അര്‍ഹമായത് മാത്രം സ്വന്തമാക്കാന്‍ നമുക്ക് ശീലിക്കാം

ധനികനായിരുന്നുവെങ്കിലും സ്വാര്‍ത്ഥനും പിശുക്കനുമായിരുന്നു അയാള്‍. ഒരിക്കല്‍ അയാളുടെ അന്‍പത് സ്വര്‍ണ്ണനാണയങ്ങള്‍ അടങ്ങിയ സഞ്ചി നഷ്ടപ്പെട്ടു.

ഇത് ഒരു പെണ്‍കുട്ടിക്കാണ് ലഭിച്ചത്. അതവള്‍ തന്റെ അച്ഛനെ അറിയിച്ചു. അച്ഛനും മകളും ചേര്‍ന്ന് ഈ സഞ്ചി ആ ധനികനെ ഏല്‍പ്പിച്ചു. അയാളുടെ സ്വാര്‍ത്ഥത ഉണര്‍ന്നു.

അയാള്‍ പറഞ്ഞു, തന്റെ സഞ്ചിയില്‍ എഴുപത്തിയഞ്ച് സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ടായിരുന്നു. ഇതിലെ ഇരുപത്തിയഞ്ച് നാണയങ്ങള്‍ ഈ പെണ്‍കുട്ടിയാണ് എടുത്തത് എന്ന് അയാള്‍ വാദിച്ചു.

അവസാനം അവര്‍ ഗ്രാമമുഖ്യന്റെ അരികിലെത്തി. ഗ്രാമമുഖ്യന്‍ ഇയാളുടെ കൗശലം തിരിച്ചറിഞ്ഞു. ഗ്രാമുഖ്യന്‍ പറഞ്ഞു:

ഇയാളുടെ നഷ്ടപ്പെട്ട സഞ്ചിയില്‍ 75 സ്വര്‍ണ്ണനാണയങ്ങളാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഇത് ഇയാളുടേതല്ല. സഞ്ചിക്ക് മറ്റ് അവകാശികളില്ലാത്തതിനാല്‍ നാണയമടങ്ങിയ സഞ്ചി ആ പെണ്‍കുട്ടിക്ക് തന്നെ കൊടുക്കുവാന്‍ ഗ്രാമമുഖ്യന്‍ കല്‍പിച്ചു.

സത്യം, അര്‍ഹമായ അനുഗ്രഹം കൈക്കുമ്പിളില്‍ നല്‍കും. എന്നാല്‍ അസത്യം, സ്വന്തമാക്കിയ നേട്ടങ്ങളെപ്പോലും തട്ടിത്തെറിപ്പിക്കും. എല്ലാ പ്രവര്‍ത്തിക്കും പ്രതിഫലം ഉണ്ട്. അത് എപ്പോഴെങ്കിലും നമ്മെ തേടി വരിക തന്നെചെയ്യും.

എല്ലാ സമ്പാദ്യങ്ങളുടെ പിന്നിലും ചില ചോദ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.. സ്വരുക്കൂട്ടിയവയില്‍ മറ്റാരുടേയെങ്കിലും കണ്ണീര്‍വീണിട്ടുണ്ടോ? അപരന് അവകാശപ്പെട്ടത് അവരറിയാതെ കൈക്കലാക്കിയിട്ടുണ്ടോ? അന്യരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് അവര്‍ക്ക് അര്‍ഹതപ്പെട്ടതുകൂടി സ്വന്തമാക്കിയിട്ടുണ്ടോ?

ഈ ചോദ്യങ്ങള്‍ക്കെല്ലാം ‘ഇല്ല’ എന്ന ഉത്തരം നല്‍കാന്‍ ആത്മാര്‍ത്ഥമായി നമുക്ക് സാധിക്കട്ടെ ..

അര്‍ഹമായത് മാത്രം സ്വന്തമാക്കാന്‍ നമുക്ക് ശീലിക്കാം

– ശുഭദിനം.