സുഡാനിലെ ആഭ്യന്തരയുദ്ധം രൂക്ഷമാകുന്നതിനിടെ, രാജ്യത്തിന്റെ പടിഞ്ഞാറൻ ഡാർഫർ മേഖലയിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നടത്തിയ ആക്രമണങ്ങൾ വലിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴിവെച്ചു. മുൻപ് സുഡാൻ സർക്കാരിന്റെ ഭാഗമായിരുന്ന അർദ്ധസൈനിക വിഭാഗമാണ് ആർഎസ്എഫ്. ഡാർഫർ മേഖലയിൽ സുഡാൻ സൈന്യത്തിന്റെ അവസാനത്തെ പ്രധാന ശക്തികേന്ദ്രമായിരുന്ന എൽ ഫാഷർ നഗരം പതിനെട്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസം ആർഎസ്എഫ് പിടിച്ചെടുത്തതോടെയാണ് കൂട്ടക്കൊലകൾ അരങ്ങേറിയത്. നഗരം പിടിച്ചടക്കിയതിന് പിന്നാലെ 2000ത്തിലധികം സാധാരണക്കാരെയാണ് ആർഎസ്എഫ് കൊന്നൊടുക്കിയത്.
ആക്രമണങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന് എൽ ഫാഷറിലെ ആശുപത്രികളായിരുന്നു. സൗദി ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവരെ ആർഎസ്എഫ് കൊന്നൊടുക്കിയതായി സുഡാൻ ഡോക്ടേഴ്സ് നെറ്റ്‌വർക്ക് (എസ്ഡിഎൻ) അറിയിച്ചു. എൽ ഫാഷറിലെ പ്രധാന ആശുപത്രിയിൽ 460 സാധാരണക്കാർക്ക് ജീവൻ നഷ്ടമായതായും റിപ്പോർട്ടുണ്ട്. നഗരത്തിലെ ആശുപത്രി സംവിധാനങ്ങൾ മനുഷ്യരെ കശാപ്പ് ചെയ്യുന്ന ഇടങ്ങളായി മാറിയെന്ന് എസ്ഡിഎൻ കൂട്ടിച്ചേർത്തു. ഈ ക്രൂരതയെ ലോകാരോഗ്യസംഘടന (WHO) അപലപിക്കുകയും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നാല് ഡോക്ടർമാർ ഉൾപ്പെടെ ആറ് ആരോഗ്യപ്രവർത്തകരെ ആർഎസ്എഫ് തട്ടിക്കൊണ്ടുപോയതായും, ഇവരെ വിട്ടയക്കാൻ ഒന്നരലക്ഷം ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടതായും വിവരങ്ങളുണ്ട്.
സുഡാനി സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് ഹൃദയഭേദകമാണ്. 2023ലാണ് സുഡാനില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. അവിടുന്നിങ്ങോട്ട് സുഡാന് ദുർവിധിയാണ്. സുഡാനീസ് സായുധ സേന (എസ്‌എഎഫ്)യും ആർഎസ്‌എഫും തമ്മില്‍ ആരംഭിച്ച അധികാര പോരാട്ടം സുഡാനി ജനതയുടെ ജീവിതം വഴിമുട്ടിച്ചു. വംശീയ അതിക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും രാജ്യം സാക്ഷിയായി.
പടിഞ്ഞാറൻ സുഡാനിലെ എല്‍ ഫാഷറില്‍ അടുത്തിടെയും ആർഎസ്‌എഫ് കൂട്ടക്കൊല നടത്തിയിരുന്നു. നിരായുധരായ സാധാരണക്കാർക്ക് നേരെ ഉണ്ടായ വംശഹത്യ എന്നാണ് സുഡാനിലെ മാനുഷിക സഹായ ഡെപ്യൂട്ടി കമ്മിഷണർ മോണ നൂർ അൽ-ദേം ഈ സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞത്. അറബ് ഇതര ജനതയെ ലക്ഷ്യം വച്ചാണ് ഈ വംശഹത്യകളത്രയും എന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെത്തിയ ആർഎസ്‌എഫ്, രോഗികളെ വധിച്ചു, പരിക്കേറ്റവരെയും ക്രൂരമായി കൊലപ്പെടുത്തി. ജീവനും കൊണ്ട് പലായനം ചെയ്‌ത മനുഷ്യരെ വേട്ടയാടി. നിരവധി പേരെ ലൈംഗിക അതിക്രമത്തിന് ഇരകളാക്കി, സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌ത വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ എൽ ഫാഷറിൽ ആർഎസ്‌എഫ് നടത്തിയ ആക്രമണത്തിൽ ഏകദേശം 1,500 പേർക്കാണ് ജീവൻ നഷ്‌ടമായത് എന്ന് സന്നദ്ധ സംഘടനയായ സുഡാൻ ഡോക്ടേഴ്സ് നെറ്റ്‌വർക്ക് വ്യക്തമാക്കുന്നു. 2024 മെയ് മാസത്തിൽ ആർഎസ്‌എഫ് ഉപരോധം ആരംഭിച്ചതിനുശേഷം നഗരത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 14,000ത്തിലധികം ജനങ്ങളാണ്. കടുത്ത മാനുഷിക പ്രതിസന്ധിയിലാണ് സുഡാൻ. ആശുപത്രികളും മാർക്കറ്റുകളും ക്യാമ്പുകളും ഉള്‍പ്പെടെ ആളുകള്‍ തിങ്ങുന്നിടത്തെല്ലാം ഷെല്ലാക്രമണം. പട്ടിണി വേറെയും.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കുറഞ്ഞത് 26,000 പേരെങ്കിലും നഗരം വിട്ട് 70 കിലോമീറ്റർ പടിഞ്ഞാറുള്ള തവിലയിലേക്ക് പലായനം ചെയ്തതായി യുഎൻ അറിയിച്ചു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കനുസരിച്ച് എൽ-ഫാഷറിൽ ഏകദേശം 1,77,000 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ്. കഴിഞ്ഞ 18 മാസമായി എൽ-ഫാഷറിലേക്കുള്ള ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും പ്രവേശനം വിമത സംഘം തടഞ്ഞിരിക്കുകയാണ്.




