രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാൻ ആഴ്ചകള്‍ മാത്രം ശേഷിക്കെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുണ്ടായ കാറപകടത്തില്‍ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം.
എട്ട് മാസം ഗർഭിണിയായിരുന്ന സമൻവിത ധരേശ്വർ (33) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെയും ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8 മണിയോടെ സിഡ്‌നിയിലെ ഹോണ്‍സ്ബിയിലെ ജോർജ് സ്ട്രീറ്റിലാണ് സംഭവം. സമൻവിത ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്.
നടപ്പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കിയ കാർ സ്പീഡ് കുറച്ച് നിർത്തി. എന്നാല്‍, പിന്നില്‍ നിന്ന് അമിത വേഗത്തിലെത്തിയ ബി.എം.ഡബ്ല്യു. കാർ കിയയെ ഇടിക്കുകയും, ഈ രണ്ട് കാറുകളും യുവതിയെ ഇടിച്ചു വീഴ്ത്തുകയുമായിരുന്നു.
19 വയസുകാരനാണ് ആഡംബര ബിഎംഡബ്ല്യു കാർ ഓടിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ബിഎംഡബ്ല്യു കാറിന്റെ ഡ്രൈവറെ പിന്നീട് വഹ്രൂംഗയിലെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മരണത്തിന് കാരണമാകുന്ന അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധമായി വാഹനമോടിക്കല്‍, ഗർഭസ്ഥ ശിശുവിൻ്റെ മരണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.



