ആർക്കുവേണ്ടി കുമ്പനാട് കൺവൻഷൻ ? പ്രശ്‌നങ്ങൾ പരിഹരിക്കാതെ പ്രസംഗകർ വരരുത്; വന്നാൽ നിങ്ങൾ എന്ത് പ്രസംഗിക്കും ?

പാസ്റ്റര്‍ ബൈജു ജോര്‍ജ്ജ്‌
9544681705

‘ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു’ (സഭാ :10:1)

ഇന്ന് ഐപിസി എന്ന തൈലം നാറു മാറാ ക്കിയത് പരിശുദ്ധാത്മാവുമായി ബന്ധം ഇല്ലാത്ത, ദൈവിക ജീവൻ നഷ്ടപെട്ട ചത്ത നേതൃത്വം എന്നത് വളരെ ദുഃഖകരമാണ്.

ഒരുകാലത്ത് അഭിമാനത്തോടെ ഐപിസി യുടെ പേര് പറഞ്ഞിരുന്നു. ഇന്ന് പൊതുസമൂഹത്തിൽ ഐപിസി എന്ന് പറഞ്ഞാൽ തലതാഴ്ത്തേണ്ട അവസ്ഥയായിരിക്കുന്നു. ഒരു ഭാഗത്ത് ഐപിസിയുടെ പിതൃത്വം പോസ്റ്റ്മോർട്ടം ചെയ്ത് പരിശോധിക്കുന്നു. മറുവശത്ത് പെന്തക്കോസ്തുകാരുടെ ആത്മീയ സമ്മേളനത്തിന്റെ വിശുദ്ധ ഭൂമിയായ ഹെബ്രോൻപുരം പൂട്ടിയിടലും പൂട്ടുപൊളിക്കലും, പോലീസ് കാവലും വെല്ലുവിളികളും, നാലാംകിട തറ ഭാഷകളുമായി, 102-ാമ ത് ജനറൽ കൺവെൻഷന്റെ ഒരുക്കങ്ങൾ ‘പുരോഗമിക്കുന്ന’ കാഴ്ചയാണ് കാണുന്നത്. അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ലജ്ജയും സങ്കടവും തോന്നുന്നു.

ഈ എളിയ ലേഖകൻ തികഞ്ഞവനാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും മദ്യത്തിന്റെയും തിന്മയുടെയും ലോകത്തുനിന്ന് യേശുക്രിസ്തുവിലൂടെ മോചനം ലഭിച്ചപ്പോൾ എല്ലാ പാരമ്പര്യങ്ങളും വിട്ട് കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ദൈവവേല ചെയ്യുമ്പോൾ, അഭിമാനത്തോടെ പറയാവുന്ന കാര്യം ജനിച്ചു വളർന്ന ദേശത്ത് തലയിൽ തോർത്ത് ഇടാതെ ഇന്നും സുവിശേഷം പങ്കുവയ്ക്കുവാൻ കൃപയാൽ കഴിയുന്നു എന്നതുകൊണ്ട് ചോദിച്ചു പോകുകയാണ്- എന്തിനാണ് 102-ാമത് ജനറൽ കൺവെൻഷൻ നടത്തുന്നത്? ആരെ മാനസാന്തരപ്പെടുത്താനാണ്?

അവൻ അവരോട്: “വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക (ലൂക്ക് 4:23) എന്ന കർത്താവിന്റെ വാക്കും ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും എന്ന പഴമൊഴിയും ഓർത്തു പോവുകയാണ്.
പ്രിയപെട്ട കൺവെൻഷൻ പ്രാസംഗികരെ, ബഹുമാനം നിലനിർത്തിക്കൊണ്ട് അപേക്ഷിക്കുന്നു പ്രശ്നങ്ങൾ പരിഹരിക്കാതെ കുമ്പനാട് പ്രസംഗിക്കില്ല എന്നൊരു തീരുമാനം എടുക്കണം.
എവിടെയാണ് പ്രശ്നം, എന്താണ് കാരണം എന്ന് ചോദിച്ചാൽ പുതിയ ഭരണഘടനയാണോ? എനിക്കറിയില്ല എന്നാൽ ഒന്നറിയാം ദൈവത്തിന്റെ പ്രമാണം വിട്ടതാണ് എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണം.

2ദിന :34 അധ്യായത്തിൽ യോശിയാവിന്റെ കാലത്തെ ന്യായപ്രമാണം ഇല്ലാത്ത ഉണർവ് പോലെ,
2ദിന 34:14 വാക്യത്തിൽ ആലയത്തിലെ ദ്രവ്യത്തിന്റെ അടിയിൽ മറഞ്ഞു കിടന്ന ന്യായപ്രമാണ പുസ്തകം കണ്ടെത്തിയതു പോലെ പണത്തിന്റെ അടിയിൽ മറഞ്ഞു കിടക്കുന്ന ദൈവവചനത്തിന്റെ പ്രമാണം തിരികെ ലഭിക്കാതെ ഒരു പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയില്ല.

രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പോലും മധ്യസ്ഥന്മാർ വച്ച് ചർച്ച ചെയ്ത് പരിഹരിക്കപ്പെടുമ്പോൾ അരക്കു തോർത്ത് കെട്ടി ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ച എളിയ ക്രിസ്തുവിന്റെ ദാസന്മാർക്ക് വിട്ടുവീഴ്ചാ മനോഭാവവും പരസ്പര ബഹുമാനവും ഇല്ല.

1ശാമു 15 :23 മത്സരവും ശാഠ്യവും ആഭിചാരം പോലെ എന്നു പറയുന്നു. ദൈവകൽപ്പന അനുസരിക്കുന്നതിനേക്കാൾ വലുതല്ല 102ദിവസത്തെ ദിവസത്തെ ഉപവാസവും കൺവെൻഷനും. ഇത് വായിച്ച് ഇവരാരും മാനസാന്തരപ്പെടും എന്നുള്ള വ്യാമോഹം ഒന്നും എനിക്കില്ല.

എന്നാൽ ആലയത്തിലെ വിശുദ്ധ അറ, ബന്ധു നിയമനത്തിലൂടെ, തോബിയാവിനു കിടപ്പാടം ഒരുക്കിക്കൊടുത്ത എല്യശാ പുരോഹിതനെ പോലെയുള്ളവരെ ചോദ്യം ചെയ്ത് ആലയത്തെ ശുദ്ധീകരിച്ച നെഹമ്യാവിനെ പോലെ ചിലരെ ദൈവം എഴുന്നേൽപ്പിക്കാൻ ഇടയാകേണ്ടതിന് കണ്ണുനീരോടെ പ്രാർത്ഥിക്കാം.

യെരുശലേമിന്റെ മതിൽ ഇടിഞ്ഞ് കിടക്കുകയാണ്. ഒരു പുനർ നിർമ്മാണത്തിന് വേണ്ടി ഉപവാസിക്കാം പ്രാർത്ഥിക്കാം.