ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടയിടിച്ചതിനെ തുടർന്ന് ബസുകള്‍ക്ക് തീപിടിച്ച് വൻ അപകടം. ഡല്‍ഹി-ആഗ്ര എക്സ്പ്രസ് വേയില്‍ ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
നാലുപേർ മരിക്കുകയും 25 പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. നാലിലധികം ബസുകള്‍ക്ക് തീപിടിച്ചു. അപകടസമയത്ത് ബസുകളില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പത്തിലധികം ഫയർഎഞ്ചിനുകളാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മൂടല്‍ മഞ്ഞിനെതുടർന്ന് കാഴ്ച മറഞ്ഞതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാൻ കഴിയാതിരുന്നത് അപകടങ്ങള്‍ക്ക് കാരണമായി. ‘എക്സ്പ്രസ് വേയിലെ ആഗ്ര-നോയിഡ ലെയ്നിലെ മൈല്‍സ്റ്റോണ്‍ 127 ലാണ് അപകടം നടന്നത്. മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു, ഏഴ് ബസുകള്‍ ഇവയിലേക്ക് ഇടിച്ചുകയറി, അതില്‍ ഒന്ന് റോഡ്വേ ബസാണ്, മറ്റ് ആറെണ്ണം സ്ലീപ്പർ ബസുകളാണ്’- മഥുര റൂറല്‍ എസ് പി സുരേഷ് ചന്ദ്ര റാവത്ത് ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടത്തെ തുടർന്ന് എക്സ്പ്രസ് വേയില്‍ ഒരു വശത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു. അപകടം നടന്ന വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുറത്തെത്തിച്ചെന്ന് യുപി പൊലീസ് പറഞ്ഞു.
മൂടല്‍മഞ്ഞിനെത്തുടർന്ന് ഉത്തരേന്ത്യയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് തുടർകഥയാവുകയാണ്. തിങ്കളാഴ്ച പുലർച്ചെ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയിലും ഇത്തരത്തില്‍ ഇരുപതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു.



