ഏദൻ: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി ഗ്രൂപ്പിന്റെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളായ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
അല്‍ ഗമാരി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. ഭാവിയില്‍ ഉണ്ടാകുന്ന ഏത് ഭീഷണിക്കെതിരെയും ഞങ്ങള്‍ ഇതേ രീതിയില്‍ പ്രതികരിക്കുമെന്നും കാറ്റ്‌സ് കൂട്ടിച്ചേർത്തു.
തന്റെ കടമകള്‍ നിർവഹിക്കുന്നതിനിടെ ഗമാരി കൊല്ലപ്പെട്ടതായി ഹൂത്തികള്‍ സ്ഥിരീകരിച്ചു. അല്‍-ഗമാരിയുടെ മരണത്തിന് ഇസ്രയേല്ലിനെ നേരിട്ട് കുറ്റപ്പെടുത്താതെ, ഇസ്രയേലുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അവർ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് തക്ക ശിക്ഷ ഇസ്രയേലിന് ലഭിക്കുമെന്നും” ഹൂത്തികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഹൂത്തി സൈനിക നടപടികള്‍ നിരീക്ഷിക്കുന്നതിന് ഉത്തരവാദിയായ അബ്ദുല്‍ മാലിക് അല്‍-ഹൂത്തിയുടെ നേതൃത്വത്തിലുള്ള ‘ജിഹാദ് ഓഫീസ്’ അംഗമായിരുന്നു അല്‍-ഗമാരി.
ഓഗസ്റ്റ് മാസത്തില്‍ യെമനിലെ സനായില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹൂത്തി നിയന്ത്രിത സർക്കാരിലെ പ്രധാനമന്ത്രിയും മറ്റ് നിരവധി മുതിർന്ന മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഫലസ്തീനികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂത്തികള്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്തിരുന്നു. ഇതില്‍ മിക്കതും തടഞ്ഞിരുന്നു. ഇതിന് മറുപടിയായി ഇസ്രയേല്‍ ഹൂത്തി നിയന്ത്രിത യെമൻ മേഖലകളില്‍ ആക്രമണം നടത്തി.
ഗസ്സ വെടിനിർത്തല്‍ കരാർ ഇസ്രയേല്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും പരാജയപ്പെട്ടാല്‍ ഗസ്സക്ക് നല്‍കുന്ന പിന്തുണ പുനരാരംഭിക്കുമെന്നും ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍-ഹൂത്തി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.



