തിരുവനന്തപുരം : മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച് കേരള സർക്കാർ. നിലവിലുള്ള ചുമതലകൾക്ക് പുറമേ, ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം ഇനി മുതൽ വാസുകി വഹിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജൂലൈ 15 ന് സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല സെക്രട്ടറി (ലേബർ ആൻഡ് സ്കിൽസ്) കെ വാസുകി വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു.
കെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയാക്കിയ സർക്കാർ തീരുമാനം വിവാദമാകുന്നു. വിദേശരാജ്യങ്ങളുമായും എംബസികളുമായുള്ള ഇടപെടലുകൾ കേന്ദ്ര വിദേശകാര്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ളതാണ്. സംസ്ഥാനത്തിന് ഒരു അധികാരവും ഇല്ലാത്ത കാര്യത്തിൽ ഐഎഎസ് ഓഫീസറെ സെക്രട്ടറിയായി നിയമിച്ചത് കേന്ദ്രത്തിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റം എന്നാണ് ആരോപണം.
ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നു. കേന്ദ്രത്തിന്റെ അധികാരത്തിനുമേൽ കടന്നുകയറുമെന്നുള്ള സൂചനയാണ് സംസ്ഥാന നീക്കം എന്നാണ് വിമർശനം. തീരുമാനം ഉടൻ റദ്ദാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നേരത്തെ തന്നെ യുഎഇ കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തുകയും വിദേശത്ത് പോയി ഫണ്ട് പിരിവ് നടത്തുകയും ചെയ്തതിന് ആരോപണവിധേയനായ വ്യക്തിയാണ് കേരള മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്പീക്കറുടേയും പ്രോട്ടോകോൾ ലംഘനങ്ങൾ വലിയ വിവാദവുമായതാണ്. കിഫ്ബിയുടെ മറവിൽ എഫ്സിആർഎ നിയമം ലംഘിച്ച് പണമിടപാട് നടത്തിയതിന് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഇഡി അന്വേഷണം നേരിടുകയുമാണ്. ഈ സർക്കാരുമായി ബന്ധപ്പെട്ട് നടന്ന ഡോളർക്കടത്തും കറൻസിക്കടത്തുമെല്ലാം അന്വേഷണപരിധിയിലാണ്. വടക്കാഞ്ചേരി ലൈഫ്മിഷൻ തട്ടിപ്പും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. പിണറായി വിജയന് ഗൾഫ് രാജ്യങ്ങളിലുള്ള സാമ്പത്തികബന്ധത്തിന് കുടപിടിക്കാനാണോ വിദേശകാര്യ സെക്രട്ടറി നിയമനം എന്ന് അറിയേണ്ടതുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാർ ഫെഡറൽതത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇങ്ങനെപോയാൽ സ്വന്തമായി കോൺസുലേറ്റും വിദേശകാര്യമന്ത്രിയുമെല്ലാം വേണമെന്ന് പിണറായി വിജയന് തോന്നും. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കുന്ന വിദേശകാര്യ സെക്രട്ടറി നിയമനം ഉടൻ റദ്ദാക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.




