സുവിശേഷകർക്ക് വേണ്ടി അഗ്നിനാവായി മാത്യു ശാമുവേൽ; വരണം എല്ലാവരും കൊച്ചിയിൽ

ഷാജി ആലുവിള

ക്രൈസ്തവചിന്തയുടെ ഈ വർഷത്തെ ‘വി എം മാത്യു പുരസ്ക്കാരം’ മാത്യു ശാമുവേൽ ഏറ്റുവാങ്ങും. നവംബർ 10 തിങ്കളാഴ്ച വൈകിട്ട് 5.30 നു എറണാകുളം ഠൗൺ ഹാളിൽ വെച്ചു നടക്കുന്ന സമ്മേളനത്തിൽ വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവാർഡ് ദാനം നിർവ്വഹിക്കും. രാഷ്ട്രീയ- സാമൂഹിക നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ മുഖ്യ പ്രഭാഷണം നടത്തും.

തെഹൽക വാരികയുടെ മാനേജിങ് എഡിറ്ററും സ്‌പെഷ്യൽ കറസ്പോണ്ടന്റും ആയിരുന്നു മാത്യു ശാമുവേൽ. ആയുധ ഇടപാടിലെ അഴിമതി വെളിച്ചത്തു കൊണ്ടുവന്ന “ഓപറേഷൻ വെസ്റ്റ് എൻഡ്” എന്ന പേരിൽ നടത്തിയ സ്റ്റിംഗ്ഗ് ഓപറേഷന് ഇദ്ദേഹമായിരുന്നു നേതൃത്വം വഹിച്ചത്.

അശരണർക്കും മർദ്ദിതർക്കും വേണ്ടി മുഖം നോക്കാതെ അവരുടെ ശബ്ദമായി നിലനിൽക്കുന്ന മനുഷ്യ സ്നേഹിയാണ് തെഹൽക്ക മാത്യു എന്നറിയപ്പെടുന്ന പത്തനാപുരം സ്വദേശിയായ മാത്യു ശാമുവേൽ. ഇപ്പോൾ അദ്ദേഹം കുടുംബമായി ന്യൂഡൽഹിയിൽ താമസിച്ചുകൊണ്ട് പത്ര പ്രവർത്തനം നടത്തുന്നു.
മാത്രമല്ല ഇന്ത്യയിൽ ഉടനീളം മതതീവ്ര വാദികൾ ക്രൈസ്തവർക്കെതിരെ നടത്തുന്ന പീഡനത്തിനെതിരെ ശക്തമായി പ്രതിക്ഷേധിക്കുകയും പോരാടുകയും ചെയ്യുന്നു. വടക്കേ ഇന്ത്യയിൽ പെന്തക്കോസ്തുസഭകൾക്കെതിരെ വർധിച്ചു വരുന്ന നരനായാട്ടിനും ക്രൂര മർദ്ദനത്തിനും ദൈവാലങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെയും അദ്ദേഹം നടത്തുന്ന പോരാട്ടം വളരെ വിലയേറിയതാണ്. ആ ശബ്ദം പെന്തക്കോസ്തു കാർക്ക് പിൻബലം തന്നെയാണ്. ക്രൈസ്തവ സമൂഹത്തിനു വേണ്ടി അദ്ദേഹത്തിന്റെ പ്രവർത്തന സംഭാവനകളെ മാനിച്ചാണ് ക്രൈസ്തവചിന്ത മാത്യു ശാമുവേലിനെ ആദരിക്കുന്നത്.
ഈ ആദരണീയ സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.