അബുജ: നൈജീരിയയിലെ വടക്കൻ-മധ്യ നൈജർ സംസ്ഥാനത്ത് വെള്ളിയാഴ്ച പുലർച്ചെ ഒരു കൂട്ടം സായുധ കൊള്ളക്കാർ സ്വകാര്യ കത്തോലിക്കാ സ്കൂളില്‍ അതിക്രമിച്ചു കയറി നൂറുകണക്കിന് സ്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി.
ചില വിദ്യാർത്ഥികള്‍ക്ക് സുരക്ഷിത സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞെന്നും എന്നാല്‍ 303 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും സംഘം തട്ടിക്കൊണ്ടുപോയെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ പറഞ്ഞു. കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ രക്ഷിതാക്കള്‍ സ്കൂളില്‍ എത്തിയിട്ടുണ്ടെന്ന് നൈജർ സ്റ്റേറ്റ് ചാപ്റ്റർ ചെയർമാൻ മോസ്റ്റ്. റവ. ബുലസ് ദൗവ യോഹന്ന പറഞ്ഞു.
നൈജീരിയയുടെ തലസ്ഥാനമായ അബുജയുമായി അതിർത്തി പങ്കിടുന്ന നൈജറില്‍ തോക്കുധാരികള്‍ ഒരു പള്ളിയില്‍ നടത്തിയ സമാനമായ ആക്രമണം നടത്തുതിയിരുന്നു. ഈ ആഴ്ച, വടക്കുപടിഞ്ഞാറൻ കെബ്ബി സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ ബോർഡിംഗ് സ്കൂളില്‍ അതിക്രമിച്ചു കയറിയ ആയുധധാരികള്‍ 25 വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. ഈ ആക്രമണത്തില്‍ സ്കൂളിന്റെ വൈസ് പ്രിൻസിപ്പല്‍ വെടിയേറ്റ് മരിച്ചു.

സെന്റ് മേരീസ് സ്കൂളിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തെ നൈജർ സംസ്ഥാന സർക്കാർ അപലപിച്ചു. തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷാ സേന പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് നൈജർ സംസ്ഥാന പോലീസ് കമാൻഡ് വെള്ളിയാഴ്ച പറഞ്ഞു. നൈജീരിയയില്‍ ഇസ്ലാമിക കലാപകാരികള്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തുവെന്നും വേണമെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
2014 ല്‍ തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം 276 പെണ്‍കുട്ടികളെയാണു സ്കൂള്‍ ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. ബന്ദിപ്പണം നല്‍കിയാണ് ഇവരെ പിന്നീടു മോചിപ്പിച്ചത്. ഇതുവരെ 1500 പെണ്‍കുട്ടികളെ സമാനമായി രീതിയില്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അതേസമയം, സ്കൂള്‍ ഹോസ്റ്റലില്‍ നിന്നും കടത്തിക്കൊണ്ട് പോയ വിദ്യാർഥികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഇതിനായി സൈന്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്നും സായുധ സംഘത്തെ കണ്ടെത്താൻ വ്യാപകമായ അന്വേഷണം നടക്കുകയായണെന്നും പോലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.



