തിരുവനന്തപുരം: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ജില്ലകളിലും സുരക്ഷ ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു.
പ്രധാന നഗരങ്ങൾ, സുരക്ഷ മേഖലകൾ എന്നിവടങ്ങളിൽ പോലീസും ബോംബ് സ്്ക്വാഡും പരിശോധനകൾ നടത്തും. ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിൽ പരിശോധകൾ ബോംബ് സ്ക്വാഡിന്റെ ഉൾപ്പടെയുള്ള പരിശോധനകൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി.
അതേസമയം, ഡൽഹിയിലെ സ്ഫോടനത്തിൽ പത്തിലധികം പേര് കൊല്ലപ്പെട്ടതായി സംശയിക്കുന്നു. 12 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. ഇവരെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്.
ചെങ്കോട്ടയ്ക്ക് സമീപത്തുള്ള മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപത്താണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ഡൽഹി പോലീസ് പറഞ്ഞു. സ്ഫോടനത്തിന പിന്നാലെ നിരവധി വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. രണ്ടര കിലോമീറ്റർ അകലെവരെ സ്ഫോടന ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഡൽഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ചെങ്കോട്ട. ആൾക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രധാന അന്വേഷണ ഏജൻസികളും സ്ഫോടന നടന്ന സ്ഥലത്തെത്തിയിട്ടുണ്ട്.
ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്ഫോടനവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ അന്വേഷണവും നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തെ കുറിച്ച് ഡൽഹി പൊലീസ് കമ്മിഷണറുമായും സ്പെഷൽ ബ്രാഞ്ച് മേധാവിയുമായും സംസാരിച്ചു. എല്ലാ പ്രധാന അന്വേഷണ ഏജൻസികളും സ്ഥലത്ത് ഉണ്ടെന്ന് സ്ഥിരീകരിച്ചതായും അമിത് ഷാ പറഞ്ഞു. സ്ഫോടന സ്ഥലവും പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും അദ്ദേഹം സന്ദർശിച്ചു.



