ചില സ്വപ്നങ്ങള്‍ നമ്മള്‍ മറന്നാലും ദൈവം മറക്കില്ല

1986 ല്‍ ജമെയ്ക്കയിലെ ഒരു ഗ്രാമത്തില്‍ വെല്ലസ്ലിയുടേയും ജെന്നിഫറിന്റെയും മകനായി ഉസൈന്‍ ജനിച്ചു.

വെല്ലസ്ലി ഒരു ക്രിക്കറ്റ് ഫാനായിരുന്നു. അച്ഛനെപ്പോലെ അവനും ക്രിക്കറ്റ് തന്നെയായിരുന്നു ഇഷ്ടം. പാക്കിസ്ഥാനി ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനുസിന്റെ പ്രകടനം കണ്ട് വലുതാകുമ്പോള്‍ ഇതുപോലെ ഒരു ഫാസ്‌ററ് ബൗളര്‍ ആകാനായിരുന്നു അവന്റെയും ആഗ്രഹം.

ക്രിക്കറ്റും ഫുട്‌ബോളും കൂടാതെ ഓടാനും അവന് വലിയ ഇഷ്ടമായിരുന്നു. തന്റെ 12ാമത്തെ വയസ്സില്‍ സ്‌കൂളിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി അവന്‍ മാറി. ഹൈസ്‌ക്കൂളിലെത്തിയപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതിലും ഫുട്ബോള്‍ കളിക്കുന്നതിലും അവന്റെ വേഗത കണ്ട ക്രിക്കറ്റ് കോച്ച് അവനെ ഉപദേശിച്ചു.

നീ മറ്റ് ഗെയിമുകളിലല്ല ഓട്ടത്തിലാണ് ശ്രദ്ധിക്കേണ്ടത്. അങ്ങനെ അന്ന് മുതല്‍ അവന്‍ ഓടിത്തുടങ്ങി. മുന്‍ ഒളിമ്പിക് സ്പ്രിന്റ് അത്‌ലറ്റ് ആയിരുന്ന പാബ്ലോ മക്‌നീലും ഡ്വെയ്ന്‍ ജാരററും അവന് കോച്ചായി എത്തി.

അങ്ങനെ 2001 ല്‍ അവന്‍ തന്റെ ആദ്യത്തെ ഹൈസ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ സ്വന്തമാക്കി. ആ ഓട്ടം അവന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

ഒന്നിനു പിറകെ ഒന്നായി 8 ഒളിമ്പിക് ഗോള്‍ഡ് മെഡലുകള്‍ സ്വന്തം പേരില്‍ കുറിച്ച ഉസൈന്‍ ബോള്‍ട്ട് എന്ന ലോകോത്തര ഓട്ടക്കാരനായി തീരും വരെ. പക്ഷേ അപ്പോഴും കുട്ടിക്കാലത്ത് ഉസൈന്‍ ബോള്‍ട്ട് കണ്ട ക്രിക്കറ്റര്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാതെ അങ്ങിനെതന്നെ കിടന്നു.

അങ്ങനെയിരിക്കുമ്പോഴാണ് 2024ലെ T20 വേള്‍ഡ് കപ്പിന്റെ അംബാസിഡറാകാനുളള ക്ഷണം ബോള്‍ട്ടിനെ തേടിയെത്തുന്നത്. അങ്ങനെ ലോക ക്രിക്കറ്റിന്റെ ഭാഗമായും ഉസൈന്‍ ബോള്‍ട്ട് മാറി.

ചിലപ്പോള്‍ അങ്ങിനെയാണ്, ചില സ്വപ്നങ്ങള്‍ നമ്മള്‍ മറന്നാലും ദൈവം മറക്കില്ല…

– ശുഭദിനം.