ചെങ്കോട്ട സ്‌ഫോടനം: മൂന്ന്‌ ഡോക്‌ടര്‍മാരടക്കം 5 പേര്‍ കൂടി പിടിയില്‍

ചണ്ഡിഗഡ്‌/ഹരിയാന: ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസില്‍ മൂന്ന്‌ ഡോക്‌ടര്‍മാരടക്കം അഞ്ചുപേര്‍ കൂടി പിടിയില്‍. ഡോക്‌ടര്‍മാരില്‍ ഒരാള്‍ ഹരിയാന ഫരീദാബാദിലെ അല്‍ ഫലാ സര്‍വകലാശാല മെഡിക്കല്‍ കോളജില്‍ മുമ്ബ്‌ സര്‍ജനായിരുന്നു.

പഞ്ചാബിലെ പത്താന്‍കോട്ട്‌ സ്വദേശിയാണ്‌ ഇയാള്‍. മറ്റ്‌ രണ്ട്‌ ഡോക്‌ടര്‍മാര്‍ ഹരിയാന, നൂഹ്‌ സ്വദേശികളാണ്‌. ഇവര്‍ക്കു പുറമേ രണ്ട്‌ വളം, വിത്ത്‌ വ്യാപാരികളും ഹരിയാനയിലെ സോഹ്‌നയില്‍നിന്ന്‌ പിടിയിലായി.

ചെങ്കോട്ട സ്‌ഫോടനക്കേസ്‌ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവായ അല്‍ ഫലാ സര്‍വകലാശാല കേന്ദ്ര ഏജന്‍സികളുടെയും ഡല്‍ഹി, ഹരിയാന പോലീസിന്റെയും കര്‍ശന നിരീക്ഷണത്തിലാണ്‌. സര്‍വകലാശാലയുടെ ഭൂരേഖകള്‍ റവന്യൂ അധികൃതര്‍ പരിശോധിച്ചുവരുന്നു. സ്‌ഫോടനക്കേസില പ്രതികളായ നാല്‌ ഡോക്‌ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ റദ്ദാക്കി. ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. മുസാഫര്‍ അഹമ്മദ്‌, ഡോ. അദീല്‍ അഹമ്മദ്‌ റാത്തര്‍, ഡോ. ഷഹീന്‍ സയിദ്‌ എന്നിവര്‍ക്കാണു വിലക്കേര്‍പ്പെടുത്തിയത്‌. ഇവര്‍ക്കു രാജ്യത്തെവിടെയും മെഡിക്കല്‍ പ്രാക്‌ടീസ്‌ നടത്താനാവില്ല.

സ്‌ഫോടനത്തില്‍ ചാവേറായ ഡോ. ഉമര്‍ നബിയുമായി ബന്ധം പുലര്‍ത്തിയിരുന്ന റയീസ്‌ അഹമ്മദ്‌ ഭട്ടാ(45)ണ്‌ കേസില്‍ പുതുതായി അറസ്‌റ്റിലായ ഡോക്‌ടര്‍മാരില്‍ ഒരാള്‍. നിലവില്‍ ഇയാള്‍ പത്താന്‍കോട്ടിലെ വൈറ്റ്‌ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്‌തുവരുകയായിരുന്നു. 2020-21 കാലഘട്ടത്തിലാണ്‌ ഭട്ട്‌ അല്‍ ഫലാ സര്‍വകലാശാലയില്‍ ജോലി ചെയ്‌തിരുന്നത്‌. അവിടം വിട്ടശേഷവും ജീവനക്കാരുമായി ഇയാള്‍ നിരന്തരസമ്ബര്‍ക്കത്തിലായിരുന്നെന്ന്‌ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഭീകരസംഘടനകളായ ജയ്‌ഷെ മുഹമ്മദും അന്‍സാര്‍ ഘസ്‌വത്‌ ഉല്‍ ഹിന്ദും പിന്തുണയ്‌ക്കുന്ന ‘വൈറ്റ്‌ കോളര്‍’ ഭീകരശൃംഖലയിലെ കണ്ണിയാണോ ഭട്ടെന്ന്‌ പരിശോധിച്ചുവരുന്നു.

ഹരിയാനയിലെ നൂഹില്‍നിന്ന്‌ കസ്‌റ്റഡിയിലെടുത്ത രണ്ട്‌ ഡോക്‌ടര്‍മാരില്‍ ഒരാളായ മസ്‌ത്‌കിം എം.ബി.ബി.എസ്‌. പൂര്‍ത്തിയാക്കിയശേഷം അല്‍ ഫലാ മെഡിക്കല്‍ കോളജില്‍ ഈമാസം രണ്ടുവരെ അപ്രന്റീസായിരുന്നു. കഴിഞ്ഞ ഒന്‍പതിന്‌ ഇയാള്‍ ഡല്‍ഹിയിലേക്കു യാത്രചെയ്‌തു. പിറ്റേന്നാണ്‌ ചെങ്കോട്ടയ്‌ക്കു സമീപം സ്‌ഫോടനമുണ്ടായത്‌. ഇയാള്‍ക്കൊപ്പം പിടിയിലായ ഡോ. രഹാന്‍ അല്‍ ഫലാ സര്‍വകലാശാലയിലെ മുന്‍വിദ്യാര്‍ത്ഥിയാണ്‌. നിലവില്‍ നൂഹിലെ ഒരു സ്വകാര്യാശുപത്രിയില്‍ ജോലിചെയ്യുന്നു. ഭീകരസംഘത്തില്‍പ്പെട്ടവര്‍ക്കു രാസവസ്‌തുക്കള്‍ നല്‍കിയെന്ന സംശയത്തിലാണ്‌ സോഹ്‌നയിലെ വളം, വിത്ത്‌ വ്യാപാരസ്‌ഥാപനത്തിന്റെ ഉടമകളായ രണ്ടുപേരെ ചോദ്യംചെയ്യാന്‍ കസ്‌റ്റഡിയിലെടുത്തത്‌.

അതേ സമയം, ഡല്‍ഹി സ്‌ഫോടനക്കേസ്‌ പ്രതികള്‍ ആശയവിനിമയത്തിനായി ‘ഡെഡ്‌ ഡ്രോപ്പ്‌’ ഇമെയിലുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. അറസ്‌റ്റിലായ ഡോക്‌ടര്‍മാര്‍ ആ രീതിയിലൂടെയാണ്‌ ഭീകരാക്രമണം ആസൂത്രണം ചെയ്‌തത്‌. ഡോക്‌ടര്‍മാര്‍ പരസ്‌പരം ആശയവിനിമയം നടത്താനും മറ്റുള്ളവരുമായി ബന്ധം സ്‌ഥാപിക്കാനും ഒരു പങ്കിട്ട ഇമെയില്‍ അക്കൗണ്ട്‌ ഉപയോഗിച്ചതായി ഉറവിടങ്ങള്‍ പറയുന്നു.

അവരുടെ പദ്ധതികള്‍ ഡ്രാഫ്‌റ്റുകളില്‍ ടൈപ്പ്‌ ചെയ്യുകയും മറ്റുള്ളവര്‍ ലോഗിന്‍ ചെയ്‌ത്‌ അത്‌ വായിക്കുകയും ചെയ്യുകയായിരുന്നു. ഇമെയിലുകള്‍ ഒരിക്കലും അയയ്‌ക്കാത്തതിനാല്‍ ഡിജിറ്റല്‍ ട്രാക്ക്‌ കണ്ടെത്താന്‍ പ്രയാസമായി. തീവ്രവാദ, ചാര ശൃംഖലകള്‍ സാധാരണയായി ഉപയോഗിക്കുന്ന ‘ഡെഡ്‌ ഡ്രോപ്പ്‌’ ഇമെയില്‍ സാങ്കേതികവിദ്യയാണത്‌.

അതിനിടെ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ജോലി ചെയ്‌തിരുന്ന ഫരീദാബാദിലെ അല്‍ ഫലാ സര്‍വകലാശാലയ്‌ക്കെതിരേ കേസെടുത്തു. ഡല്‍ഹി പോലീസിന്റെ ൈക്രംബ്രാഞ്ച്‌ വിഭാഗം രണ്ട്‌ കേസാണ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഇതിലൊന്ന്‌ വഞ്ചനയുമായി ബന്ധപ്പെട്ടും മറ്റൊന്ന്‌ വ്യാജരേഖ ചമച്ചതിനുമാണെന്ന്‌ പോലീസ്‌ അറിയിച്ചു.