പൊതുസ്ഥലങ്ങളില്‍ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാന ഇടക്കാല വിധിയുമായി സുപ്രീം കോടതി.ദേശീയപാതയടക്കം റോഡുകളില്‍ നിന്നും പൊതുയിടങ്ങളില്‍ നിന്നും കന്നുകാലികള്‍, നായ്‌ക്കള്‍ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദേശം നല്‍കി സുപ്രീംകോടതി.

നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. പിടികൂടുന്ന നായ്‌ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിട്ടു.

‘രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സർക്കാർ കെട്ടിടങ്ങള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ തെരുവ് നായ്‌ക്കള്‍ പ്രവേശിക്കുന്നത് തടയാൻ വേലി കെട്ടണം. നായ്‌ക്കള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ പൊതുസ്ഥലങ്ങള്‍ പരിശോധിക്കണം. ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും വിശദമായ സത്യവാങ്മൂലം സമർപ്പിക്കണം.’ഉത്തരവില്‍ പറയുന്നു.

ദേശീയപാതകളില്‍ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയില്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിർമാർ സുപ്രീംകോടതിയെ അറിയിക്കണം. കന്നുകാലികള്‍, നായ്‌ക്കള്‍ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

തലസ്ഥാനമായ ഡല്‍ഹിയിലെ തെരുവ് നായ്‌ക്കളുടെ പ്രശ്നം സുപ്രീം കോടതി ബെഞ്ച് ഓഗസ്റ്റ് 22 ന്, സ്വന്തം നിലയില്‍ ഏറ്റെടുക്കുകയും, വാദം കേള്‍ക്കുകയും, ഡല്‍ഹിയില്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ ചില ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

ഈ ഉത്തരവുകള്‍ നടപ്പിലാക്കുന്നതില്‍ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍, തെലങ്കാന ചീഫ് സെക്രട്ടറിമാർ ഒഴികെയുള്ള എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും തിങ്കളാഴ്ച നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടിരുന്നു. അതനുസരിച്ച്‌, എല്ലാവരും ഹാജരായി. പൊതുജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത വിധത്തില്‍ തെരുവ് നായ്‌ക്കളെ പോറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓരോ വാർഡിലും പ്രത്യേക സ്ഥലം അനുവദിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

ഇതിനുപുറമെ, സർക്കാർ ഓഫീസ് പരിസരങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാർ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെ കോടതി ശക്തമായി അപലപിച്ചു. തെരുവ് നായ പ്രശ്നത്തെക്കുറിച്ച്‌ 7-ാം തീയതി (ഇന്ന്) ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജഡ്ജിമാർ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് , തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഇടക്കാല പുറപ്പെടുവിച്ചത്.