതിഷേധിച്ചത്. പണം, ജോലി, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവ വാഗ്ദാനം ചെയ്ത് മതം മാറ്റുന്നു എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. 150 ലേറെ ആളുകള്‍ പള്ളിക്ക് ഉള്ളിലുണ്ടെന്നും അവരില്‍ വലിയൊരു വിഭാഗം സ്ത്രീകളാണെന്നും ഇവർ ആരോപിച്ചിരുന്നു. പ്രതിഷേധം നടക്കുന്നതറിഞ്ഞ് എത്തിയ പൊലീസ് ഇൻസ്പെക്ടർ പാസ്റ്ററേയും മകനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ രാധാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ദേവിഗഞ്ചിലെ ഇന്ത്യ പ്രെസ്ബിറ്റീരിയന്‍ ചര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
പാസ്റ്റർക്കും മകനും തിരിച്ചറിയാത്ത ഏഴു പേർക്കുമെതിരെ ഉത്തർപ്രദേശിലെ നിർബന്ധിത മതപരിവർത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് രാധാനഗർ പൊലീസ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ മൗര്യ പറഞ്ഞു. ദേവ് പ്രകാശ് പസ്വാൻ എന്ന തദ്ദേശവാസി കൊടുത്ത പരാതിയിലാണ് പാസ്റ്റർക്കും മകനുമെതിരെ കേസ് എടുത്തിരിക്കുന്നത്.
ഇന്ത്യയില്‍ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് പാസ്റ്റർക്കും മകനുമെതിരെയുള്ള ബജറംഗ് ദള്‍ പ്രതിഷേധവും അറസ്റ്റും.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്ക് പ്രകാരം ക്രൈസ്തവർക്കെതിരെ 834 ആക്രമണങ്ങളാണ് 2024ല്‍ റിപ്പോർട്ട് ചെയ്തത്. ആക്രമണ സംഭവങ്ങളുടെ പ്രതിമാസ ശരാശരി 69.5 ആണ്. മതത്തിന്റെ പേരിലുള്ള പീഡനത്തിന്റെ ആശങ്കപ്പെടുത്തുന്ന കണക്കാണിത്. 2025ല്‍ നവംബർ വരെ മാത്രം 706 ആക്രമണ സംഭവങ്ങളാണ് ക്രൈസ്തവർക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും വ്യാജ മതപരിവർത്തന ആരോപണങ്ങളാണ് ആക്രമണത്തിന് പിന്നില്‍. 2025ലെ നവംബർ വരെയുള്ള കണക്ക് പരിഗണിച്ചാല്‍ ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിട്ടുള്ള രണ്ട് സംസ്ഥാനങ്ങള്‍ ഉത്തർപ്രദേശും ഛത്തീസ്ഗഢുമാണെന്നും യുസിഎഫ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.
എഫ്ഐആറില്‍ പറയുന്നത്:
ദേവ് പ്രകാശ് പാസ്വാന്റെ പരാതിയില്‍ ഭാരതീയ ന്യായസംഹിത, 2023 ലെ സെക്ഷന്‍ 299, 351(3), ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം, 2021 ലെ സെക്ഷന്‍ 3, 5(1) എന്നിവ പ്രകാരം പാസ്റ്റര്‍ ഡേവിഡ് ഗ്ലാഡ്വിന്, മകന് അഭിഷേക് ഗ്ലാഡ്വിന്, കെകെ ബംഗാളി എന്ന ജോഹാന്‍ വിശ്വാസ് എന്നിവര്‍ക്കും അജ്ഞാതരായ 5-6 പേര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 28 ന് രാവിലെ 10 മണിയോടെ തന്നെയും കൂട്ടാളികളായ നീരജ് പാസ്വാനെയും സുശീല്‍ റായ്ദാസിനെയും ദേവിഗഞ്ചിലെ പള്ളിയിലേക്ക് വിളിപ്പിച്ചതായും പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ യേശുക്രിസ്തുവിന്റെ സ്തുതിഗീതങ്ങളും ആരാധനയും ഉള്‍പ്പെടുന്ന ഒരു പ്രാര്‍ത്ഥനാ സമ്മേളനം നടക്കുന്നതായി ദേവപ്രകാശ് പരാതിയില്‍ പറഞ്ഞു.
പ്രാര്‍ത്ഥനാ യോഗത്തിനിടെ ഹിന്ദു ദേവതകള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടന്നു. പള്ളിയിലുണ്ടായിരുന്നവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സമ്മര്‍ദ്ദത്തിലാക്കി. ക്രിസ്തുമതം സ്വീകരിക്കുന്ന ഏതൊരാള്‍ക്കും പണവും വീട്ടുപകരണങ്ങളും തൊഴിലും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും നല്‍കുമെന്ന് ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു.

ദേവ്പ്രകാശും കൂട്ടാളികളും എതിര്‍പ്പ് പ്രകടിപ്പിക്കുകയും പ്രതിഷേധിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍, അവര്‍ക്ക് 1,100 രൂപ നല്‍കുകയും മിണ്ടാതിരിക്കാന്‍ പറയുകയും ചെയ്തു. മിണ്ടാതിരുന്നാല്‍ കൂടുതല്‍ പണം പാസ്റ്ററും കൂട്ടാളികളും വാഗ്ദാനം ചെയ്തു്.
പ്രതി തന്റെ ഗ്രാമം ആവര്‍ത്തിച്ച് സന്ദര്‍ശിച്ച്, യേശുക്രിസ്തുവിന്റെ ചിത്രങ്ങള്‍ വീടുകളില്‍ സ്ഥാപിക്കണമെന്നും എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകണമെന്നും താമസക്കാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി കൊണ്ടുവരുന്ന ഓരോ വ്യക്തിക്കും പാസ്റ്ററും കൂട്ടാളികളും സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്തു. വിസമ്മതിച്ച ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ഭയം സൃഷ്ടിച്ചിട്ടുണ്ടെന്നും, ആളുകളെ മാനസികമായി പീഡിപ്പിക്കുകയോ, വീടുകള്‍ ഉപേക്ഷിക്കാന്‍ നിര്ബന്ധിതരാക്കുകയോ, അല്ലെങ്കില്‍ അങ്ങേയറ്റത്തെ ദുരിതത്തിലേക്ക് തള്ളിവിടുകയോ ചെയ്തുവെന്നും, ഇത് ആത്മഹത്യാശ്രമങ്ങളിലേക്ക് നയിച്ചുവെന്നും പാസ്വാന് പറഞ്ഞു.




