കൊളംബിയയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 17 മരണം, 20 പേര്‍ക്ക് പരിക്ക്

കൊളംബിയ: വടക്കൻ കൊളംബിയയില്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ സഞ്ചരിച്ച ബസ് പാറക്കെട്ടില്‍ നിന്ന് താഴേക്ക് മറിഞ്ഞ് 17 പേർ മരിക്കുകയും 20 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വടക്കൻ കൊളംബിയയിലെ ആൻ്റിയോക്വിയ പ്രവിശ്യയിലാണ് അപകടം ഉണ്ടായത്. ആൻ്റിയോക്വിയൻ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

വിദ്യാർത്ഥികള്‍ കരീബിയൻ പട്ടണമായ ടോളുവില്‍ ഒരു സ്കൂള്‍ യാത്രയുടെ ഭാഗമായി പോവുകയും അവിടെവെച്ച്‌ തങ്ങളുടെ ബിരുദദാന ചടങ്ങ് ആഘോഷിക്കുകയും ചെയ്ത ശേഷം മെഡെലിനിലേക്ക് മടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി വൈകി സംഭവിച്ച അപകടത്തില്‍ 17 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആൻ്റിയോക്വിയ ഗവർണർ ആൻഡ്രസ് ജൂലിയൻ അറിയിച്ചു. ഡിസംബർ മാസത്തില്‍ ഈ വാർത്ത കേള്‍ക്കുന്നത് സമൂഹത്തിന് കഠിനമാണെന്നും അദ്ദേഹം പറഞ്ഞു.