‘വിശ്വഹിന്ദു പരിഷത്തും ബജരംഗ്ദളും തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കിയതാണ്‌’; മധ്യപ്രദേശില്‍ അറസ്റ്റിലായ മലയാളി വൈദികൻ

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച്‌ തന്നെ ജയിലില്‍ അടച്ചതിന് പിന്നില്‍ ഗൂഢാലോചനെയെന്ന് മലയാളി വൈദികൻ ഫാദർ ഗോഡ്‍വിൻ.

താൻ ഒരു വ്യക്തിയെപോലും മതം മാറ്റാൻ ശ്രമിച്ചിട്ടില്ല. തന്നെ മനപ്പൂർവ്വം കേസില്‍ കുടുക്കിയതാണെന്നും, ഇതിന് പിന്നില്‍ വിശ്വഹിന്ദു പരിഷത്തും ബജരംഗ്ദളുമാണെന്നും വൈദികൻ പറഞ്ഞു. ബിജെപി നേതാക്കള്‍ ഒളിപ്പോരുകാരാണ്.

ക്രിസ്ത്യാനികള്‍ക്ക് ഒപ്പമെന്ന് പറയുന്ന ഇവർ രഹസ്യമായി ആക്രമണം നടത്തുന്നു എന്നും ഫാദർ വ്യക്തമാക്കി. മതപരിവർത്തനവുമായി ബന്ധപ്പെട്ട് വൈദികനെതിരെ പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പോലീസ് വ്യക്തത വരുത്തുന്നില്ല. പല സംഘടനകളുമായി ചേർന്ന് നിന്ന് മതപരിവർത്തനം നടത്തി എന്ന ആരോപണം മാത്രമാണ് നിലവിലുള്ളത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ മാസം 25നാണ് ഗോഡ്‍വിൻ അറസ്റ്റിലാവുന്നത്. തിരുവനന്തപുരത്തെ മലയിൻകീഴ് സ്വദേശിയാണ് ഗോഡ്വിൻ. ചർച്ച്‌ ഓഫ് സൗത്ത് ഇന്ത്യ (സിഎസ്‌ഐ) യുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ഇയാളെ ജാബുവയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവില്‍ രത്‌ലം ജയിലില്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെയാണ് മധ്യപ്രദേശിലെ രത്ലം ജില്ലാ കോടതി ഗോഡ്വിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. അതേസമയം കേസ് ഡയറി കോടതിയില്‍ ഹാജരാക്കാതെ പൊലീസ് മനപൂർവം കേസ് വൈകിപ്പിക്കുന്നുവെന്ന് സിഎസ്‌ഐ സഭാ വൈദികർ ആരോപിച്ചിരുന്നു.