ഡല്‍ഹി: ഉത്തരേന്ത്യയില്‍ പലയിടത്തും ബജറങ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞു. ഡല്‍ഹി ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു.
ഇത്തരമാഘോഷങ്ങള്‍ വീട്ടിലിരുന്ന് മതിയെന്നായിരുന്നു ഭീഷണി. സാന്താക്ലോസ് തൊപ്പി ധരിച്ചതിനാല്‍ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തുമെന്ന് ആരോപിക്കുകയും പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
ഇത് വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമമായ എക്സില്‍ പ്രചരിക്കുന്നുണ്ട്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം മുംബൈയില്‍, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ ക്രിസ്മസ് പരിപാടി തടസ്സപ്പെടുത്തിരുന്നു. ക്രിസ്മസ് ആഘോഷിക്കുന്നതിന് പകരം കുട്ടികളോട് ഹനുമാന്‍ ചാലിസ ചൊല്ലാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് ഇത്തവണ ക്രിസ്മസ് അവധിയില്ല. പകരം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ ജന്മജതാബ്ദി ആഘോഷിക്കാനാണ് തീരുമാനം.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വാജ്‌പേയ്‌യുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സ്‌കൂളുകളില്‍ പ്ലാന്‍ ചെയ്യുന്നത്. ഈ ദിവസം വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളില്‍ ക്രിസ്മസിന് അവധി നല്‍കിയിരുന്നു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്മസ് പ്രമാണിച്ച് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ക്രിസ്മസ് പ്രമാണിച്ച് നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു




