
ടി വൈ ജയിംസ്, ഇടുക്കി
കേരളത്തിലെ ക്രൈസ്തവ സഭകൾ മറ്റേതൊരു കാലഘട്ടത്തെക്കാളധികം ഗുരുതരമായ പ്രതിസന്ധികളിലൂടെ പോവുകയാണ്. സഭയ്ക്ക് പുറത്തു നിന്നുള്ള പ്രശ്നങ്ങളും ആക്രമണങ്ങളും സഭയെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങളല്ല, മറിച്ച് അതെല്ലാം സഭയെ ശുദ്ധീകരിക്കാനും ശക്‌തീകരിക്കാനുമുള്ള ദൈവീക ഇടപെടൽ ആയിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. ചില നാളുകളായി കേരളത്തിലെ എല്ലാ ക്രൈസ്തവസഭാ വിഭാഗങ്ങളിലും പലവിധ പ്രശ്നങ്ങൾ നാമ്പെടുത്ത് വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. കത്തോലിക്കാ സഭ മുതൽ പെന്തക്കോസ്ത് സഭകൾ വരെ സഭാ വ്യത്യാസമില്ലാതെ പ്രശ്നങ്ങളിലൂടെ പോവുകയാണ്.
ഞങ്ങളുടെ ഇടയിൽ ഒരു പ്രശ്നങ്ങളുമില്ല എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാതെ യാഥാർത്ഥ്യത്തെ യാഥാർത്ഥ്യമായി തന്നെ ഉൾക്കൊണ്ട് പരിഹാരം കാണാൻ ശ്രമിച്ചാൽ ഇനിയും രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. സാധാരണക്കാർ ദൈവത്തെ പോലെയോ അതിനേക്കാൾ അധികമോ ബഹുമാനിച്ചിരുന്ന അപ്രമാദിത്യമുണ്ടെന്ന് പോലും അവകാശപ്പെട്ടിരുന്ന പോപ്പ് മുതലുള്ള എല്ലാ സഭാ മേലധികാരികളെയും ജനങ്ങൾ ചോദ്യം ചെയ്തു തുടങ്ങി. അതിൽ കർദ്ദിനാൾ, ആർച്ച് ബിഷപ്പ്, തിരുമേനി, സഭാ പ്രസിഡന്റ് എന്നുള്ള വൃത്യാസമില്ലാതെ ജനങ്ങൾ പലരുടെയും പൊയ്മുഖങ്ങൾ സമൂഹമധ്യേ തുറന്നു കാട്ടി. പലരെയും പരസ്യ വിചാരണയ്ക്ക് പോലും വിധേയരാക്കി. ഇതിനെല്ലാം കാരണങ്ങൾ പലതാണ്. അതിൽ ഭൂമി തട്ടിപ്പ് തുടങ്ങി പുറത്തു പറയാൻ അറയ്ക്കുന്ന അധികാര ദുർവിനിയോഗങ്ങളുടെ വിഴുപ്പ് പാണ്ഡങ്ങൾ വരെയുണ്ട്. ഇക്കാര്യത്തിൽ മാത്രം സഭാ സംഘടന വ്യത്യാസം ലവലേശം പോലുമില്ല എന്നതാണ് സത്യം.
നമ്മുടെ അയൽ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ് ,നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾ തെരുവിലിറങ്ങി നിർഗുണ പരബ്രഹ്മ സ്വജനപക്ഷപാതികളായ ഭരണാധികാരികളെ നിഷ്കാസനം ചെയ്തതും നാം കണ്ടതാണ് .
ദൈവം ശിക്ഷിക്കും ദൈവം ചോദിക്കും എന്നൊക്കെയുള്ള ക്ലീഷേ ഡയലോഗുകളും വിരട്ടലും വിലപേശലകളും പണ്ടേ പോലെ ഇപ്പോൾ ഫലിക്കുന്നില്ല. “അധർമ്മികളായ അധികാരികളായ നിങ്ങളോട് ചോദിക്കാത്ത ദൈവം ഞങ്ങളോടെന്തിനു ചോദിക്കണം” എന്നാണ് സാധാരണക്കാർ തിരിച്ചു ചോദിക്കുന്നത്.
എതിർ ശബ്ദങ്ങളെയും എതിർ നിരൂപണങ്ങളെയും സഹർഷം സ്വാഗതം ചെയ്യേണ്ടതിന് പകരം എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന ഏകാധിപത്യ പ്രവണത ആത്മീയരെന്നവകാശപ്പെടുന്നവരുടെ ഇടയിലും കണ്ടുവരുന്നു .
തങ്ങൾക്ക് പ്രതികരിക്കാനോ പ്രതിഷേധിക്കാനോ മറ്റ് വേദികളില്ലാത്ത സാധാരണ ജനങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രതികരിക്കുമ്പോൾ വ്യക്തി വിരോധം തീർക്കാനും എതിർ ഗ്രൂപ്പിനു വേണ്ടി മറു ഗ്രൂപ്പിനെ ഒതുക്കാനും അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതല്ല. അങ്ങനെ പ്രതികരിക്കുന്നവരെല്ലാം സഭാവിരുദ്ധരോ സുവിശേഷ വിരോധികളോ
അല്ലെന്ന യാഥാർത്ഥ്യം നേതൃത്വം മനസ്സിലാക്കേണ്ടതാണ്.
നമ്മളെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നവരെ ഒരുമിച്ച് ഉൾക്കൊണ്ടു പോകാനുള്ള ഹൃദയ വിശാലത നമുക്കുണ്ടോ?
കുതികാല് വെട്ടിയും പിന്നാമ്പുറങ്ങളിൽ നാലാംകിട രാഷ്ട്രീയം കളിച്ചും സംഘടനാ നേതൃത്വത്തിൽ എത്തിയവർ തങ്ങൾ മറ്റുള്ളവരെക്കാൾ വിശുദ്ധരും ശ്രേഷ്ഠരും മാറ്റങ്ങൾ ആവശ്യമില്ലാത്തവരുമാണെന്നുള്ള ചിന്താഗതി അവരെ പിടിവാശിക്കാരും അഹങ്കാരികളും ആക്കി മാറ്റുന്നു.
പരിധി വിട്ടാൽ ജനങ്ങൾ സംഘടിക്കുകയും അധികാരം കൈയാളുന്നവരെ നാടുകടത്തുകയും ചെയ്യുമെന്നുള്ളത് നമ്മുടെ അയൽ രാജ്യങ്ങളിലെ വർത്തമാന കാല സംഭവങ്ങൾ സൂചിപ്പിക്കുന്നു.ഭരണാധികാരികളുടെ ദുർ ചെയ്തികളെ ചോദ്യം ചെയ്താൽ അവരെ രാജ്യവിരുദ്ധരായി ചാപ്പ കുത്തുന്ന പ്രവണത നമ്മുടെ നാട്ടിൽ ഈയിടെ കണ്ടുവരുന്നു. സഭാ നേതാക്കളെ ചോദ്യം ചെയ്താൽ അവരെ സഭാ വിരോധികളാക്കുന്നതും ഇപ്പോൾ സാധാരണമാണ്.
അഭിപ്രായ സ്വാതന്ത്ര്യം ഉള്ളിടത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്.
നമ്മുടെ പ്രശ്നങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് ദൈവസഭയുടെ കടയ്ക്കൽ കത്തി വയ്ക്കലാണെന്നതിൽ സംശയമില്ല.
ദൈവസഭയുടെ തുടക്കം മുതൽ സഭക്കകത്ത് അഭിപ്രായ വ്യത്യാസങ്ങളും പ്രതിസന്ധികളും രൂപപ്പെട്ടിട്ടുണ്ട് അവയെല്ലാം സഭയുടെ നാലു ചുവരുകൾക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിച്ചിട്ടുള്ള നേതൃത്വമായിരുന്നു മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. തങ്ങൾക്കെതിരായി നിൽക്കുന്നവരെ എല്ലാം വെട്ടി നിരത്തി സായൂജ്യമടയുന്ന സഭാഘാതകരായ നേതാക്കന്മാരെയല്ല സഭയ്ക്കാവശ്യം.
ജനങ്ങൾ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും നേതാക്കൾ അവയെ അഭിമുഖീകരിക്കാനും മറുപടി പറയാനും ബാധ്യസ്ഥരാണ്.




