അങ്കാറ: ലിബിയൻ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അല്‍ ഹദ്ദാദ് വിമാനാപകടത്തില്‍ മരിച്ചു. തുർക്കി സന്ദർശനം പൂർത്തിയാക്കി മടങ്ങവെയാണ് മുഹമ്മദ് അലി അല്‍ ഹദ്ദാദ് സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ടത്.
അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി 8.10ന് പുറപ്പെട്ട വിമാനം അരമണിക്കൂറിനകം ഹൈമാന പ്രദേശത്ത് തകർന്നു വീഴുകയായിരുന്നു.
അപകടത്തില്‍ അലി അഹമ്മദിനും നാല് ഉദ്യോഗസ്ഥർക്കും മൂന്ന് ക്രൂ അംഗങ്ങൾക്കും ജീവൻ നഷ്‌ടമായതായി അധികൃതര്‍ അറിയിച്ചു..ഭിന്നിച്ചുനിന്നിരുന്ന ലിബിയൻ സൈന്യത്തെ ഏകോപിപ്പിക്കുന്നതിനായി യുഎൻ മധ്യസ്ഥതയില്‍ നടന്ന ശ്രമങ്ങളില്‍ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ജനറല്‍ മുഹമ്മദ് അലി അല്‍ ഹദ്ദാദ്.
ഇന്നലെ രാത്രി പറന്നുയർന്ന വിമാനം 40 മിനിറ്റന് ശേഷം ആശയവിനിമയബന്ധം നഷ്‌ടപ്പെടുകയായിരുന്നുവെന്ന് തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ സമൂഹ മാധ്യമം വഴി അറിയിച്ചു. ആശയവിനിമയം നിലക്കുന്നതിന് മുമ്പ് തന്നെ വിമാനം ഹെയ്‌മാനക്ക് സമീപം അടിയന്തര ലാൻഡിങ്ങിന് സിഗ്‌നൽ നൽകിയതായും യെർലികായ പറഞ്ഞു.
തുർക്കി-ലിബിയ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഉന്നതതല ചർച്ചകളില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബൈബ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹദ്ദാദിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുത തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും അടിയന്തര ലാൻഡിങ്ങിനായി വിമാനം എസെൻബോഗയിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്‌തിരുന്നുവെന്ന് തുർക്കി പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് മേധാവി ബർഹാനെറ്റിൻ ഡുറാൻ വ്യക്തമാക്കി.
ലാൻഡിങ്ങിനായി വിമാനം താഴേക്ക് ഇറങ്ങുന്നതിനിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്നും പിന്നീട് ഹെയ്‌മാനയിൽ തകർന്ന് വീഴുകയുമായിരുന്നെന്ന് ബർഹാനെറ്റിൻ ഡുറാൻ പറഞ്ഞു. സംഭവത്തെ തുടർന്ന് അങ്കാറയിലെ വിമാനത്താവളം താൽക്കാലികമായി അടച്ചുപൂട്ടി. നിരവധി വിമാനങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നാല് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് തുർക്കി നീതിന്യായ മന്ത്രാലയം അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി തുർക്കി അധികൃതരുമായി പ്രവർത്തിക്കാൻ ലിബിയ ഒരു സംഘത്തെ അങ്കാറയിലേക്ക് അയക്കുമെന്ന് ഭരണകൂടം ഫേസ്‌ബുക്ക് വഴി അറിയിച്ചു.
പടിഞ്ഞാറൻ ലിബിയയിലെ ഉന്നത സൈനിക കമാൻഡറായിരുന്നു അൽ-ഹദ്ദാദ്. ലിബിയയിലെ സൈന്യത്തെ ഏകീകരിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. തുർക്കി-ലിബിയ ഉഭയകക്ഷി സൈനിക സഹകരണം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ സംബന്ധിച്ച ഉന്നതതല പ്രതിരോധ ചർച്ചകളിൽ സംവദിക്കുന്നതിനാണ് അൽ-ഹദ്ദാദ് അടങ്ങുന്ന സംഘം തുർക്കിയിലെത്തിയത്.




