വര്‍ക്കല: കെടാകുളം കെ.എസ്.ഇ.ബി. ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നില്ലെന്ന് പരാതി. വര്‍ക്കല അയിരൂര്‍ സ്വദേശി പറമ്പില്‍ രാജീവ് അയിരൂര്‍ പോലീസില്‍ പരാതി നല്‍കിയതാണ് വൈദ്യുതി നിഷേധിക്കാന്‍ കാരണം.
ശനിയാഴ്ച രാത്രി 11 മണിയോടെ രാജീവിന്റെ വീട്ടിലെ വൈദ്യുതിമീറ്ററില്‍ നിന്നും തീ ആളിപ്പടര്‍ന്നു. ഇത് കണ്ട സമീപത്തെ ബേക്കറി ഉടമ രാജീവിനോട് ഫോണില്‍ വിളിച്ചറിയിച്ചു. രാജീവ് കുടുംബങ്ങളെ വിളിച്ചുണര്‍ത്തി വീടിന് പുറത്തിറക്കി. തുടര്‍ന്ന് കെടാകുളം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചു. അര മണിക്കൂര്‍ കഴിഞ്ഞാണ് രണ്ട് ലൈന്മാന്മാര് എത്തിയത്. എന്നാല്‍ ജീവനക്കാര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും വൈദ്യുതി കണക്ഷന് വിച്ഛേദിച്ചശേഷം എങ്ങനെയാണ് തീ പിടിച്ചതെന്ന് നോക്കുവാന്‍ ആവശ്യപ്പെട്ട രാജീവിനെ അസഭ്യം വിളിച്ചതായി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അയിരൂര്‍ പോലീസെത്തിയ ശേഷമാണ് വൈദ്യുതി കണക്ഷന് വിച്ഛേദിച്ചത്. കെ.എസ്.ഇ.ബി. ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
രാജീവിന്റെ പരാതിയിന്മേല് അയിരൂര്‍ പോലീസ് ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. രാജീവ് അസഭ്യം വിളിച്ചെന്നാരോപിച്ച് കെ.എസ്.ഇ.ബി. യും അയിരൂര്‍ പോലീസില്‍ പരാതി നല്കി.
ഞായറാഴ്ച രാത്രിയിലും വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
ജീവനക്കാര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയതാണ് കണക്ഷന് പുനഃസ്ഥാപിക്കാന്‍ തയ്യാറാകാത്തതിന് കാരണമെന്നും രാജീവ് ആരോപിക്കുന്നു. മക്കളും ചെറുമകളും ഭാര്യയും ഉള്‍പ്പെടെ 7 പേരടങ്ങുന്ന കുടുംബം ഇരുട്ടിലാണെന്നും രാജീവ് പറഞ്ഞു.
കണക്ഷന് നല്കണമെങ്കില് പരാതി പിന്‍വലിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ ആവശ്യപ്പെട്ടെന്നും കുടുംബം പരാതി ഉന്നയിക്കുന്നു.
വര്‍ക്കല അയിരൂരില്‍ വൈരാഗ്യം തീര്‍ക്കാന്‍ കറന്റ് കണക്ഷന് വിച്ഛേദിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നീക്കം. സംഭവത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് റിപ്പോര്‍ട്ട് തേടി.
പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ ഉടന്‍ കണക്ഷന് പുനഃസ്ഥാപിക്കാന്‍ നടപടിയെടുത്തെന്നും കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ലൈന്മാന്മാര് കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു




