ക്രൈസ്തവചിന്ത ഇഷ്ടമുള്ളവർക്ക് അവാർഡ് കൊടുക്കും. അതിൽ ജമാഅത്തെ ഇസ്ലാമിക്കും മീഡിയ വണ്ണിനും എന്ത് കാര്യം? അഡ്വ. ജയശങ്കർ ചോദിച്ചു. ക്രൈസ്തവ ചിന്ത വിഎം മാത്യു പുരസ്കാരം തെഹൽക മാത്യു ശാമുവലിന് നൽകി ക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷ പ്രചാരകർക്ക് അവാർഡ് കൊടുക്കുന്നു എന്നായിരുന്നു മീഡിയാവണ്ണിൻ്റെ പരിഭവം. അഡ്വ. ജയശങ്കറും മറുനാടൻ മലയാളിയും മാത്യു ശാമുവലുമൊക്കെ സംഘപരിവാറിന് വേണ്ടി നിലകൊള്ളുന്നവരാണ് എന്ന് പറഞ്ഞ് കരയാനും മീഡിയ വൺ മറന്നില്ല. ഇതിന് മറുപടിയായിട്ടാണ് ക്രൈസ്തവചിന്ത വി.എം മാത്യു അവാർഡ് മീഡിയവണ്ണും ജമാഅത്തെ ഇസ്ളാമിയും തീരുമാനിക്കേണ്ടതില്ലെന്ന് ജയശങ്കർ പറഞ്ഞത്.

തുടർന്ന് അദ്ദേഹം പെന്തക്കോസ്ത് സഭകളെ കുറിച്ചും പരാമർശിച്ച് സംസാരിച്ചു. ” ഇതര എപ്പിസ്‌കോപ്പൽ സഭകളെ പോലെ പെന്തക്കോസ്ത് സഭകൾക്ക് തമ്മിൽ തമ്മിൽ ഐക്യത ഇല്ലാത്തതാണ് ഈ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അത് പെന്തക്കോസ്തു സഭകളുടെ മൂല്യച്യുതി വർധിപ്പിക്കുകയും വർഗീയ ശക്തികൾക്ക് അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യും. സാമൂഹികമായി പെന്തക്കോസ്ത് സഭകൾക്ക് ഒരു പ്രശ്നം ഉണ്ടായാൽ പെന്തക്കോസ്‌തിനുള്ളിലെ വിഭാഗീയത മറന്ന് ഒന്നിച്ചു നിന്ന് അതിനെതിരെ പ്രതിരിക്കണമെന്നും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും നേടിയെടുക്കണമെന്നും” അഡ്വ. ജയശങ്കർ തന്റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു.

പെന്തക്കോസ്ത് സമൂഹത്തിനു വേണ്ടി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പ്രതിഭകൾക്കാണ് ഈ പുരസ്ക്കാരം കൊടുക്കുന്നത്. എല്ലാ വർഷവും നടത്തിവരുന്ന ഈ അവാർഡിന് ഈ വർഷം അർഹനായത് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാത്യു ശാമുവേൽ (ന്യൂ ഡൽഹി) ആണ്. ഭരതത്തിലുടനീളം ഇവാൻഞ്ചലിസ്റ്റിക് ഗ്രൂപ്പുകൾക്കെതിരെ വർഗീയ ശക്തികൾ നടത്തുന്ന വിഭാഗീയതക്കും പീഡനത്തിനുമെതിരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് മാത്യു ശാമുവേൽ. ഇത് കണക്കിലെടുത്താണ് ഈ വർഷത്തെ ജേതാവായി അദ്ദേഹത്തെ ക്രൈസ്തവചിന്ത ബോർഡ് തെരഞ്ഞെടുത്തത്.
പാസ്റ്റർ റ്റി റ്റി ജേക്കബും, കെ എൻ റസ്സലും സമ്മേളനം നിയന്ത്രിച്ചു. റോമിയോ സ്വാഗതം അറിയിച്ചു. റിട്ട. പ്രൊഫ.ഡോ. ഓമന റസ്സൽ പുരസ്‌ക്കാര ജേതാവിനെ പരിചയപ്പെടുത്തി.
സാമൂഹിക സാംസ്ക്കാരിക മേഖലയിലുള്ളവരും വിവിധ ക്രൈസ്തവ പത്ര പ്രവർത്തകരും പാസ്റ്റർമാരും വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തു. വി.എം മാത്യു സാറിൻ്റെ മകൻ കുര്യൻ മാത്യു അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡ് സമ്മാനിച്ചു.
ക്യാൻസർ രോഗികൾക്കായി ഇനിമുതൽ കൊടുക്കുന്ന ചികിത്സാ സഹായം രണ്ട് പേർക്ക് കൈമാറിക്കൊണ്ട് ഡൽഹി ഹാർവെസ്റ്റ് മിഷൻ ഡയറക്ടർ റവ. ബാബു ജോൺ നിർവ്വഹിച്ചു. ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ എൻ റസ്സൽ മുഖ്യ അതിഥികളെ സദസിന് പരിചയപ്പെടുത്തി.
സാംകുട്ടി ചാക്കോ നിലമ്പൂർ(ഹല്ലേലുയ്യ ചീഫ് എഡിറ്റർ), അച്ഛൻകുഞ്ഞു ഇലന്തൂർ (മരുപ്പച്ച ചീഫ് എഡിറ്റർ) അനിൽ കൊടിത്തോട്ടം, ജെയ്സ് പാണ്ടനാട്, സാംസൺ കോട്ടൂർ, പാസ്റ്റർ ലൈജു ചെറിയാൻ,
പാസ്റ്റർ റോയിസൺ ജോണി, സന്ദീപ് വിളുമ്പുകണ്ടം , പാസ്റ്റർ ജോസഫ് ജേക്കബ്, ജോജി ഐപ്പ് മാത്യൂസ്, അജീഷ് ജോസഫ് ( സാ ക്ഷി) എന്നിവർ ആശംസകൾ അറിയിച്ചു.
പ്രാർത്ഥന പാസ്റ്റർ ജോജി ജോൺ, ഷാജി ആലുവിള എന്നിവരും, ആശിർവാദ പ്രാർത്ഥന പാസ്റ്റർ ബിജു ജോസും നിർവ്വഹിച്ചു. പാസ്റ്റർ ഏ.കെ. രാജൻ നന്ദി പറഞ്ഞു.
–ഷാജി ആലുവിള




