പിതാവിനെ മതമാറ്റക്കാരനാക്കി; ക്രിക്കറ്റ് കളത്തിൽ വിലക്ക്, ഒടുവിൽ അതേ കളിക്കളത്തിൽ ക്രിസ്തുവിനെ ഉയർത്തി ജെമീമ

ഷാജി ആലുവിള

മതം മാറ്റക്കാരനാക്കി പിതാവിനെ ചിത്രീകരിച്ചു, ക്രിക്കറ്റ് ക്ലബില്‍ നിന്ന് പുറത്താക്കി, ഒടുവില്‍ പിതാവിനൊപ്പം യേശുക്രിസ്തുവിനേയും ചേര്‍ത്ത് പിടിച്ച്‌ ജെമീമ പൊട്ടിക്കരഞ്ഞു.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു വ്യാഴാഴ്ച നവി മുംബൈയിലെ ഡോ.ഡി.വൈ പാട്ടീല്‍ സ്പോട്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. വനിതാ ലോകകപ്പില്‍ പരാജയം എന്തെന്നറിയാത്ത കരുത്തരായ ഓസ്‌ട്രേലിയ ഉയർത്തിയ 338 എന്ന വിജയ ലക്ഷ്യം ഒൻപത് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. 134 പന്തില്‍ 14 ബൗണ്ടറികളോടെ 127 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.

എന്നാല്‍ മത്സര ശേഷമുള്ള ജെമീമയുടെ വാക്കുകള്‍ വളരെ പ്രശസ്തമാണ്. അത് എല്ലായിടവും ചർച്ചയായി. വിജയത്തിന് ശേഷം പിതാവിനെ കെട്ടിപ്പിടിച്ച്‌ ജെമീമ സന്തോഷംകൊണ്ട് പൊട്ടിക്കരയുമ്പോൾ ടൂർണമെന്റിലുടനീളമുണ്ടായ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും ജമീമ തുറന്ന് പറഞ്ഞു.

‘പ്രയാസകരമായ ഈ സമയങ്ങളില്‍ ക്രിസ്തുവിലുള്ള വിശ്വാസമാണ് എനിക്ക് കരുത്ത് നല്‍കിയത്. ചെളിപുരണ്ട ജഴ്സിയിൽ പല തവണ ക്രീസിൽ തലകുമ്പിട്ട് തളർന്നു നിൽക്കുന്ന ജമീമയെ കാണുന്നുണ്ടായിരുന്നു അവസാന ഓവറുകളിൽ. അവസാന മണിക്കൂറിൽ ശരീരം തീർത്തും തളർന്നുപോയെന്നും ഊർജം വീണ്ടെടുക്കാൻ ബൈബിൾ വചനം ഉരുവിട്ടുകൊണ്ടിരുന്നുവെന്നും ജമീമ മത്സരത്തിന് ശേഷം പറഞ്ഞു. ” യഹോവ നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ” (പുറപ്പാട്:14:14) അതായിരുന്നു ആ ബൈബിൾ വചനം.

മത്സരത്തിൻ്റെ അവസാന നിമിഷങ്ങളില്‍ ബൈബിളില്‍ നിന്നുള്ള ഈ വചനങ്ങള്‍ ആവർത്തിച്ച്‌ പറ‍ഞ്ഞു. തുടർന്ന് ജമീമ നിറ കണ്ണുകളോട് പറഞ്ഞു: “കളിക്കുമ്പോൾ ഞാനൊറ്റക്കായിരുന്നില്ല. യേശു എനിക്കൊപ്പമുണ്ടായിരുന്നു. അവിടുന്നാണ് എന്നിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ചത്. ഈ ടൂറിലുടനീളം ഞാൻ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി നല്ല അവസ്ഥയിലായിരുന്നില്ല, വളരെ ഉത്കണ്ഠയുണ്ടായി. ശാരീരികമായും മാനസികമായും തളർന്നുപോയപ്പോള്‍ മറ്റു സ്പോട്സ് താരങ്ങൾ നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി. പിതാവിനും പരിശീലകനും ദൈവത്തിനും നന്ദി” ഒരു പോരാളിയുടെ വസ്ത്രത്തിൽ വീണ ചോരത്തുള്ളി പോലെ ഇന്ത്യൻ ജനത അതിനെ എന്നും നെഞ്ചിൽ സൂക്ഷിക്കും.

കഴിഞ്ഞ വർഷമായിരുന്നു ജെമീമയുടെ മുംബൈ ജിംഖാന ക്ലബ് അംഗത്വം റദ്ദാക്കിയത്. ജെമീമയുടെ പിതാവ് ഇവാൻ റോഡ്രിഗസ് മതപരമായ പ്രവർത്തനങ്ങള്‍ക്ക് വേണ്ടി ക്ലബ്ബിനെ ഉപയോഗിച്ചു എന്ന് ക്ലബ്ബ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു നടപടി. ക്ലബ്ബിൻ്റെ ഭരണഘടന മതപരമായ പ്രവർത്തനങ്ങള്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇവാൻ മതപരമായ പരിപാടികള്‍ നടത്താൻ ക്ലബ്ബ് പരിസരം ഉപയോഗിക്കുകയും ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ആരോപണം. 2023-ലാണ് ജെമീമയ്ക്ക് ഖാർ ജിംഖാന ക്ലബ്ബില്‍ മൂന്ന് വർഷത്തെ ഓണററി അംഗത്വം ലഭിച്ചത്.

ബ്രദർ മാനുവല്‍ മിനിസ്ട്രീസ് എന്ന സംഘടനയുമായി ബന്ധമുള്ള പാസ്റ്റർ ഇവാൻ റോഡ്രിഗസ് ഒന്നര വർഷത്തിനിടെ ആത്മീയമായ പരിപാടികള്‍ക്കായി ക്ലബ്ബിൻ്റെ പ്രസിഡൻഷ്യല്‍ ഹാള്‍ ബുക്ക് ചെയ്തതായി കണ്ടെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. ഈ കാലയളവില്‍ ഏകദേശം മുപ്പത്തിയഞ്ച് സമ്മേളനങ്ങള്‍ ഈ ഹാളില്‍വച്ച്‌ നടന്നതായി പറയപ്പെടുന്നു. തുടർന്നാണ് 2024 ഒക്ടോബർ 20ന് നടന്ന പൊതുയോഗത്തില്‍ ക്ലബ്ബ് അംഗങ്ങള്‍ പ്രമേയം പാസാക്കി ജെമീമയുടെ അംഗത്വം റദ്ദാക്കിയത്. എന്നാല്‍ ക്ലബിന്റെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് ഇവാൻ വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത പുറത്തുവന്നതോടെ ജെമിമ റോഡ്രിഗസിനെതിരെ സമൂഹമാധ്യമങ്ങളിലും സംഘ്പരിവാർ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണവും ട്രോളിങുകളും നടത്തി. എന്നാല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഇന്നിംഗ്സിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ താരത്തെ പിന്തുണച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരന്തരം പരിഹസിക്കപ്പെടുകയും വിശ്വാസത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട് ജെമീമ. എന്നാല്‍ മുന്‍പ് ആക്ഷേപകരമായി ട്രോളിയവര്‍ സെഞ്ച്വറിയുടെ പേരില്‍ ജെമീമയെ വാനോളം പുകഴ്ത്തുന്നു.
സുവിശേഷത്തിൻ്റെ പേരിൽ, അവരുടെ ആദർശത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരിൽ ആക്രമിച്ച് ഒറ്റപ്പെടുത്തിയപ്പോൾ ആരും സ്വപ്നത്തിൽ പോലും കണ്ടില്ല ജമീമയിലുള്ള സ്പോട്സ് താരത്തെ.

മതംമറ്റമെന്ന പേരിൽ തൻ്റെ പിതാവിനെതിരെ ഉയർത്തി പിടിച്ച കള്ളക്കഥകൾ കളിക്കളത്തിൽ നിന്നും ജമീമയെ അകറ്റി നിർത്തി. പക്ഷെ കഴിഞ്ഞ ദിവസം കളിക്കളത്തിൽ ലോകം കണ്ടത് ഇന്ത്യയുടെ അഭിമാന പുത്രിയായ ജമീമ തൻ്റെ വിശ്വാസ പ്രമാണത്തെ വാനോളം പുകഴ്ത്തുന്നതാണ്. അതിനെ ആരും തടഞ്ഞില്ല, ട്രോളുകൾ ഇട്ടില്ല, ആരും മതപരിവർത്തനത്തിന് ഇരയായില്ല.

സമൂഹമേ ഒന്ന് ഓർക്കുക: ഏത് വ്യക്തിയിലും മറഞ്ഞു കിടക്കുന്ന ഒരു യഥാർത്ഥ മനുഷ്യനുണ്ട്. ആ ആത്മാവിനെ ഒന്നിൻ്റെ പേരിലും തകർക്കരുത്. ചിലപ്പോൾ നമ്മുടെ അഭിമനായി മാറുന്നത് ആരും അറിയില്ല. അത് അത്ഭുതം തന്നെയാണ്. നല്ലൊരു ഗായികയും പ്രാസംഗിക കൂടിയാണ് ജമീമ ഇവാൻ റോഡ്രിഗസ്.

*ഐ. പി. സി പിളരുമോ ?*