പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്
കൊച്ചു നാളിൽ വിമാനത്തിൻ്റെ പടം വരച്ച് നോക്കിയിരുന്ന സമയങ്ങൾ മുണ്ടക്കയം ജോണിച്ചൻ പാസ്റ്ററുടെ ഓർമ്മയിൽ ഓടിയെത്തി. വിമാനം മൂളിപ്പറക്കുന്ന ശബ്ദം കേട്ട് മുകളിലേക്കു നോക്കി ഓടിയതും, വീണതും മനസ്സിൽ മിന്നി മറഞ്ഞു. പണ്ടൊക്കെ ബസ്സിൽ ഇടിച്ചു കയറുന്നതും, വണ്ടിയുടെ പുറകിൽ തൂങ്ങിപ്പിടിച്ചു യാത്ര ചെയ്യുന്നതും, ബോംബെയ്ക്കുള്ള ട്രെയിനിൽ കുത്തിയിരുന്ന് യാത്ര ചെയ്യുന്നതും സർവ്വ സാധാരണമായിരുന്നു.
കാലം മാറി, ഇപ്പോൾ ഓർമ്മയിൽ ബസ്സിൽ കയറിയ കാലം മറന്നു, എന്നും വിമാനത്തിൽ അല്ലയോ പറക്കുന്നത്. പണ്ടുകാലങ്ങളിൽ ഒരു കൊച്ചു ജീപ്പിൽ കുത്തിനിറച്ച് ആളുകളുമായി വിയർത്തൊലിച്ച് മാസയോഗത്തിന് പോകുന്നതും, തഴപ്പായ് വിരിച്ച് ഹാളിൽ രാത്രി കിടന്നുറങ്ങുന്നതും എത്ര സന്തോഷമായിരുന്നു. അങ്ങനെ യാത്ര ചെയ്തത് സമയങ്ങൾ അനവധി ആയിരുന്നു. എന്നാൽ ഇപ്പോൾ ഒറ്റയ്ക്ക് എയർകണ്ടീഷൻ കാറിൽ ചാരി കിടന്നു പശ്ചാത്യസംഗീതം ഒക്കെ കെട്ടു കൊണ്ടാണ് പലപ്പോഴും യാത്ര. എല്ലാം ദൈവാനുഗ്രഹം എന്നല്ലാതെ എന്തു പറയാൻ.
വേലയ്ക്കിറങ്ങിയ നാളുകളിൽ പട്ടിണിയും, ദാരിദ്ര്യവും അനുഭവിച്ചു. കട്ടൻകാപ്പിയും, കപ്പ പുഴുങ്ങിയതും കഴിക്കുവാൻ കൊതിച്ചിട്ടുണ്ട്. അന്ന് ഹൃദയത്തിൻ്റെ താൽപര്യം മറ്റൊന്നുമായിരുന്നില്ല, ജീവിക്കുന്നുവെങ്കിൽ ക്രിസ്തുവിനു വേണ്ടി, മരിക്കുന്നുവെങ്കിൽ യേശുവിനു വേണ്ടി. ആ തീരുമാനത്തിലും, പ്രതിഷ്ഠയിലും അന്നുള്ള നാളുകൾ ഇടറാതെ ഉറച്ചുനിന്നു. കുടുംബക്കാരും, നാട്ടുകാരും പലവട്ടം വിധിയെഴുതി തള്ളിപ്പറഞ്ഞു, പുറത്താക്കി. എങ്കിലും തമ്പുരാൻ കരുണ കാണിച്ചു, വന്ന വഴികൾ, പിന്നിട്ട പാതകൾ, ഇടയ്ക്കൊക്കെ മനസ്സിൽ ഒളിച്ചും പാത്തും കടന്നു വരാറുണ്ട്. എല്ലാം ഇപ്പോൾ ഒരു സ്വപ്നം പോലെ.
കത്തുന്ന ഹൃദയം, കത്തുന്ന മനസ്സ് ഇത് കൈമുതൽ ആയിരുന്നു ഇന്നലെയുടെ ദിനങ്ങളിൽ. ഹൃദയത്തിൻ്റെ തുടിപ്പ് ദൈവരാജ്യം ആയിരുന്നു. വീടുകൾ കയറിയിറങ്ങി, തെരുവുകളിൽ ഒറ്റയ്ക്ക് നിന്ന് സുവിശേഷം പറഞ്ഞിരുന്നു. ബഹുദൂരം കാൽനടയായി നടന്നിരുന്നു. ഇതെല്ലാം ചരിത്രത്തിൻ്റെ താളുകളിൽ മാത്രം. കാളവണ്ടിയിലും, ഓട്ടോറിക്ഷയിലും അനവധി തവണ സഞ്ചരിച്ചിട്ടുണ്ട്. പള്ളിമുക്ക് കവലയിലെ കാപ്പി കടയിൽ നിന്ന് വല്ലപ്പോഴും കട്ടൻകാപ്പിയും, ബോണ്ടയും കഴിച്ചത് എങ്ങനെ മറക്കുവാൻ കഴിയും. നാളുകൾ പിന്നിട്ടപ്പോൾ ആരുടെയൊക്കെയോ പ്രാർത്ഥനയുടെ ഫലമായി തമ്പുരാൻ മക്കളെയെല്ലാം വിദേശത്ത് രണ്ടു, മൂന്ന് രാജ്യങ്ങളിലായി എത്തിച്ചു.
ഓലപ്പുരയുടെ സ്ഥാനത്ത്, കൊട്ടാരതുല്യമായ വീട്, എയർകണ്ടീഷൻ ചെയ്ത മുറികൾ, മനോഹരമായ മട്ടുപ്പാവ്, പൂന്തോട്ടം നനക്കുവാനും, കാറ് കഴുകുവാനും,വേലക്കാര്, ആധുനികതയുടെ പരിവേഷതയുള്ള കാറുകൾ മൂന്നെണ്ണം ഗരാജിൽ കിടക്കുന്നു. ഓർക്കുമ്പോൾ സന്തോഷം, എങ്കിലും ഹൃദയത്തിൻ്റെ ഉള്ളിൽ ഒരു കത്തലും, കുത്തലും ഉണ്ട്. പണ്ട് കത്തിയിരുന്ന ഹൃദയം ഇപ്പോൾ കുത്തുകൊണ്ട് വേദനിക്കുകയാണ്. സുവിശേഷത്തിനു വേണ്ടി ഓടി ആത്മാക്കളെ കുറിച്ച് ദാഹിച്ചു. ഇന്നത്തെ മിക്കവാറും ഓട്ടം മുഴുവൻ എയർപോർട്ട് വഴിയാണ്. ഒരു ഗെയ്റ്റിൽ നിന്ന് വേറൊരു ഗേറ്റിലേക്ക്, ഒരു രാജ്യത്ത് നിന്ന്, വേറൊരു രാജ്യത്തിലേക്ക് .
ഷുഗർ അല്പം കൂടി, പിന്നെ കൊളസ്ട്രോൾ കൂടുതലാണ് ഇപ്രാവശ്യം ഡോക്ടർ പറഞ്ഞിരുന്നു സൂക്ഷിക്കണമെന്ന്. ഇന്നലെയുടെ നാളുകളിൽ കൊളസ്ട്രോളും, കുടവയറും ഒന്നുമില്ലായിരുന്നു, ഷുഗർ എന്ന് കേട്ടിട്ടുമില്ല, വയറു കത്തിയപ്പോഴും, ഹൃദയം ചൂടുപിടിച്ചിരുന്നു, ആത്മാക്കളെ ഓർത്ത്.
കട്ടൻകാപ്പി കുടിച്ച കാലത്തുള്ള മനസ്സിൻ്റെ സന്തോഷം ജോണിച്ചൻ പാസ്റ്റർക്ക് ഇപ്പോൾ കിട്ടുന്നില്ല. ട്രാൻസ്പോർട്ട് ബസ്സിനുവേണ്ടി മണിക്കൂറുകൾ നിന്നപ്പോൾ ഹൃദയത്തിന് സമാധാനം ഉണ്ടായിരുന്നു. എന്നാൽ എയർപോർട്ടുകൾ മാറി, മാറി കുത്തിയിരിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത ഭയങ്കരമാണ്.
ഒത്തിരി, ഒത്തിരി പ്രോജക്ടുകളും, പദ്ധതികളും എഴുതിവെച്ചിട്ടുണ്ട്. ഇൻറർനെറ്റിൽ നിന്നെടുത്ത കുറെ പടങ്ങളും കയ്യിൽ കരുതിയിട്ടുണ്ട്. ഒന്നും ഇതുവരെ പൂർത്തീകരിക്കുവാൻ ഈ നാളുകളിൽ കഴിയുന്നില്ല. പണം പലരിൽ നിന്നും പിരിച്ചെങ്കിലും വീട്ടിലെ കടമൊക്കെ വീട്ടി, പിന്നെ പിള്ളാർക്ക് പുതിയ വണ്ടിയും, വീടും മേടിച്ചു.
വേലയ്ക്കൊന്നും കാര്യമായി ചെലവഴിക്കുവാൻ സാധിച്ചില്ല. ജോണിച്ചൻ പാസ്റ്റർ പലതും കൈനീട്ടി മേടിച്ചിട്ട് മാത്രമേയുള്ളൂ, ഒന്നും കാര്യമായി കൊടുത്തിട്ടില്ല, ആരെയും അധികം സഹായിച്ചിട്ടുമില്ല. ഇന്നലെയുടെ ദിനങ്ങളിൽ വചനഘോഷണം ഒരു പ്രധാന തൊഴിലായിരുന്നു, ഇന്ന് മിക്കവാറും ഫോണിലും, ഇൻറർനെറ്റിലും ആണ്. ഇതൊക്കെ ഓർത്ത് ഇടയ്ക്കിടെ വീർപ്പുമുട്ടലുകളും, മാനസികമായ അസ്വസ്ഥതകളും ഒക്കെ കടന്നു വരാറുണ്ട്, ചെറിയ വിഷമവും കടന്നു പിടിക്കാറുണ്ട്. എന്നാൽ കഴിവതും ഈ നാളുകളിൽ അതൊക്കെ ഓർക്കാതിരിക്കുവാൻ ശ്രമിക്കാറുണ്ട്. വെറുതെ എന്തിന് പ്രഷർ കൂട്ടുന്നു.
നാൽപ്പതിൽപരം വർഷമായി ഭാര്യ ശോശയും ആയുള്ള കുടുംബജീവിതം ആരംഭിച്ചിട്ട്. അവളും ഒത്തിരി സഹിച്ചിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്. എങ്കിലും ഒരു പരാതിയും ഇതുവരെ പറഞ്ഞിട്ടില്ല. ഇടയ്ക്കിടയ്ക്ക് എന്നോട് പറയും അച്ചായ നമ്മുടെ അയലത്തെ വീട്ടുകാർക്ക് വീടിനു മതിലില്ലാ, വണ്ടിയില്ല, പാസ്പോർട്ട് ഇല്ല, പക്ഷേ അവരുടെ വീട്ടിൽ ഭയങ്കര സന്തോഷമാണ്. എല്ലാ ദിവസവും രാവിലെയും, വൈകിട്ടും ഉള്ള അവരുടെ പ്രാർത്ഥനയും, പാട്ടും നമ്മൾ ഒന്ന് കേൾക്കേണ്ടതാണ്.
പലപ്പോഴും അവർ പട്ടിണിയാണെന്ന് കേൾക്കാറുണ്ട്. പരിഭവം ഒന്നും പറഞ്ഞ് ഇതുവരെയും കേട്ടിട്ടില്ല. ഞായറാഴ്ച രാവിലെ നമ്മൾ വണ്ടിയിൽ പോകുമ്പോൾ അവരുടെ യോഗത്തിനുള്ള നടന്നു പോക്ക് എത്ര ഉത്സാഹത്തോടെയാണ് .
അവരുടെ
മുഖത്തുള്ള സന്തോഷവും, പ്രത്യാശയും ഒന്ന് കാണേണ്ടതാണ്. കഞ്ഞി കുടിക്കുവാൻ ഇല്ലെങ്കിലും ആളിക്കത്തുന്ന ഹൃദയം അവർക്ക് ഉണ്ട്. നമ്മുടെ പ്രാർത്ഥനയൊക്കെ പോയില്ലേ, എല്ലാം ഓർക്കുമ്പോൾ ഹൃദയത്തിന് ഒരു വേദന ഉണ്ട്. എന്നാലും ഞാൻ ആശ്വസിക്കും. ഇത് എല്ലാം ദൈവാനുഗ്രഹമല്ലയോ.
ഇതൊക്കെ ചിന്തിച്ചിരിക്കുമ്പോൾ അകത്തുനിന്ന് ഭാര്യ ശോശ വിളിച്ചു. പ്രഭാത ഭക്ഷണം റെഡിയാണ്. വിശപ്പൊന്നും കാര്യമായി തോന്നിയില്ലെങ്കിലും, രാവിലെ രണ്ട് ഗ്ലാസ് ഓറഞ്ച് ജ്യൂസും, നാടൻ താറാവ് കറിയും, ചപ്പാത്തിയും പിന്നെ കുറേ ഗുളികകളും വാരി കഴിച്ചു. പെട്ടെന്ന് മുൻപിൽ ഒരു ചോദ്യം കടന്നു വന്നു. ഞാൻ കാര്യം തീർക്കുന്ന നാളിൽ നിൻ്റെ കരങ്ങൾ ബലപ്പെട്ടിരിക്കുമോ? ഈ ചോദ്യത്തിന് മുമ്പിൽ ജോണിച്ചൻ പാസ്റ്റർ പകച്ചു പോയി. വീണ്ടും കാതുകളിൽ ഒരു ശബ്ദം മുഴങ്ങി, ഇതാ ഞാൻ വേഗം വരുന്നു. ഓരോരുത്തന് അവനവൻ്റെ പ്രവർത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എൻ്റെ പക്കൽ ഉണ്ട്.
ഇതൊക്കെ കേട്ട് കഴിഞ്ഞപ്പോൾ പ്രഭാത ഭക്ഷണം കഴിച്ചിട്ടും, ശരീരം ബലഹീനമായോ എന്നൊരു തോന്നൽ? പെട്ടെന്ന് അടുത്തുള്ള പുതുപുത്തൻ വില കൂടിയ സോഫയിലേക്ക് ചാഞ്ഞിരുന്നു. ആരോടെന്നില്ലാതെ, ഇങ്ങനെ പറഞ്ഞു ദൈവമേ നീ എല്ലാം അറിയുന്നു!




