ഷാർജയിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്നു പേർ അറസ്റ്റിൽ

ഷാർജ: ഷാർജയിൽ 17 കിലോഗ്രാമിലധികം വരുന്ന മാരക മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതികളെ പിടികൂടി ഷാർജ പോലീസ്.

ഷാർജ തുറമുഖം, കസ്റ്റംസ് ആന്റ് ഫ്രീ സോൺസ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഷാർജ പോലീസ് രണ്ട് പ്രധാന കൊക്കെയ്ൻ കള്ളക്കടത്ത് ശ്രമങ്ങൾ വിഫലമാക്കിയത്. രണ്ടു ഓപ്പറേഷനുകളിലുമായി 17 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടി. ഡ്രഗ് പ്രിവൻഷൻ ആന്റ് കൺട്രോൾ ഡയറക്ടറേറ്റ് വഴി, ഷാർജ പോലീസ് ജനറൽ കമാൻഡ് നാല് രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്
ശൃംഖലയെയാണ് തകർത്തത്.

ഈ സംഘം 12 കിലോഗ്രാമിലധികം കൊക്കെയ്ൻ യു.എ.ഇയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു. അയൽ ഗൾഫ് രാജ്യം വഴി യു.എ.ഇയിൽ പ്രവേശിച്ച ഉടൻ പ്രാഥമിക പ്രതിയായ ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തതായി മയക്കുമരുന്ന് പ്രതിരോധ, നിയന്ത്രണ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മാജിദ് സുൽത്താൻ അൽഅസം വ്യക്തമാക്കി.

മയക്കുമരുന്ന് ശേഖരം യു.എ.ഇയിൽസ്വീകരിക്കാനിരുന്ന രണ്ട് ആഫ്രിക്കൻ വംശജരെയും കസ്റ്റഡിയിലെടുത്തു.

നാഷണൽ ഏർലി വാണിംഗ് സെന്ററുമായി ഏകോപിപ്പിച്ച അന്വേഷണങ്ങളിലൂടെയും ഇന്റലിജൻസ് പ്രവർത്തനങ്ങളിലൂടെയും, യു.എ.ഇ വിമാനത്താവളം വഴി ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യുന്ന അതേ രാജ്യക്കാരനായ മറ്റൊരു യാത്രക്കാരനെ ഞങ്ങളുടെ ടീമുകൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. രണ്ട് മണിക്കൂറിനുള്ളിൽ ഞങ്ങൾ നാഷണൽ ആന്റി-നാർക്കോട്ടിക്സ് ഏജൻസിയുമായി സഹകരിച്ച് പ്രവർത്തിച്ചു. അതിന്റെ ഫലമായി മയക്കുമരുന്ന് എത്തിക്കാൻ ശ്രമിച്ച ഗൾഫ് രാജ്യത്തു വെച്ച് അഞ്ച് കിലോഗ്രാം കൊക്കെയ്ൻ കൂടി പിടിച്ചെടുത്തതായി ബ്രിഗേഡിയർ മാജിദ് സുൽത്താൻ അൽഅസം പറഞ്ഞു.