കര്‍ണൂലില്‍ ബസിന് തീ പിടിച്ച്‌ 20 പേര്‍ വെന്ത് മരിച്ച സംഭവം; അപകടം തീവ്രമാക്കിയത് ബസിലുണ്ടായിരുന്ന 234 സ്മാര്‍ട്ട്‌ഫോണുകള്‍

ഹൈദരാബാദ്: വെള്ളിയാഴ്ച പുലർച്ചെ ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ ബസ് തീപിടിത്തത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

20 പേരുടെ ജീവൻ അപഹരിച്ച സംഭവത്തില്‍ ബസിലുണ്ടായിരുന്ന 234 സ്മാർട്ട്‌ഫോണുകള്‍, തീപിടുത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിരിക്കാമെന്ന് റിപ്പോർട്ട്. അപകടസമയത്ത് ഈ ഫോണുകളുടെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചതാണ് തീയുടെ തീവ്രതക്ക് കാരണമായതെന്ന് ഫോറൻസിക് വിദഗ്ധർ ചൂണ്ടികാണിക്കുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി മംഗനാഥ് പാഴ്‌സലായി അയച്ച 46 ലക്ഷം രൂപ വിലമതിക്കുന്ന 234 റിയല്‍മി സ്മാർട്ട്‌ഫോണുകളാണ് ബസിലുണ്ടായിരുന്നത്. മംഗനാഥില്‍ നിന്നാണ് ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. ഫോണുകള്‍ക്ക് തീപിടിക്കുന്നതിനിടയില്‍ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സ്മാർട്ട്‌ഫോണുകള്‍ പൊട്ടിത്തെറിച്ചതിന് പുറമേ ബസിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിനായി ഉപയോഗിക്കുന്ന ഇലക്‌ട്രിക്കല്‍ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറല്‍ പി വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി. ചൂട് വളരെ കഠിനമായിരുന്നതിനാല്‍ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകള്‍ ഉരുകിപ്പോയി എന്നും വെങ്കിട്ടരാമൻ പറഞ്ഞു.

ഇന്ധന ചോർച്ച മൂലമാണ് മുൻവശത്ത് തീ പടർന്നതെന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ബൈക്കുമായി ഉണ്ടായ ആക്‌സിഡന്റിനെ തുടർന്ന് ബസിനടിയില്‍ കുടുങ്ങിയ ബൈക്കിലെ പെട്രോള്‍ ടാങ്കില്‍ നിന്ന് തീയുണ്ടാവുകയും അത് മുഴുവൻ വാഹനത്തിലേക്ക് മുഴുവൻ പടരുകയും ചെയ്തതായാണ് വിലയിരുത്തല്‍.

ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസ് ഇരുചക്രവാഹനത്തില്‍ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇരുചക്രവാഹനം ബസിനു അടിയില്‍ കുടുങ്ങിയതോടെ റോഡില്‍ ഉരഞ്ഞ് തീപടരുകയായിരുന്നു എന്ന്ക ർണൂല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചിച്ചു.