വോട്ടുകൊള്ള നടന്നെന്ന ആരോപണത്തില്‍ രേഖാമൂലം പരാതി നല്‍കണം, രാഹുല്‍ ഗാന്ധിക്ക് കത്തയച്ച്‌ ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡല്‍ഹി: ഹരിയാനയില്‍ വ്യാപക വോട്ടുകൊള്ള നടന്നെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്ത്.

രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ രേഖാമൂലം പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ഹരിയാന തെരഞ്ഞെടുപ്പില്‍ വൻ അട്ടിമറി നടന്നിട്ടുണ്ടന്ന ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. 25 ലക്ഷം കള്ള വോട്ടുകള്‍ ഹരിയാനയില്‍ നടന്നുവെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ബീഹാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്ന ഘട്ടത്തിലായിരുന്നു ഇന്നലെ നിർണ്ണായകമായ വാർത്ത സമ്മേളനം നടത്തി രാഹുല്‍ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

എട്ടില്‍ ഒന്ന് വോട്ടുകളും ഹരിയാനയില്‍ വ്യാജമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഒരു സ്ത്രീയുടെ ഫോട്ടോ വെച്ച്‌ തന്നെ 223 തവണ വോട്ട് ചെയ്തുവെന്നും തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആണിതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വലിയ തട്ടിപ്പ് നടത്തിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇക്കാരണം കൊണ്ടാണ് സിസിടിവി ഫൂട്ടേജ് പുറത്തുവിടാൻ തയ്യാറാകാത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതു തെളിയിക്കുന്ന രേഖകള്‍ പ്രദർശിപ്പിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. 1 ,24 ,177 വോട്ടുകള്‍ വ്യാജ ഫോട്ടോ ഉപയോഗിച്ച്‌ ചെയ്തവയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച്‌ പോലും തട്ടിപ്പ് നടന്നു. വ്യാജ വോട്ട് ചെയ്തവരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവരും ഉള്‍പ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹരിയാനയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രേഖകള്‍ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യം അവതരിപ്പിച്ചത്. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണെന്നും എട്ടു സീറ്റുകളില്‍ 22 മുതല്‍ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയതെന്നും രാഹുല്‍ പറഞ്ഞു. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നു, 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകള്‍ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തില്‍ അധികം ബള്‍ക്ക് വോട്ടുകളുമായിരുന്നു. എട്ടില്‍ ഒന്ന് വോട്ടുകള്‍ ഹരിയാനയില്‍ വ്യാജമാണ്. ഇതുകൊണ്ട് 22000 വോട്ടിന് കോണ്‍ഗ്രസ് തോറ്റുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹരിയാനയില്‍ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായത്. പോസ്റ്റല്‍ വോട്ടുകളില്‍ കോണ്‍ഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാല്‍ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റല്‍ വോട്ടും പോളിങ്ങും സാധാരണ ഒരുപോലെ. എന്നാല്‍ ഹരിയാനയില്‍ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. യുവജനങ്ങളോടാണ് സംസാരിക്കുന്നതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം വോട്ട് കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഹരിയാനയില്‍ ഇതിന്റെ ഭാഗമായി ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

അതേസമയം ഹരിയാനയില്‍ വ്യാപക വോട്ടുകൊള്ള നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ച ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള വോട്ടര്‍ ഐഡികളില്‍ ഒന്നിന്റെ ഉടമ രംഗത്ത്. കള്ളവോട്ട് ആരോപണം നിഷേധിച്ചുകൊണ്ടാണ് ഹരിയാന വോട്ടർ ആയ സ്ത്രീ രംഗത്ത് വന്നത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പതിച്ച ഇലക്‌ടറല്‍ കാര്‍ഡുള്ള പിങ്കി ജുഗീന്ദര്‍ കൗശിക് ആണ് ആരോപണം നിഷേധിച്ച്‌ രംഗത്ത് എത്തിയിട്ടുള്ളത്, തന്റെ വോട്ട് താന്‍ തന്നെയാണ് ചെയ്തതെന്നും വോട്ട് കൊള്ള എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പിങ്കി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. വോട്ടർ പട്ടികയില്‍ ബ്രസീലിയൻ മോഡലിന്‍റെ ചിത്രം വന്നതെങ്ങനെ എന്ന് തനിക്ക് അറിയില്ലെന്നും അവർ പ്രതികരിച്ചു. ബ്രസീലിയൻ മോഡലിന്‍റെ ചിത്രം പട്ടികയിലുള്ള മറ്റ് മൂന്നു പേരും വോട്ട് ചെയ്തിട്ടുണ്ട്. ഇവരും ഹരിയാനയിലെ സ്ഥിരം വോട്ടർമാരാണെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. ഒരേ മേല്‍വിലാസത്തില്‍ 66,501 വോട്ടർമാർ വന്നതിലും ക്രമക്കേടില്ലെന്നും ഒരേ കുടുംബത്തിലെ അംഗങ്ങളോ ഒരേ സ്ഥലത്ത് വീടു വച്ചവരോ ആണ് വോട്ടർമാർ എന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്.

‘വോട്ടർ ഐഡിയില്‍ മുൻപ് തന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു സ്ത്രീയുടെ ചിത്രമാണ് തെറ്റായി പ്രിന്റ് ചെയ്തു വന്നതെന്നും തിരുത്താൻ ആവശ്യപ്പെട്ട് മടക്കി നല്‍കിയെങ്കിലും ശരിയായ ചിത്രമുള്ള വോട്ടർ ഐഡി കാർഡ് ഇതുവരെയും ലഭിച്ചിട്ടില്ല.വോട്ടർ സ്ലിപ്പും ആധാർ കാർഡും ഉപയോഗിച്ചാണ് 2024 ല്‍ വോട്ടു രേഖപ്പെടുത്തിയത്. ബിഎല്‍ഒയുടെയോ തിരഞ്ഞെടുപ്പ് ഓഫിസിന്റെയോ ഭാഗത്തായിരിക്കണം തെറ്റ് സംഭവിച്ചത്. അതെങ്ങനെ എന്റെ തെറ്റാകും? വോട്ടർ ഐഡി കാർഡില്‍ തെറ്റ് സംഭവിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു.’ പിങ്കി പറഞ്ഞു. പിങ്കി തന്നെയാണ് വോട്ടു രേഖപ്പെടുത്തിയതെന്നും ഞങ്ങളുടെ ഭാഗത്തല്ല തെറ്റെന്നും ഭർതൃസഹോദരൻ പറഞ്ഞു.