കളമശേരിയിലെ ജീർണിച്ച മൃതദേഹം; കുവൈറ്റിൽ നിന്ന് നാടുകടത്തിയ സൂരജ് ലാമയുടേതെന്ന് സംശയം

കുവൈറ്റിൽ മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കൊച്ചി കളമശേരിയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കളമശ്ശേരി എച്ച്എംടിക്ക് സമീപത്താണ് കണ്ടെത്തിയിരിക്കുന്നത്. നാടുകടത്തപ്പെട്ട് നെടുമ്പാശേരിി വിമാനത്താവളത്തിൽ എത്തിയ ലാമയെ പിന്നീട് കാണാതാകുകയായിരുന്നു. മകൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു.

കൊൽക്കത്ത സ്വദേശിയായ ലാമ വർഷങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിലെത്തി. പിന്നീട് കുവൈത്തിലേക്ക് പോയ ഇദ്ദേഹം അവിടെ നാല് റെസ്റ്റോറന്റുകളുടെ ഉടമയായി മാറി. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 23 പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽപെട്ട് ലാമക്ക് ഓർമ നഷ്ടപ്പെട്ടു. വിസ കാലാവധി കഴിഞ്ഞുവെന്ന് പറഞ്ഞ് കുവൈത്ത് അധികൃതർ കുടുംബത്തെ അറിയിക്കാതെ ഇദ്ദേഹത്തെ ബംഗളൂരുവിന് പകരം കൊച്ചിയിലേക്ക് നാടുകടത്തി.

സ്വന്തം പേരു പോലും ഓർമയില്ലാതിരുന്ന ലാമ കൊച്ചിയിൽ പലഭാഗത്തും അലഞ്ഞുതിരിഞ്ഞ് നടന്നപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്ത് കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് ഇറങ്ങിപ്പോയതായി കണ്ടെത്തിയിരുന്നു. ഏതാണ്ട് ഈ ഭാഗത്താണ് ഇപ്പോൾ മൃതദേഹം ലഭിച്ചിരിക്കുന്നത്. മരിച്ചത് സൂരജ് ലാമയാണോ എന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകൾക്ക് നടപടി തുടങ്ങി. മകൻ സന്ദൻ ലാമയോട് കൊച്ചിയിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.