ജെറുസലേം: 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിന് മൂന്ന് ജനറല്‍മാരെ പിരിച്ചുവിട്ട് ഇസ്രായേല്‍ സൈന്യം.
നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണവും കനത്ത തിരിച്ചടിയുമായിരുന്നു ഒക്ടോബർ ഏഴിലേത്.
ആക്രമണത്തിലേക്ക് നയിച്ച പരാജയങ്ങളെക്കുറിച്ച് വ്യവസ്ഥാപരമായ അന്വേഷണം നടത്തണമെന്ന് സൈനിക മേധാവി ഇയാല്‍ സമീർ ആവശ്യപ്പെട്ടതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ നടപടി. ഡിവിഷണല്‍ കമാൻഡർമാർ അടക്കമുള്ളവരാണ് ജനറല്മാരെെയാണ് പുറത്താക്കിയത്. ഇവരില്‍ ഒരാള്‍ അന്ന് സൈനിക ഇന്റലിജൻസ് മേധാവിയായിരുന്നു.
ഗസ്സയില്‍ നിന്നും ഹമാസ് നടത്തിയ ആക്രമണം തടയുന്നതില്‍ സായുധ സേന പരാജയപ്പെട്ടതിന് മൂവരും വ്യക്തിപരമായി ഉത്തരവാദികളാണെന്ന് ഞായറാഴ്ച സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വീഴ്ചയുമായി ബന്ധപ്പെട്ട് മൂവരും രാജിവച്ചതിനു പിന്നാലെയാണ് സൈന്യത്തിന്റെ നടപടി.
നാവിക, വ്യോമസേനാ മേധാവിമാർ, മറ്റ് ജനറല്‍മാർ, മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെയാണ് അച്ചടക്ക നടപടി. ഒക്ടോബർ ഏഴിലെ ആക്രമണങ്ങളെക്കുറിച്ചുള്ള സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കി വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. സൈനിക സംവിധാനത്തിനുള്ളില്‍ ദീർഘകാലമായി വ്യവസ്ഥാപിതവും സംഘടനാപരവുമായ പരാജയം ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അസാധാരണവും ഉയർന്ന നിലവാരമുള്ളതുമായ സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, ആക്രമണത്തെക്കുറിച്ച് അപകടസൂചന നല്കാൻ കഴിയാത്തത് സൈന്യത്തിന്റെ ഇന്റലിജൻസ് പരാജയമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2023 ഒക്ടോബർ ഏഴിന് രാത്രിയിലെ തീരുമാനമെടുക്കലുകളിലെയും സേനാ വിന്യാസത്തിലേയും പോരായ്മകളെയും റിപ്പോർട്ട് അപലപിച്ചു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ പ്രാദേശിക സമയം രാവിലെ 6.30നായിരുന്നു പതിറ്റാണ്ടുകളായി നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ തിരിച്ചടിയെന്നോണം തെല്‍ അവീവിലേക്ക് ഹമാസ് റോക്കറ്റുകള്‍ തൊടുത്തുവിട്ടത്. ഇസ്രായേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളുടെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയണ്‍ ഡോമിന്റേയും കണ്ണുവെട്ടിച്ചായിരുന്നു ആക്രമണം.
‘തൂഫാനുല്‍ അഖ്സ’ എന്ന പേരില്‍ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഇസ്രയേലിലേക്ക് ഹമാസ് പായിച്ചത് 5000ലേറെ റോക്കറ്റുകളായിരു്നനു. ആക്രമണത്തില്‍ 373 സൈനികര്‍ ഉള്‍പ്പെടെ 1,139 പേര് കൊല്ലപ്പെടുകയും 250ലേറെ പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു.



