ബജറ്റ്: വിലക്കയറ്റം നാല് ശതമാനത്തിന് താഴെ; യുവാക്കൾക്ക് പ്രധാനമന്ത്രിയുടെ അഞ്ചിന പദ്ധതി

ന്യൂഡൽഹി :മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക വളർച്ച തുടരുന്നുവെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വിലക്കയറ്റം ലക്ഷ്യമായ നാല് ശതമാനത്തിന് താഴെ. ദാരിദ്ര്യ നിർമാർജനം, കൃഷി, സ്ത്രീ സുരക്ഷ, യുവജനക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ 80 കോടിയിലേറെ പേർക്ക് പ്രയോജനം ലഭിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക പരിഷ്കരണത്തിന് ഊന്നൽ നൽകുമെന്നും യുവാക്കൾക്ക് പ്രധാനമന്ത്രിയുടെ അഞ്ചിന പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. വികസിത ഭാരതിനായി പദ്ധതികളുണ്ടാകും. തൊഴിൽ സൃഷ്ടി, നൈപുണ്യ വികസനം എന്നിവക്കായി 2 ലക്ഷം കോടിയുടെ അഞ്ചു പദ്ധതികൾ ആവിഷ്‌കരിക്കും. ദേശീയ സഹകരണ നയം കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

ബജറ്റിന്റെ 9 മുൻഗണനകളാണ് നൽകിയിരിക്കുന്നത്. കാർഷികോത്പാദനം, തൊഴിൽ, നൈപുണ്യ വികസനം, മാനവവിഭവശേഷിയും സാമൂഹിക നീതിയും, ഉത്പാദനവും സേവനവും, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം, പുതുതലമുറ പദ്ധതികൾ എന്നിവക്കാണ് മുൻ​ഗണന. എല്ലാവരെയും ഉൾച്ചേർത്തുള്ള വികസനമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.

സഖ്യകക്ഷികള്‍ക്ക് കൈനിറയെ, ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജ്.
ആന്ധ്രാപ്രദേശില്‍ പുതിയ തലസ്ഥാനം വികസിപ്പിക്കുന്നതിന് ബജറ്റില്‍ 15000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഈ വര്‍ഷം 15000 കോടിയുടെ പാക്കേജ് നല്‍കും. അടുത്ത വര്‍ഷങ്ങളിലും സാമ്പത്തിക സഹായം തുടരുമെന്നും ധനമന്ത്രി അറിയിച്ചു. വിവിധ വികസന ഏജന്‍സികളുടെ സഹായത്തോടെ ബിഹാറിനും പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്നും ബജറ്റ് പ്രഖ്യാപനം. സഖ്യകക്ഷികളായ ജെഡിയുവിനെയും ടിഡിപിയെയും സന്തോഷിപ്പിക്കുന്ന നടപടിയാണ് ബജറ്റ് പ്രഖ്യാപനം. ഇരു സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.
=========