നിരാശജനകമായ ബജറ്റിൽ പ്രതിഷേധം കനക്കുന്നു; ഇന്ത്യാ മുന്നണിയുടെ പാർലമെൻ്റ് മാർച്ച് ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ നിര്‍ണായക യോഗം ചേര്‍ന്ന് ഇന്ത്യ മുന്നണി നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയിലാണ് യോഗം ചേര്‍ന്നത്. ബജറ്റ് വിവേചനപരമാണെന്ന വികാരം യോഗത്തിലുയര്‍ന്നു.

ബജറ്റിനോടുള്ള അസംതൃപ്തിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ മുന്നണി ഇന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. പാര്‍ലമെന്റിനകത്തും പ്രതിപക്ഷം പ്രതിഷേധിക്കും.

തങ്ങള്‍ ബജറ്റ് ചര്‍ച്ച ചെയ്തുവെന്ന് പ്രമോദ് തിവാരി പറഞ്ഞു. ബി.ജെ.പി. ഇതര സര്‍ക്കാരുകള്‍ ഉള്ളയിടങ്ങള്‍ ബജറ്റില്‍ പരിഗണിക്കപ്പെട്ടില്ല. ഇത് ബി.ജെ.പിയുടെ ബജറ്റ് അല്ല. ഇത് മുഴുവന്‍ രാജ്യത്തിന്റെയും ബജറ്റാണ്. എന്നാല്‍ അവര്‍ ബി.ജെ.പിയുടെ ബജറ്റ് എന്ന പോലെയാണ് അവതരിപ്പിച്ചത്, തിവാരി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ബജറ്റില്‍ അവഗണന നേരിട്ടുവെന്ന് ആരോപിച്ച് കോൺ​ഗ്രസ് മുഖ്യമന്ത്രിമാർ നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും.

ബജറ്റ് അവഗണനയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അവ​ഗണിച്ച
കേന്ദ്ര ബജറ്റിനെതിരായ പ്രതിഷേധമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച ഡി.എം.കെ എം.പിമാർ വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബജറ്റ് എന്ന ആശയത്തെ ഇക്കൊല്ലത്തെ കേന്ദ്രബജറ്റ് തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഭൂരിഭാഗം സംസ്ഥാനങ്ങളോടും സര്‍ക്കാര്‍ വിവേചനം കാണിച്ചു. ഇതിനെതിരേ പ്രതിഷേധിക്കണമെന്നാണ് ഇന്ത്യ മുന്നണിയോഗത്തിലുയര്‍ന്ന പൊതുവികാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി. (എസ്.പി.) അധ്യക്ഷന്‍ ശരദ് പവാര്‍, എ.എ.പി. രാജ്യസഭാംഗങ്ങളായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ജോണ്‍ ബ്രിട്ടാസ്, കനിമൊഴി, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്തു
=======