കോട്ടയം: പാലാ നഗരസഭയുടെ ചെയർപേഴ്‌സണ്‍ ആയി ദിയ ബിനുവിനെ തിരഞ്ഞെടുത്തു. ഇതോടെ ആദ്യമായി ജെൻ സീ ഭരണത്തിനാണ് പാലാ ഒരുങ്ങുന്നത്. 21കാരിയായ ദിയാബിനു പുളിക്കകണ്ടം നഗരമാതാവായി ചുമതലയേറ്റെടുത്തതോടെ മാറുന്നത് ചരിത്രമാണ്.
ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരമാതാവ് എന്ന നേട്ടം ദിയയ്ക്ക് സ്വന്തം. ഇന്നാണ് പാലാ നഗരസഭയിലെ ചെയർപേഴ്‌സണെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്.ഒട്ടേറെ നാടകീയതകള്‍ക്കൊടുവില്‍ പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനു എത്തുമ്ബോള്‍ യുവാക്കളുടെ പ്രാതിനിധ്യം എന്ന ആവശ്യമാണ് യാഥാർഥ്യമാവുന്നത്.
അടിസ്ഥാന വികസനത്തില്‍ ഊന്നിയുള്ള മാർഗരേഖകളുമായാണ് നഗരസഭാ ചെയർപേഴ്‌സണ്‍ സ്ഥാനത്ത് ചുമതല ഏല്‍ക്കുന്നത് എന്ന് ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.ആർക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന പാലാ നഗരസഭയില്‍ പിന്തുണ വേണ്ടവർക്ക് മുന്നില്‍ പുളിക്കണ്ടം കുടുംബം മുന്നോട്ടുവച്ചതും ദിയ ബിനുവിനെ ചെയർപേഴ്‌സണ്‍ ആക്കണമെന്ന ആവശ്യമായിരുന്നു.
ദിയ ചെയർപേഴ്‌സണ്‍ ആയ നഗരസഭ കൗണ്‍സിലില്‍ അച്ഛൻ ബിനു പുളിക്കണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്ക കണ്ടവും ഒപ്പമുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.മദ്രാസ് ക്രിസ്ത്യൻ കോളേജില്‍നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ദിയാ ബിനു ചെയർപേഴ്‌സണ്‍ സ്ഥാനത്തിരുന്ന് കൊണ്ട് തന്നെ തുടർ വിദ്യാഭ്യാസം നടത്താനുള്ള തീരുമാനത്തിലാണ്.
പഠനവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ട് പോവുന്നതിന് തടസവുമുണ്ടാവില്ല. ദിയയുടെ ചെയർപേഴ്‌സണ്‍ സ്ഥാനം ഏറ്റെടുക്കല്‍ കൂടുതല്‍ യുവാക്കളെ രാഷ്രീയത്തിലേക്ക് നയിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.ഭരണം പിടിക്കാൻ മന്ത്രി വിഎൻ വാസവന്റെയും സിപിഎം ജില്ലാ സെക്രട്ടറി ടിആർ രഘുനാഥിന്റെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് കാര്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഇതിനായി പുളിക്കകണ്ടം കുടുംബവുമായി നേതാക്കള്‍ നേരിട്ടെത്തി ചർച്ചകള്‍ നടത്തിയെങ്കിലും അധ്യക്ഷസ്ഥാനം സംബന്ധിച്ച ധാരണയിലെത്താൻ സാധിക്കാതെ വരികയായിരുന്നു.ഇതോടെയാണ് പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്തിരിക്കേണ്ടി വന്നത്. ആകെ 26 സീറ്റുകളുള്ള നഗരസഭയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
എല്‍ഡിഎഫ് 12 സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫ് 10 സീറ്റുകളും സ്വതന്ത്രർ 4 സീറ്റുകളുമാണ് നേടിയിരുന്നത്.സ്വതന്ത്രരില്‍ 3 പേർ പുളിക്കകണ്ടം കുടുംബാംഗങ്ങളും ഒരാള്‍ കോണ്‍ഗ്രസ് വിമതനുമായിരുന്നു. ഇവർ യുഡിഎഫിനെ പിന്തുണച്ചോടെയാണ് ഭരണം അവിടേക്ക് പോയത്. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇവിടുത്തെ ഫലം കേരള കോണ്‍ഗ്രസ് എമ്മിന് ഉള്‍പ്പെടെ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആദ്യമായി പാലാ നഗരസഭയില്‍ പ്രതിപക്ഷത്തായതിന്റെ ക്ഷീണവും അവർ അനുഭവിക്കേണ്ടി വരും.




