വനിതാ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ ഇന്ത്യ; അഭിമാനമായി പെണ്‍പട

 ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ ഇന്ത്യൻ ക്രിക്കറ്റ്. വനിതാ ഏകദിന ലോക കിരീടം സ്വന്തം മണ്ണില്‍ നിന്ന് ഉയർത്തി ഹർമൻപ്രീതും സംഘവും.

നവി മുംബൈയില്‍ നീലക്കടലായ കാണികള്‍ക്ക് മുൻപില്‍ വെച്ച്‌ ദക്ഷിണാഫ്രിക്കയെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ 52 റണ്‍സിന് ആണ് ഇന്ത്യ തോല്‍പ്പിച്ചത്. സെമി ഫൈനലിലെ ഇന്ത്യയുടെ ഹീറോ ആയ ജെമിമ 24 റണ്‍സിന് പുറത്തായി.

ഇന്ത്യക്ക് വനിതകള്‍ക്ക് മുൻപില്‍ ചരിത്രം തലതാഴ്ത്തുന്നതാണ് ഡി വൈ പാടില്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ഇനി വരുന്ന ഒരുപാട് തലമുറകള്‍ക്ക് പ്രചോദനമാവാൻ പോകുന്ന ജയം. 1983ല്‍ കപിലിന്റെ ചെകുത്താന്മാർ നേടി എടുത്തത് പോലൊരു ജയം! ചരിത്രത്തിലേക്ക് സുവർണ ലിപികളാല്‍ എഴുതിചേർക്കപ്പെട്ട ജയമാണ് രാജ്യത്തെ ത്രിസിപ്പിച്ചുകൊണ്ട് ഇന്ത്യൻ വനിതാ നേടിയെടുത്തിരിക്കുന്നത്. സന്തോഷം കൊണ്ട് ആർത്ത് വിളിച്ച്‌ കണ്ണീരടക്കാനാവാതെ മതിമറന്ന് ആഘോഷിക്കുകയാണ് ഹർമൻപ്രീത് സംഘത്തിനൊപ്പം രാജ്യവും.

2005ല്‍ ഇന്ത്യക്ക് നഷ്ടമായ കിരീടം. 2017ല്‍ മിതാലി രാജിന്റെ ഇന്ത്യ ഫൈനലില്‍ ഇംഗ്ലണ്ടിന് മുൻപിലാണ് വിജയ ലക്ഷ്യം എത്തിപ്പിടിക്കാനാവാതെ വീണു. പക്ഷേ 2025ല്‍ ഇന്ത്യൻ വനിതകള്‍ ആ കിരീടം മറ്റൊരു രാജ്യത്തിലേക്കും പോകുന്നില്ലെന്ന് ഉറപ്പാക്കി. ഹൃദയം കൊടുത്ത് പൊരുതി കഠിനാധ്വാനത്തിലൂടെ ഒടുവില്‍ അവർ ആ കിരീടത്തില്‍ മുത്തമിട്ടു. വനിതാ ഏകദിന ലോക കിരീടത്തില്‍ പുതിയ ചാംപ്യന്മാരുടെ മുത്തം.

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു ഇന്ത്യ. മഴയെ തുടർന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് ലഭിച്ചിരുന്നു എങ്കില്‍ ഞങ്ങളും ബോളിങ് ആയിരുന്നേനെ തിരഞ്ഞെടുക്കുക എന്ന് ഹർമൻപ്രീത് പറഞ്ഞിരുന്നു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നിട്ടും അതിന്റെ വെല്ലുവിളികളെ അതിജീവിച്ച്‌ നിശ്ചിത ഓവറില്‍ ഇന്ത്യ കണ്ടെത്തിയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ്. ചെയ്സ് ചെയ്ത് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 52 റണ്‍സിന് ഓള്‍ ഔട്ട്.

അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 58 റണ്‍സ് സ്കോർ ചെയ്യുകയും ചെയ്ത ദീപ്തി ശർമയാണ് കലാശപ്പോരിലെ താരം. പകരക്കാരിയായി ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിലേക്ക് എത്തി ഏറെ സമ്മർദം നിറഞ്ഞ ഘട്ടത്തില്‍ ഷഫാലി വർമയില്‍ നിന്ന് വന്ന ഇന്നിങ്സ് ക്രിക്കറ്റ് ലോകത്തിന് മറക്കാനാവില്ല. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ താളം തെറ്റിച്ച്‌ ഷഫാലി വീഴ്ത്തിയ രണ്ട് വിക്കറ്റ് കളിയുടെ ഗതി തിരിക്കുകയും ചെയ്തു. 78 പന്തില്‍ നിന്ന് 87 റണ്‍സ് ആണ് ഷഫാലി അടിച്ചെടുത്തത്.

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സെഞ്ചുറിയുമായി ടീമിനെ തങ്ങളുടെ കന്നി ലോക കിരീടത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റൊരു ദക്ഷിണാഫ്രിക്കൻ ബാറ്റർക്കും ക്യാപ്റ്റന് വേണ്ട പിന്തുണ നല്‍കാനായില്ല. ഓപ്പണർ തസ്മിൻ ബ്രിട്സിനെ അമൻജോത് റണ്‍ഔട്ട് ആക്കിയതും ദക്ഷിണാഫ്രിക്കയ്ക്ക് പ്രഹരമായിരുന്നു. ഇന്ത്യൻ വനിതകളുടെ കഠിനാധ്വാനത്തിനൊപ്പം ഭാഗ്യവും നിന്ന ദിവസമായി ഇത് മാറി.