കാങ്കർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ക്രിസ്ത്യാനികളുടെ ശവസംസ്കാര അവകാശങ്ങളെച്ചൊല്ലിയുള്ള അക്രമത്തില്‍ കാങ്കർ ജില്ലയിലെ ഒരു ജനക്കൂട്ടം പള്ളിയുടെ പ്രാർത്ഥനാ ഹാള്‍ തകർത്തു.
കഴിഞ്ഞ മൂന്ന് ദിവസമായി ഇടയ്ക്കിടെ ഉണ്ടായ ഏറ്റുമുട്ടലുകളില്‍ പോലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കാങ്കർ ജില്ലയില്‍ ഉള്‍പ്പെടുന്ന ബഡെറ്റെവ്ഡ ഗ്രാമത്തിലാണ് പ്രശ്നങ്ങളുടെ തുടക്കം. ഡിസംബർ 16 ചൊവ്വാഴ്ചയായിരുന്നു സംഭവം.
മതപരിവർത്തനം നടത്തിയ സർപഞ്ച് രാജ്മാൻ സലാം, തൻ്റെ വിശ്വാസപ്രകാരം മരിച്ചുപോയ 70 വയസുകാരനായ തൻ്റെ പിതാവിൻ്റെ സംസ്കാരം നടത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പിതാവ് ക്രിസ്ത്യാനിയല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ക്രിസ്ത്യൻ രീതിയില്‍ സംസ്കാരം നടത്തരുതെന്ന് നാട്ടുകാർ രാജ്മാൻ സലാമിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനെ ഇദ്ദേഹം എതിർത്തു. പിതാവിൻ്റെ മൃതദേഹം തങ്ങള്‍ സംസ്കരിക്കുമെന്നും രാജ്മാൻ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നും നാട്ടുകാരും നിലപാടെടുത്തുവെന്നാണ് വിവരം. എന്നാല്‍ തൻ്റെ വീടിനോട് ചേർന്ന് തൻ്റെ ഭൂമിയില്‍ തന്നെ രാജ്മാൻ സലാം ക്രൈസ്തവ രീതിയില്‍ മൃതദേഹം സംസ്കരിച്ചു. ഇതോടെ കുപിതരായ നാട്ടുകാർ സംഘടിച്ച് അക്രമം അഴിച്ചുവിട്ടുവെന്നാണ് വിവരം.
മൃതദേഹം പുറത്തെടുത്ത്, മരിച്ചയാളുടെ മതപരമായ രീതിയില്‍ തന്നെ സംസ്കരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിനോട് രാജ്മാൻ സലാം ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യുന്നില്ല. ഇതോടെയാണ് ഡിസംബർ 16, 17 തീയ്യതികളില്‍ വലിയ തോതില്‍ സംഘർഷാവസ്ഥ തുടങ്ങിയത്.
ഇന്നലെ ആയുധധാരികളായ സംഘം ഗ്രാമത്തിലേക്ക് പ്രവേശിച്ചതോടെ സംഘർഷം രൂക്ഷമായി. സംഘർഷത്തില്‍ ഇതുവരെ 20 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്തറില്‍ മരിച്ചവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട് തർക്കം പതിവാണ്. ജനുവരിയില്‍ പിതാവിൻ്റെ സംസ്കാരം ക്രിസ്ത്യൻ രീതിയില്‍ നടത്താൻ ശ്മശാനത്തിലോ സ്വകാര്യ ഭൂമിയിലോ സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഹർജി തള്ളിയെങ്കിലും സംസ്ഥാനത്തെമ്ബാടും ക്രിസ്ത്യാനികളുടെ സംസ്കാര ചടങ്ങിനായി പ്രത്യേക ശ്മശാനങ്ങള്‍ തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നല്‍കിയിരുന്നു. ഒടുവില്‍ സ്വന്തം പ്രദേശത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള ക്രിസ്ത്യൻ ശ്മശാനത്തിലാണ് സംസ്കരിച്ചത്.
അതേസമയം ഗ്രാമതലത്തില്‍ പ്രശ്നം പരിഹരിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടതിനാല്‍ ശവസംസ്കാര അവകാശങ്ങള്‍ക്കായി ഒരാള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത് വേദനാജനകമാണെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. ബസ്തർ ഡിവിഷനിലെ ഏഴ് ജില്ലകളില്‍ കാങ്കറും ബസ്തറും ഉള്‍പ്പെടുന്നു.




