ന്യൂജേഴ്‌സി: 2017-ല്‍ ആന്ധ്രാ സ്വദേശിനി ശശികല നരയും അവരുടെ ആറ് വയസ്സുള്ള മകൻ അനീഷും കുത്തേറ്റ് മരിച്ച കേസില്‍ എട്ട് വർഷത്തിന് ശേഷം വഴിത്തിരിവ്.
കൊല്ലപ്പെട്ട ശശികലയുടെ ഭർത്താവിൻ്റെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദ് എന്ന ഇന്ത്യൻ പൗരനെതിരെയാണ് അമേരിക്കൻ അധികൃതർ ഇപ്പോള്‍ കുറ്റം ചുമത്തിയിരിക്കുന്നത്. ഹമീദ് കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
എന്നാല്‍, ഇയാള്‍ക്ക് ഔദ്യോഗികമായി കമ്പനി നല്‍കിയ ലാപ്ടോപ്പില്‍ നിന്ന് ലഭിച്ച ഡിഎൻഎ സാംപിളാണ് വർഷങ്ങള്‍ക്ക് ശേഷം പ്രതിയെ കണ്ടെത്താൻ നിർണായകമായത്. കൊലപാതക കുറ്റം ചുമത്തിയ അധികൃതർ, വിചാരണയ്ക്കായി ഹമീദിനെ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. 2017 മാർച്ച് 23 ന് ഹനു നര വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ശശികല നരയെയും മകൻ അനീഷിനെയും കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തങ്ങളെ ആക്രമിച്ചയാളെ ചെറുക്കാൻ ശ്രമിച്ചതിൻ്റെ മുറിവുകള്‍ ഇരുവരുടെയും ശരീരത്തില്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിരവധി രക്തക്കറ സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇരകളുടെയോ ഹനു നരയുടെയോ അല്ലാത്ത ഒരൊറ്റ രക്തത്തുള്ളി കണ്ടെത്തിയത് കേസില്‍ ദുരൂഹതയായി തുടർന്നു. കോഗ്നിസൻ്റ് ടെക്നോളജീസിലെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദ്, ഹനു നരയെ മുൻപ് ശല്യപ്പെടുത്തിയതിന് ആരോപണവിധേയനായിരുന്നു.
കൊലപാതകത്തിനു ശേഷം ആറുമാസത്തിനകം ഇന്ത്യയിലേക്ക് മടങ്ങിയ ഹമീദ് സാങ്കേതികവിദ്യയിലുള്ള തൻ്റെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചതായി അധികൃതർ കരുതുന്നു. വർഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍, 2024-ല്‍ അമേരിക്കൻ അധികൃതർ കോടതി ഉത്തരവോടെ ഹമീദിൻ്റെ ഔദ്യോഗിക ലാപ്ടോപ്പ് കമ്ബനിയില്‍ നിന്ന് ആവശ്യപ്പെട്ടു. ഹമീദ് ഡി.എൻ.എ. സാംപിള്‍ നല്‍കാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഈ നീക്കം.
ലാപ്ടോപ്പില്‍ നിന്ന് ശേഖരിച്ച ഡി എൻ.എ. സാംപിള്‍, കൊലപാതക സ്ഥലത്ത് നിന്ന് ലഭിച്ച അജ്ഞാത രക്തത്തുള്ളിയുടെ ഡി.എൻ.എ.യുമായി കൃത്യമായി പൊരുത്തപ്പെട്ടു. ഇതോടെ എട്ടു വർഷമായി ദുരൂഹമായിരുന്ന കേസില്‍ വഴിത്തിരിവുണ്ടായി. ഹനു നരയോട് വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിരുന്നിരിക്കാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. നിലവില്‍, ഹമീദിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. വിചാരണയ്ക്കായി ഹമീദിനെ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികളുമായി അന്വേഷണ ഉദ്യോഗസ്ഥർ മുന്നോട്ട് പോവുകയാണെന്നും യു.എസ്. മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.



